Sorry, you need to enable JavaScript to visit this website.

തേനൊഴുകും തെന്മല 

മലയാളികൾ ചെറിയ മട്ടിൽ വിനോദ യാത്ര പ്ലാൻ ചെയ്യുമ്പോൾ ആദ്യം ഉയരുന്ന സ്ഥലനാമങ്ങളാണ് ഊട്ടിയും കൊടൈക്കനാലും മൈസൂരുവും മറ്റും. മലമ്പുഴയും തെന്മലയുമൊന്നും പലരുടേയും പരിഗണനയിൽ വരാറേയില്ല. നമ്മുടെ സർക്കാർ ഏജൻസികൾ പ്രൊമോട്ട് ചെയ്യുന്നതും ഹൗസ് ബോട്ട് ടൂറിസവും കോവളവും മൂന്നാറുമൊക്കെയാണ്. ഇതിലും ചെലവ് കുറഞ്ഞതും ആകർഷകവുമായ കേന്ദ്രങ്ങളുണ്ടെന്നത് വിസ്മരിക്കകുയാണ് പതിവ്. ഇന്ത്യയിലെ ആദ്യ എക്കോ ടൂറിസം കേന്ദ്രമെന്ന നിലയിലാണ് തെന്മല ശ്രദ്ധേയമാവുന്നത്. കേരളത്തിന്റെ തലസ്ഥാന നഗരിയിൽ നിന്ന് ഏറെയൊന്നും യാത്ര ചെയ്യാതെ ഇവിടെ എത്താമെന്ന സൗകര്യവുമുണ്ട്. 
തെന്മലയിലെ നിത്യഹരിത വനങ്ങൾ മേലാപ്പ് ചാർത്തിയ വനസൗന്ദര്യം കണ്ടുതീർക്കാൻ ഒരു ദിവസം പോരാ. പ്രകൃതിയുടെ മനോഹാരിത അതിന്റെ പരകോടിയിൽ ആണ് ഇവിടെ. പ്രകൃതിയും കാലവും ഇവിടെ സമന്വയിച്ചിരിക്കുന്നു. ഇന്ത്യയിലെ പഴമയുള്ള നദീതട സംസ്‌കാരം രൂപപ്പെട്ടത് ഈ പ്രദേശങ്ങളിൽ ആണത്രേ. കാടിന്റെ ആകാശ കാഴ്ച കാണാൻ കാനോപി വാക്കിംഗ് ഒരുക്കിയിട്ടുണ്ട്. തെന്മല ഇക്കോ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയാണ് ടൂറിസ്റ്റുകൾക്കു വേണ്ടിയുള്ള സൗകര്യം ഒരുക്കിക്കൊടുക്കുന്നത്. തിരുവനന്തപുരത്തുനിന്നും 72 കിലോമീറ്ററും കൊല്ലത്തുനിന്നും 66 കിലോമീറ്ററും ദൂരം യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം.
ദേശീയ പാത 208 കടന്നുപോകുന്നത് തെന്മലയ്ക്ക് സമീപത്തു കൂടിയാണ്.


