Sorry, you need to enable JavaScript to visit this website.

ഹിന്ദുത്വ വാദികളുടെ ലൗജിഹാദ് ഏറ്റുപിടിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ

ന്യൂദല്‍ഹി- രാജ്യത്ത് വിദ്വേഷവും വിഭാഗീയതയും വളര്‍ത്തുന്നതിന് ഹിന്ദുത്വ ശക്തികള്‍ ഉപയോഗിക്കുന്ന ലൗ ജിഹാദ് ഏറ്റുപിടിച്ച ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മയുടെ നടപടി വിവാദമായി.
മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരിയുമായി ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് സംസ്ഥാനത്ത് ലൗ ജിഹാദ് വര്‍ധിക്കുന്ന കാര്യം ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ  ചൂണ്ടിക്കാട്ടിയത്. സംസ്ഥാനത്തെ സ്ത്രീ സുരക്ഷയെ കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച.  
മഹാരാഷ്ട്രയില്‍ ലൗ ജിഹാദ് കേസുകള്‍ വര്‍ധിക്കുകയാണെന്നും  പരസ്പര സമ്മതത്തോടെയുള്ള മിശ്ര വിവാഹവും ലൗ ജിഹാദും തമ്മില്‍ വ്യത്യാസമുണ്ടെന്നുമാണ് രേഖാ ശര്‍മ ഗവര്‍ണറോട് പറഞ്ഞതെന്ന് വനിതാ കമ്മീഷന്‍ വെളിപ്പെടുത്തി.
മുസ്ലിം പുരുഷന്മാരും ഹിന്ദു സ്ത്രീകളും തമ്മിലുള്ള ബന്ധത്തെ ലക്ഷ്യവെച്ച് വലതുപക്ഷ, ഹിന്ദുത്വ തീവ്രാവാദി ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്ന പദമാണ് ലൗ ജിഹാദ്. സ്ത്രീകളെ വശീകരിച്ചും നിര്‍ബന്ധിച്ചും മതം മാറ്റുന്നതിനുള്ള വിപുലമായ തന്ത്രം ഇതിനു പിന്നിലുണ്ടെന്നും ഹിന്ദുത്വ ഗ്രൂപ്പുകള്‍ ചൂണ്ടിക്കാണിക്കുന്നു.
മഹാരാഷ്ട്ര ഗവര്‍ണറുമായി രേഖാശര്‍മ ചര്‍ച്ച നടത്തുന്ന ഫോട്ടോയും ചര്‍ച്ച ചെയ്ത വിഷയങ്ങളും വനിതാ കമ്മീഷന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരിയുമായി  അധ്യക്ഷ രേഖാ ശര്‍മ കൂടിക്കാഴ്ച നടത്തിയെന്നും സംസ്ഥാനത്തെ വനിതാ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും എന്‍.സി.ഡബ്ല്യു ട്വീറ്റ് ചെയ്തു. ഇതിനു പിന്നാലെ വ്യാപക വിമര്‍ശമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നുവന്നത്.
ലൗ ജിഹാദ് എന്നതിന്റെ അര്‍ത്ഥമെന്താണെന്ന് എന്‍സിഡബ്ല്യുവും അതിന്റെ ചെയര്‍പേഴ്‌സണും ദയവായി വ്യക്തമാക്കുമോ? ചില തീവ്രവാദ ഗ്രൂപ്പുകള്‍ ചെയ്യുന്ന അതേ അര്‍ത്ഥത്തിലാണ് നിങ്ങള്‍ ഇത് ഉപയോഗിക്കുന്നത്? അങ്ങനെയാണെങ്കില്‍, നിങ്ങള്‍ അവരുടെ ജാഗ്രത സംഘത്തെ അംഗീകരിക്കുകയാണോ?  കമ്മീഷന്റെ ട്വീറ്റിന് മറുപടി നല്‍കി ഒരു ട്വിറ്റര്‍ ഉപയോക്താവ് ചോദിച്ചു.
മതംമാറിയുള്ള വിവാഹങ്ങളുടെ പേരില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന കേസുകള്‍ ഏറ്റെടുക്കാന്‍ വനിതാ കമ്മീഷന്‍ തയാറാകുമോ എന്നാണ് മറ്റൊരു ഉപയോക്താവിന്റെ ചോദ്യം.
'ഇത് അതിക്രൂരമായിപ്പോയി. സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളോടുള്ള ഭരണകൂട നിസംഗതക്കൊപ്പം തീവ്രവാദവും അസഹിഷ്ണുതയും വളരുകയാണ്. ഒരു മതത്തെ ലക്ഷ്യം വെക്കാന്‍  ലൗ ജിഹാദ് എന്ന പദം ഉപയോഗിക്കുന്നത് ശരിക്കും ഭരണഘടനാപരമാണോ? വനിതാ കമ്മീഷന്റെ ട്വീറ്റിന് മറ്റൊരു മറുചോദ്യമാണിത്.  

മതംമാറിയുള്ള വിവാഹങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍ ഹിന്ദുത്വ ശക്തികള്‍ ഉപയോഗിക്കുന്ന ഈ പദം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൊതുവെ ഉപയോഗിക്കാറുമില്ല.  

വര്‍ഷങ്ങള്‍ക്ക് മുമ്പ് രേഖാ ശര്‍മയുടേതായി വന്ന പല വിവാദ ട്വീറ്റുകളും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇപ്പോള്‍ ഷെയര്‍ ചെയ്യുന്നുണ്ട്. പ്രൊഫൈല്‍ ക്രമീകരണങ്ങള്‍ മാറ്റിയതിനാല്‍ ഇപ്പോള്‍ രേഖാശര്‍മയുടെ പഴയ ട്വീറ്റുകള്‍ ലഭിക്കുന്നില്ല. #SackRekhaSharma
എന്ന ഹാഷ് ടാഗ്  ട്വിറ്ററില്‍ ട്രാന്‍ഡായിട്ടുണ്ട്. ഉന്നത പദവിയില്‍നിന്ന് രേഖാശര്‍മയെ മാറ്റണമെന്നണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്.
തീവ്രമായ വര്‍ഗീയതയുള്ള ഒരാളെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയാക്കിയ മോഡി സര്‍ക്കാര്‍  സ്ത്രീകളുടെ അവകാശങ്ങള്‍  ശ്രദ്ധിക്കുന്നെയില്ലെന്ന് പ്രശസ്ത അഭിഭാഷകന്‍ കരുണ നണ്ടി ട്വീറ്റ് ചെയ്തു.
 തനിഷ്ഖ് പരസ്യം വിവാദമായതിനു പിന്നാലെയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയും ലൗ ജിഹാദ് ഏറ്റുപിടിച്ചത്.  ലൗജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ വിമര്‍ശനത്തിനും ബഹിഷ്‌കരണ ആഹ്വാനത്തിനും പിന്നാലെ ജ്വല്ലറി ബ്രാന്‍ഡിന് കഴിഞ്ഞയാഴ്ച പരസ്യം പിന്‍വലിക്കേണ്ടി വന്നിരുന്നു.

 

Latest News