Sorry, you need to enable JavaScript to visit this website.

കേന്ദ്ര നിയമത്തെ മറികടക്കാന്‍ പഞ്ചാബ് പുതിയ കാര്‍ഷിക നിയമം പാസാക്കി; താങ്ങുവില ലംഘിച്ചാല്‍ ജയില്‍

ചണ്ഡീഗഢ്- രാജ്യവ്യാപക കര്‍ഷക പ്രതിഷേധം അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ ഈയിടെ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളെ മറികടക്കാന്‍ പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പുതിയ കാര്‍ഷിക നിയമം പാസാക്കി. കേന്ദ്ര നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുകയും തുടര്‍ന്ന് മൂ്ന്ന് ബില്ലുകള്‍ അവതരിപ്പിക്കുകയും മിനിറ്റുകള്‍ക്കുള്ളില്‍ അവ പാസാക്കുകയുമായിരുന്നു. ഇതോടെ കേന്ദ്ര കാര്‍ഷിക നിയമത്തെ മറികടന്ന ആദ്യ സംസ്ഥാനമായി പഞ്ചാബ്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന മിനിമം താങ്ങുവിലയില്‍ കുറഞ്ഞ നിരക്കില്‍ അരിയോ ഗോതമ്പു വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്നത് പുതിയ നിയമപ്രകാരം കുറ്റകരമാണ്. മൂന്നു വര്‍ഷത്തില്‍ കുറയാത്ത തടവാണ് ശിക്ഷ. കേന്ദ്രം നിയമം മിനിമം താങ്ങുവില സംരക്ഷിക്കുന്നില്ലെന്നായിരുന്ന കര്‍ഷകര്‍ ചൂണ്ടിക്കാട്ടിയ പ്രധാന പ്രശ്‌നങ്ങളിലൊന്ന്. മിനിമം താങ്ങുവിലയില്‍ കുറഞ്ഞ നിരക്കില്‍ കാര്‍ഷിക വിള വില്‍ക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നവര്‍ക്കും പഞ്ചാബിലെ പുതിയ നിയമം ശിക്ഷ അനുശാസിക്കുന്നു. 

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷക സമരങ്ങളുടെ പ്രഭവ കേന്ദ്രമായിരുന്നു പഞ്ചാബ്. സംസ്ഥാനത്തെ കര്‍ഷകരുടെ പ്രതിഷേധം ശക്തമായതോടെ ബിജെപി സഖ്യമായ ശിരോമണി അകാലിദള്‍ എന്‍ഡിഎ വിടുകയും കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു. 

Latest News