Sorry, you need to enable JavaScript to visit this website.

മൂന്നു വര്‍ഷം മുമ്പ് മുങ്ങിയ ഗോര്‍ഖ നേതാവ് ബിമല്‍ ഗുരുങ് കൊല്‍ക്കത്തയില്‍ പൊങ്ങി; ബിജെപി കൂട്ട് വിട്ടെന്ന് പ്രഖ്യാപനം

കൊല്‍ക്കത്ത- ഗോര്‍ഖലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യവുമായി പോരട്ടം നടത്തുന്ന ഗോര്‍ഖ പ്രസ്ഥാനത്തിന്റെ നേതാവ് ബിമല്‍ ഗുരുങ് മൂന്നു വര്‍ഷത്തെ ഒളിവു ജീവിതത്തിനു ശേഷം ഇന്ന് അപ്രതീക്ഷിതമായി കൊല്‍ക്കത്തയില്‍ പ്രത്യക്ഷപ്പെട്ടു. പുതിയ രാഷ്ട്രീയ നിലപാട് പ്രഖ്യാപനവുമായി ഗുരുങ് കൊല്‍ത്തയില്‍ വാര്‍ത്താസമ്മേളനം നടത്തി. ബിജെപി കൂട്ട് ഉപേക്ഷിച്ച് ഇനി തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് പ്രഖ്യാപനം. 'എനിക്ക് മുഖ്യമന്ത്രി മമത ബാനര്‍ജിയെ വീണ്ടും കാണണം. 2021ലെ തെരഞ്ഞെടുപ്പില്‍ വടക്കന്‍ ബംഗാളിലെ മുഴുവന്‍ സീറ്റുകളും നേടാന്‍ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ചെയ്യും,' അദ്ദേഹം പറഞ്ഞു. മൂന്ന് വര്‍ഷമായി ഞാന്‍ ദല്‍ഹിയില്‍ ആയിരുന്നു. അവിടെ ബിജെപിയുമായി ബന്ധപ്പെട്ടു. അവര്‍ ഞങ്ങള്‍ക്കു നല്‍കിയ ഒരു വാഗ്ദാനവും പാലിച്ചിട്ടില്ല. മമത ബാനര്‍ജി എല്ലായ്‌പ്പോഴും വാക്കു പാലിച്ചിട്ടുണ്ട്. അതുകൊണ്ട് 2021ല്‍ അവര്‍ക്കൊപ്പം ചേരാനാണ് ആഗ്രഹം- അദ്ദേഹം പറഞ്ഞു. 2017ലെ വാക്ക്‌പോരിനിടെ ഗുരുങ് മമതയെ ക്ഷുദ്ര എന്ന് വിളിച്ചിരുന്നു.

ഗോര്‍ഖലാന്‍ഡിനു വേണ്ടിയുള്ള ഞങ്ങളുടെ ആവശ്യത്തില്‍ മാറ്റമില്ല. ഈ രാഷ്ട്രീയ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നവര്‍ക്കായിരിക്കും 2024ലെ തെരഞ്ഞെടുപ്പില്‍ ഞങ്ങളുടെ പിന്തുണ- അദ്ദേഹം വ്യക്തമാക്കി.

ഗോര്‍ഖലാന്‍ഡ് പ്രസ്ഥാനത്തെ നയിക്കുന്ന ഗോര്‍ഖ ജനമുക്തി മോര്‍ച്ച നേതാവാണ് ബിമല്‍ ഗുരുങ്. 2017ല്‍ ഗോര്‍ഖ പ്രവത്തകര്‍ ഒരു പോാലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെ്ട്ടതിനു പിന്നാലെയാണ് ബിമല്‍ ഗുരുങ് ഒളിവില്‍ പോയത്. ഭീകരവിരുദ്ധ നിയമമായ യുഎപിഎ അടക്കം പല കേസുകളില്‍ നിരവധി കുറ്റങ്ങള്‍ ചുമത്തപ്പെട്ടയാളാണ് അദ്ദേഹം. ഗുരുങിനെതിരെ ബംഗാള്‍ പോലീസിന്റെ ലുക്കൗട്ട് നോട്ടീസും നിലവിലുണ്ട്. 

2018ലാണ് ഗുരുങ് ദല്‍ഹിയില്‍ ഇതിനു മുമ്പ് പ്രത്യക്ഷപ്പെട്ടിരുന്നത്. ഗോര്‍ഖലാന്‍ഡ് സംസ്ഥാനത്തിനുവേണ്ടി ബംഗാള്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് അന്നു പ്രഖ്യാപിച്ചിരുന്നു. ബിമല്‍ ഗുരുങിന്റെ തിരിച്ചുവരവ് ഗോര്‍ഖകളുടെ ശക്തി കേന്ദ്രമായ ഡാല്‍ജിലിങ്ങിലെ രാഷ്ട്രീയ മാറ്റങ്ങളിലേക്കുള്ള സൂചന ആയാണ് വിലയിരുത്തപ്പെടുന്നത്. പാര്‍ലമെന്റില്‍ ബിജെപി നേതാവ് രാജു ബിഷ്ടയാണ് ഡാല്‍ജിലിങിനെ പ്രതിനിധീകരിക്കുന്നത്. 

എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ മമത ബാനര്‍ജി പിന്തുണയ്ക്കുന്നത് ഗുരുങിന്റെ മുന്‍ സഹായിയും ഇപ്പോള്‍ എതിരാളിയുമായ ബിനോയ് തമാങിനേയാണ്. ഡാല്‍ജിലിങില്‍ വിഘടനവാദം ആളിക്കത്തിക്കുന്നത് ബിജെപിയാണെന്നാണ് വര്‍ഷങ്ങളായി തൃണമൂല്‍ ആരോപിക്കുന്നത്. 

Latest News