Sorry, you need to enable JavaScript to visit this website.

ഹാഥ്‌റസ് കേസുമായി ബന്ധമുള്ള രണ്ടു ഡോക്ടര്‍മാരെ അലിഗഢ് മെഡിക്കല്‍ കോളെജ് പുറത്താക്കി

അലിഗഢ്- ഹാഥ്‌റസില്‍ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടിയെ ദല്‍ഹി ആശുപത്രിയിലേക്കു മാറ്റുന്നതിനു മുമ്പ് ചികിത്സിച്ച അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ ജവാഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളെജിലെ രണ്ടു ഡോക്ടര്‍മാരെ അധികൃതര്‍ ഡ്യൂട്ടിയില്‍ നിന്ന് നീക്കം ചെയ്തു. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന യുപി പോലീസ് വാദത്തെ തള്ളി പ്രവസ്താവന നടത്തിയ ഡോ. മുഹമ്മദ്് അസിമുദ്ദീന്‍ മാലിക്, പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട രേഖകളില്‍ ഒപ്പുവച്ച ഡോ. ഉബൈദ് ഇംതിയാസുല്‍ ഹഖ് എന്നിവരെയാണ് പുറത്താക്കിയത്. 

സര്‍വീസില്‍ നിന്ന് നീക്കം ചെയ്തത് ഞെട്ടിപ്പിച്ചുവെന്ന് ഡോ. മാലിക് പറഞ്ഞു. സെപ്തംബര്‍ 14നാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. എന്നാല്‍ പരിശോധന നടത്തിയത് സെപ്തംബര്‍ 22നും. ഇത്ര കാലതാമസം ഉണ്ടായാല്‍ ശരിയായ പരിശോധനാ ഫലം ലഭിക്കില്ലെന്നും ബലാത്സംഗം സ്ഥിരീകരിക്കണമെങ്കില്‍ നാലു ദിവസത്തിനകം പരിശോധന നടക്കണമെന്നും ഡോ മാലിക് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന യുപി പോലീസ് പറയുന്നത് വൈകി നടത്തിയ പരിശോധനാ ഫലം ചൂണ്ടിക്കാട്ടിയാണ്. ഈ വാദത്തെ ഖണ്ഡിക്കുന്നതായിരുന്നു ഡോ. മാലികിന്റെ പ്രസ്താവന.

അതേസമയം ഇവര്‍ അവധിയില്‍ പോയ ഡോക്ടര്‍മാരുടെ ഒഴിവില്‍ താല്‍ക്കാലികമായി നിയമിക്കപ്പെട്ടവരായിരുന്നുവെന്നും അവധി കഴിഞ്ഞ് അവര്‍ തിരിച്ചെത്തിയതിനാല്‍ സേവനം അവസാനിപ്പിക്കുകയുമായിരുന്നു എന്ന് അലിഗഢ് യൂണിവേഴ്‌സിറ്റി വക്താവ് വ്യക്തമാക്കി. ഇതൊരു പതിവ് ഭരണപരമായ നപടപി മാത്രമാണെന്നും അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ കോളെജിലെ സ്ഥിരം ഡോക്ടര്‍മക്ക് രോഗം ബാധിച്ചതിനാല്‍ അവധിയില്‍ പോയിരുന്നു. ഇവരുടെ ഒഴിവിലേക്ക് താല്‍ക്കാലികമായാണ് രണ്ടു ഡോക്ടര്‍മാരെ നിയമിച്ചിരുന്നതെന്ന് യൂണിവേഴ്‌സിറ്റ് വക്താവ് പ്രൊഫസര്‍ ശഫി കിദ്വായ് പറഞ്ഞു. 


 

Latest News