Sorry, you need to enable JavaScript to visit this website.

മൽബു / പുതുജീവൻ

രണ്ടാഴ്ച സമയം തന്നാൽ മതി. നിന്നെ ഞാൻ നല്ലൊരു സ്ഥലത്ത് കുടിയിരുത്തും. നാട്ടിൽനിന്ന് ചാടിവന്ന് നിരാശയിലേക്ക് കൂപ്പുകുത്തിയ ഹമീദിന് പുതുജീവൻ നൽകാനാണ് മൽബുവിന്റെ ശ്രമം. ഉറപ്പുണ്ടായിട്ടൊന്നുമല്ല. ചുമ്മാ പോസിറ്റീവ് എനർജി പ്രവഹിപ്പിക്കാനുള്ള വാക്കുകൾ. 
പുതിയ വിസയിലെത്തി രണ്ടാം പ്രവാസം തുടങ്ങിയപ്പോൾ ഹമീദ് നൽകിയ സപ്പോർട്ട് ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല. ഓരോ ഇന്റർവ്യൂ കഴിഞ്ഞു വരുമ്പോഴും അവന്റെ ഓരോ ആശ്ലേഷവും സമാധാനിപ്പിക്കലുമുണ്ട്. മൽബിയിൽനിന്നു പോലും ഇത്ര മേൽ ആശ്വാസം പകർന്നു കിട്ടിയിരുന്നില്ല. 
ഇക്കാര്യം പറഞ്ഞ് മൽബി കളിയാക്കാറുണ്ട്. 


നിങ്ങൾക്ക് അവിടെ ഹമീദ് ഉണ്ടല്ലോ.. സമാധാനത്തിനും ആശ്വാസത്തിനും. 
എടീ, ഇത് ഹമീദയല്ല, ഹമീദാണ്. മൽബു മറുപടി നൽകും. ഷാഹുൽ ഹമീദ്.
ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ രണ്ടാഴ്ച തങ്ങിയായിരുന്നു ഹമീദിന്റെ വരവ്. സാധാരണ ഗതിയിൽ വലിയ ബിസിനസുകാർക്ക് മാത്രം സാധ്യമാകുന്ന കാര്യം. 
ഒരു മാസത്തെയോ രണ്ടു മാസത്തെയോ ലീവിനു പോയി എണ്ണ തീർന്നു മടങ്ങുന്ന പ്രവാസിക്ക് ഒരിക്കലും ചിന്തിക്കാൻ പോലും സാധ്യമല്ല.
എത്ര ചെലവ് ചുരുക്കിയാലും അവധിക്കാലത്തിനു ശേഷം മടങ്ങാറാകുമ്പോൾ കൈയിൽ വിമാന ടിക്കറ്റ് മാത്രമേ കാണൂ. ട്രെയിൻ യാത്ര ഒഴിവാക്കി എയർപോർട്ട് വരെ ടാക്സി ഏർപ്പാക്കണമെങ്കിൽ കടം സുനിശ്ചിതം. 


വണ്ടിക്കൂലിക്കുള്ള കാശ് മാറ്റിവെക്കാത്തതുകൊണ്ടല്ല. ഒടുവിൽ അതും എടുത്തിട്ടുണ്ടാകും. മടങ്ങുന്നതിനു തലേന്നാൾ കൊച്ചിനൊരു പനി വന്നാൽ മതിയല്ലോ. ഓരോ പ്രവാസിക്കും മുന്നിൽ അങ്ങനെയെത്രയെത്ര നിർബന്ധിതാവസ്ഥകൾ. 
അസാധാരണ സാഹചര്യമാണ് ഹമീദിനെയും ദുബായ് വഴിയുള്ള യാത്രക്കാരനാക്കിയത്. 
ട്രാൻസിറ്റിൽ അവിടെ ഒരു ദിവസം തങ്ങിയതല്ല. ടൂറിസ്റ്റ് വിസയെടുത്ത് 14 ദിവസം. ഒടുവിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പോക്കറ്റിലിട്ടാണ് സൗദിയിലേക്ക് വിമാനം കയറിയത്. 
ദുബായിലേക്കും അവിടെനിന്ന് സൗദിയിലേക്കും വിമാനം കയറുന്നതുവരെ ഹമീദിന് സംശയത്തോട് സംശയമായിരുന്നു. ഒരു ലക്ഷം രൂപയാണ് കടം വാങ്ങി ട്രാവൽ ഏജൻസിയിൽ ഏൽപിക്കുന്നത്. തട്ടിപ്പാകുമോ.. പുറപ്പെടുന്നതു വരെ ഹമീദ് മൽബുവിനെ വിളിച്ച് ചോദിച്ചുകൊണ്ടേയിരുന്നു. 


