Sorry, you need to enable JavaScript to visit this website.

ബിഹാര്‍ തെരഞ്ഞെടുപ്പ്: എന്‍ഡിഎയ്ക്ക് സാധ്യത, തേജസ്വിക്ക് ചെരിപ്പേറ്, 137 സീറ്റില്‍ എല്‍ജെപി

നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണം കൊഴുക്കുന്ന ബിഹാറില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍. 243 അംഗ നിയമസഭയിലേക്ക് നടക്കുന്ന മൂന്നു ഘട്ട തെരഞ്ഞെടുപ്പില്‍ ആദ്യ വോട്ടെടുപ്പ് ഒക്ടോബര്‍ 28നാണ്. 

എന്‍ഡിഎ സഖ്യം മുന്നിലെന്ന് സര്‍വെ

മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജെഡിയുവും ബിജെപിയും ഉള്‍പ്പെട്ട എന്‍ഡിഎ സഖ്യത്തിന് ജയസാധ്യതയെന്ന് ലോക്‌നീതി-സിഎസ്ഡിഎസ് അഭിപ്രായ സര്‍വെ. നേരിയ മാര്‍ജിനില്‍ ആയിരിക്കും ജയമെന്നും ഒക്ടോബര്‍ 10 മുതല്‍ 17 വരെ നടത്തിയ സര്‍വെ പറയുന്നു. എന്‍ഡിഎയ്ക്ക് 133-143 സീറ്റുകളും ലഭിക്കും. 38 ശതമാനം വോട്ടും. ആര്‍ജെഡി നേതൃത്വത്തിലുള്ള അഞ്ചു പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മഹാസഖ്യത്തിന് 88-98 സീറ്റും 32 ശതമാനം വോട്ടും ലഭിക്കുമെന്നും സര്‍വെ പ്രവചിക്കുന്നു. മഹാസഖ്യം ഇത്തവണ എന്‍ഡിഎയ്ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്ന സൂചനയും നല്‍കുന്നു. 

നിതീഷുമായി ഉടക്കിയ ചിരാഗ് പാസ്വാന്റെ എല്‍ജെപി 137 സീറ്റുകളില്‍ മത്സരിക്കും

കേന്ദ്രത്തില്‍ എന്‍ഡിഎ സഖ്യകക്ഷിയും എന്നാല്‍ ബിഹാറില്‍ ജെഡിയുവുമായി പിണങ്ങി സഖ്യത്തില്‍ നിന്ന് വിട്ട് ഒറ്റയ്ക്ക് പോരാട്ടത്തിനറങ്ങിയ എല്‍ജെപി 137 മണ്ഡലങ്ങളില്‍ മത്സരിക്കും. 42 സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികയും ഇന്ന് പാര്‍ട്ടി പ്രസിദ്ധീകരിച്ചു. ബിജെപിയുമായും ജെഡിയുവുമായും സഖ്യമില്ലാതെ സ്വതന്ത്രമായാണ് എല്‍ജെപി മത്സരിക്കുന്നത്. എന്നാല്‍ പാര്‍ട്ടിക്ക് രണ്ടു മുതല്‍ ആറു വരെ സീറ്റു മാത്രമെ ലഭിക്കൂവെന്നാണ് ലോക്‌നീതി-സിഎസ്ഡിഎസ് അഭിപ്രായ സര്‍വെ പറയുന്നത്. 

റാലിക്കിടെ ആര്‍ജെഡി നേതാവ് തേജസ്വി യാദവിനു നേരെ ചെരിപ്പേറ്

ഔറംഗാബാദില്‍ പ്രചരണ റാലിക്കിടെ രാഷ്ട്രീയ ജനതാ ദള്‍ (ആര്‍ജെഡി) അധ്യക്ഷന്‍ തേജസ്വി യാദവിനു നേര്‍ക്ക് ചെരിപ്പേറുണ്ടായി. വേദിയില്‍ ഇരിക്കുന്നതിനിടെയാണ് ഏറ് വന്നത്. ഒരു ചെരിപ്പ് ലക്ഷ്യം തെറ്റിയെങ്കിലും മറ്റൊന്ന് തേജസ്വിയുടെ മടിത്തട്ടില്‍ വന്നു വീണു. പരിപാടിയുടെ ക്രമീകരണങ്ങള്‍ നോക്കുന്നതിനിടെയാണ് ആദ്യ ഏറുണ്ടായത്. ഇതു കണ്ട നേതാക്കള്‍ ചുറ്റും നോക്കുന്നതിനിടെ അടുത്ത ഏറും വന്നു. ആരാണ് ചെരിപ്പേറ് നടത്തിയതെന്ന് വ്യക്തമല്ല.
 

Latest News