ഈ കാടുകളിൽ സ്വാഭാവികമായി തേക്ക് വളരാറില്ല എന്നൊരു സവിശേഷതയുണ്ട്. ഈ പ്രദേശത്തു മാത്രം കണ്ടുവരുന്ന ചെങ്കുരുണി അഥവാ ചെങ്കുറുഞ്ഞി മരത്തെ ആസ്പദമാക്കിയാണ് വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന് ചെന്തുരുണി എന്ന പേര് കൈവന്നത്. കാടിന്റെ ഭംഗി എത്ര കണ്ടാലും മതിവരില്ല. തെന്മലയുടെ ഏറ്റവും വലിയ ആകർഷണം ബട്ടർഫ്‌ളൈ പാർക്ക് ആണ്. ആദ്യം കണ്ണിൽ പെടുന്ന ഒരു കുഞ്ഞു പൊട്ടു പിന്നെ അനേകം കളറുള്ള വിസ്മയച്ചിറകുകളുമായി നമുക്ക് ചുറ്റും പാറി നടക്കുന്ന പൂമ്പാറ്റച്ചന്തമായി മാറുന്നു. അമ്പരപ്പിക്കുന്ന വർണ ഭംഗിയോടെ  കൈ തൊടാൻ ചെല്ലുമ്പോൾ പാറിയകന്നു വീണ്ടും അരികിലെത്തി പൂക്കളെ ഉമ്മവെച്ചതും തേൻ നുകർന്നു തെന്നി തെറിച്ചു പോകുന്ന പൂമ്പാറ്റകൾ ഏഴഴകിന്റെ മഴവിൽ ചന്തം വരക്കുന്നു.
രണ്ടര ഹെക്ടറോളം പരന്നുകിടക്കുന്ന സ്വാഭാവിക ആവാസ വ്യവസ്ഥയിൽ 175 ൽ അധികം ഇനം അധികം ശലഭങ്ങളുണ്ട്. പാർക്കിൽ 600 മീറ്ററോളം വരുന്ന പാതയിലൂടെ സാവധാനം നടന്നു നോക്കു, വർണ വൈവിധ്യത്തിന്റെ മായക്കാഴ്ച്ചകളുമായി നമുക്കൊപ്പം ഉണ്ടാകും ഈ കൊച്ചു ശലഭങ്ങൾ.
സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഉള്ളതും ഇവിടെ ഒരുക്കിവെച്ചിട്ടുണ്ട് . നേച്ചർ ട്രെയിൻ, താമരക്കുളം, മൗണ്ടൻ ബൈക്കിങ്, റോക്ക് ക്‌ളൈമ്പിങ്, റിവർ ക്രോസിങ് തുടങ്ങിയവ ഇതിലുൾപ്പെടുന്നു. പ്രകൃതിക്കിണങ്ങും തരത്തിൽ വളരെ ചിട്ടയായാണ് അതിന്റെയൊക്കെ രൂപകൽപന. ചെറിയ തടാകത്തിൽ  ചെറുവഞ്ചികൾ സഞ്ചാരികളെ കാത്തിരിക്കുന്നു.
കാഞ്ഞിരം തൊട്ടു എരുക്ക് വരെയുള്ള മരങ്ങൾ ഇവിടെയുണ്ട്. 


തെന്മല ഡാം അതിന്റെ എല്ലാ പ്രൗഢിയോടെയും നിറഞ്ഞു നിൽക്കുന്നു. മലഞ്ചരിവിലൂടെയുള്ള നടപ്പാതകൾ, കാട്ടിലൂടെയുള്ള ചെറുപാതകൾ, മരക്കൊമ്പുകളെ തൊട്ടുനടക്കാനാവും വിധം ഉയർത്തിക്കെട്ടിയ നടപ്പാത, തൂക്കുപാലം, മരക്കൊമ്പുകളിലുള്ള കൂടാരങ്ങൾ, ശിൽപോദ്യാനം, മാൻ പാർക്ക് എന്നിവയടങ്ങുന്നതാണ് തെന്മലയിലെ  ഇക്കോഫ്രണ്ട്‌ലി വിഭാഗം. ശിൽപോദ്യാനത്തിൽ ജീവസ്സുറ്റ ശിൽപങ്ങൾ ഉണ്ടാക്കി വെച്ചിട്ടുണ്ട്. നിർമാണ വൈദഗ്ധ്യം തുറന്നു കാട്ടുന്നതും പ്രകൃതിയെക്കുറിച്ചു ഒരു വീണ്ടുവിചാരം ഉണ്ടാക്കുന്നതുമാണ് ശിൽപങ്ങൾ.
കുട്ടികൾക്ക് സമയം ചെലവഴിക്കാൻ ഊഞ്ഞാലുകൾ, വിശാലമായ പുൽത്തകിടി ട്രീഹൗസ്, മാൻപേടകൾ, ബോട്ടിങ്, മ്യൂസിക്കൽ ഫൗണ്ടൻ എന്ന് വേണ്ട കണ്ണിനും മനസ്സിനും സന്തോഷം തരുന്ന എല്ലാം ഒരുക്കി കാത്തിരിക്കുകയാണ് തെന്മല. കേരളത്തിൽ പണ്ടൊരു സോപ്പിന്റെ പരസ്യം വന്നതോർക്കുന്നു. കുളിക്കാൻ കുറ്റാലത്ത് പോകണോയെന്നതായിരുന്നു ചോദ്യം. തെന്മലയിലെ കാഴ്ചകൾ കണ്ടു കഴിഞ്ഞാൽ ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന കുറ്റാലവും കൂടി സന്ദർശിക്കാവുന്നതാണ്.  

Latest News