നേരിട്ടുള്ള വിമാനം തുടങ്ങുന്നതു വരെ കുറുക്കുവഴി തന്നെ ശരണം. നിയമ വിരുദ്ധമായി ഒന്നുമില്ല. ഇന്ത്യയുടെ കോവിഡ് ഗ്രാഫ് താഴാതെ നേരിട്ട് വിമാനം പറക്കില്ലെന്നു മാത്രം. 
ഇപ്പോ സമാധാനായില്ലേ. എന്തൊരു വേവലാതിയായിരുന്നു: മൽബു ചോദിച്ചു
കൈയിലുള്ള പണമായിരുന്നില്ല. കടം വാങ്ങിയാണ് ഒരു ലക്ഷം എണ്ണിക്കൊടുത്തത്. ഇനി പണിയെടുത്തിട്ട് വേണ്ടേ അതു തീർക്കാൻ: ഹമീദിന്റെ മറുപടി.
എങ്ങനെ ഉണ്ടായിരുന്നു യാത്ര?
സൗദി വിമാനം കയറുന്നതു വരെ നെഞ്ചിടിപ്പ് തന്നെയായിരുന്നു. എപ്പോഴാണ് നിയമം മാറുന്നതെന്ന് അറിയില്ലല്ലോ.. പണം എണ്ണിക്കൊടുത്തതിനു പുറമെ, ഒരു ലക്ഷത്തിന്റെ ടെൻഷൻ കൂടി അടിച്ചൂന്നു പറയാം.


ശരിയാണ്, ഒട്ടേറെ ആശങ്കകളോടെയാണ് കോവിഡ് കാലത്തെ പ്രവാസികളുടെ യാത്ര. 
ഇടത്താവളത്തിലും പുതിയ നിബന്ധനകൾ വന്നതോടെ ആശങ്ക ഇപ്പോൾ ഇരട്ടിയാണ്. പുറപ്പെട്ടാലും ലക്ഷ്യത്തിലെത്തുമെന്ന കാര്യത്തിൽ ഉറപ്പില്ല. 
യു.എ.ഇ ടൂറിസ്റ്റ് വിസ നിബന്ധന കടുപ്പിച്ചതാണ് പുതിയ ആശങ്ക, അല്ലേ: ഹമീദ് പറഞ്ഞു. അതിൽ കുടുങ്ങാതെ ഇങ്ങെത്തിയത് ഭാഗ്യം തന്നെ. 
രണ്ടായിരം കൈയിൽ വേണം, മടക്കയാത്രക്കുള്ള യഥാർഥ ടിക്കറ്റ് വേണം എന്നൊക്കെ കേട്ടു. മൂവായിരം രൂപ വാങ്ങി എനിക്ക് മടക്ക ഡെമ്മി ടിക്കറ്റാണ് ട്രാവൽസുകാർ നൽകിയത്. 
തിരക്ക് പിടിച്ച് ഹമീദ് മടങ്ങാൻ ഒരുങ്ങിയപ്പോൾ മൽബു നിരുത്സാഹപ്പെടുത്തിയതാണ്. കുറച്ചുനാൾ കൂടി ഫാമിലിയോടൊപ്പം തങ്ങി ജനുവരിക്കു ശേഷം നേരിട്ടുള്ള വിമാനം തുടങ്ങിയിട്ട് വന്നാൽ മതിയെന്നൊക്കെ പറഞ്ഞിരുന്നു. 


തിരക്ക് പിടിച്ച് വരണ്ടാന്ന് ഞാൻ പറഞ്ഞതല്ലേ.. മൽബു പറഞ്ഞു:
നിന്റെ കമ്പനിയിലും ഇളക്കമുണ്ടെന്ന് കേട്ടിരുന്നു. അത് എന്തെങ്കിലുമൊന്നായി കൃത്യമായ വിവരം കിട്ടിയിട്ട് അറിയിക്കാമെന്നു കരുതിയാണ് തുറന്നു പറയാതിരുന്നത്. 
അതൊക്കെ അറിഞ്ഞുകൊണ്ടു തന്നെയാ ചാടിപ്പോന്നത്. 
നാട്ടീന്ന് കുറെ തവണ മാനേജറെ ഫോണിലും വാട്സാപ്പിലും ട്രൈ ചെയ്തിരുന്നു. മറുപടിയൊന്നും കിട്ടിയിരുന്നില്ല. 
പ്രതീക്ഷിച്ചതു പേലെ നിരാശ തന്നെയായിരുന്നു ഫലം. 
ഹമീദ് മാനേജറെ പോയി കണ്ടപ്പോൾ അദ്ദേഹം കൈമലർത്തി. പ്രോജക്ടുകളില്ല, ജോലിയില്ല. എത്രയും വേഗം ജോലി കണ്ടുപിടിച്ച് സ്പോൺസർഷിപ്പ് മാറണം. പാതി ജീവൻ നഷ്ടപ്പെട്ടതു പോലെയാണ് ഹമീദ് കയറി വന്നത്. തൊഴിൽ തന്നെയാണ് പ്രവാസിയുടെ പാതി ജീവൻ. 
വാക്കു നൽകിയ രണ്ടാഴ്ച കുറഞ്ഞ സമയമാണ്. അതിനിടയിൽ ഹമീദിനൊരു ജോലി കണ്ടെത്തണം. 
 

Latest News