Sorry, you need to enable JavaScript to visit this website.
Friday , November   27, 2020
Friday , November   27, 2020

തത്വദീക്ഷയില്ലാത്ത മുന്നണി മാറ്റങ്ങൾ

പാർട്ടികൾ മുന്നണി മാറുന്നതും മറുകണ്ടം ചാടുന്നതും ചരിത്രത്തിൽ ഇതാദ്യമൊന്നുമല്ല. ജനാധിപത്യ വ്യവസ്ഥ, രാജ്യത്തെ പാർട്ടികൾക്ക് നൽകുന്ന സ്വാതന്ത്ര്യങ്ങളിൽ ഒന്നാണിതും. എന്നാൽ പാർട്ടികൾ ആ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്തുകൊണ്ട് യാതൊരു തത്വദീക്ഷയുമില്ലാതെ ജനാധിപത്യ സംവിധാനത്തെ തന്നെ തകിടം മറിക്കുകയാണിന്ന്. അനുവദിച്ചു കിട്ടിയ സ്വാതന്ത്ര്യം എന്തിന് വേണ്ടി എന്ന് തിരിച്ചറിയാനാവാത്ത തലതിരിഞ്ഞ നേതാക്കളുടെ അപക്വമായ നിയന്ത്രണങ്ങളിൽ പെട്ടുപോകുന്ന പാർട്ടികൾക്കാണ് ഈ ദുര്യോഗം ഏറെയും സംഭവിക്കുന്നത്. പക്ഷേ, അതിന് വലിയ വിലകൊടുക്കേണ്ടി വരുന്നത് ജനങ്ങളും!


ജോസ് കെ. മാണിയുടെ കേരള കോൺഗ്രസ് (എം) ഇടതുമുന്നണിയിലെത്തിയതിന്റെ പശ്ചാത്തലത്തിൽ ഈ വിശകലനത്തിന് ഏറെ പ്രസ്‌ക്തിയുണ്ട്. പാർട്ടികൾ മുന്നണി മാറുന്നത് ഏതെങ്കിലും ആദർശത്തിന്റെയോ ധാർമികതയുടെയോ പേരിലാണോ? ആണെന്ന് ഘോരഘോരം പാർട്ടിക്കാരും അവരെ അപ്പോൾ സ്വീകരിക്കുന്ന മുന്നണിയും അവകാശപ്പെടുമെങ്കിലും അത് അ ണികളുടെ കണ്ണിൽ പൊടിയിടാനുള്ള താൽക്കാലിക അടവുനയം മാത്രമാണ്. പാർട്ടിയുടെ നേതൃത്വ നിരയിലുള്ള ഒരു ചെറു ന്യൂനപക്ഷത്തിന് സാമ്പത്തിക വും രാഷ്ട്രീയവുമായ (അധികാരം) നേട്ടമുണ്ടാക്കുക എന്നതിനപ്പുറം ആ പാർട്ടിയിലെ ബഹുഭൂരിപക്ഷം വരുന്ന പ്രവർത്തകർക്കും നാടിനും കാര്യമായ ഗുണമൊന്നും അതുകൊണ്ട് ഉണ്ടാകുന്നില്ല.


കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ബാർ ഉടമകളിൽ നിന്ന് കോടികൾ വാങ്ങി അഴിമതി നടത്തിയ പാർട്ടിയാണ് കോൺഗ്രസ് (എം). കെ.എം.മാണി വീട്ടിൽ നോട്ടെണ്ണൽ യന്ത്രം വാങ്ങിവെച്ചാണ് ആ പണമത്രയും എണ്ണി തിട്ട പ്പെടുത്തിയത് എന്നത് രഹസ്യമൊന്നുമല്ല. എത്ര മെഷീനുകൾ ഉണ്ടായിരുന്നു എന്നതിന്റെ കണക്ക് പോലും അന്നത്തെ പ്രതിപക്ഷമായിരുന്ന ഇന്നത്തെ ഭരണപക്ഷം പുറത്തു വിട്ടതുമാണ്. 2015 ൽ ബജറ്റ് അവതരിപ്പിക്കാൻ ശ്രമിച്ച മാണിയെ തടയാനായി ഇടതുപക്ഷ സാമാജികർ നിയമസഭയ്ക്ക് അകത്ത് നട ത്തിയ കൈയാങ്കളിയും പൊതുമുതൽ നശിപ്പിക്കലും അതിനോടുള്ള അവരുടെ ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു. പൊതുഖജനാവിന് രണ്ട് ലക്ഷം രൂപയോളം നഷ്ടം വരുത്തിക്കൊണ്ടായിരുന്നു ഇടതു സാമാജികർ ത ങ്ങളെ തെരഞ്ഞെടുത്ത വോട്ടർമാരോടുള്ള കടപ്പാട് രേഖപ്പെടുത്തിയത്!


കേരള നിയമസഭയുടെ ചരിത്രത്തിലെ തീരാകളങ്കമായി മാറിയ ആ സംഭവം കഴിഞ്ഞിട്ടിപ്പോൾ അഞ്ച് വർഷം ആകുമ്പോൾ അതിന് നേതൃത്വം കൊടുത്ത വീരനായകരുടെ പാളയത്തിലേക്ക് തന്നെ യഥാർഥ മാണി കോൺഗ്ര സുകാരൻ എന്നവകാശപ്പെടുന്ന ജോസ് തന്റെ പാർട്ടിയെ കൊണ്ടുപോയി കെട്ടിയിരിക്കുന്നു. യു.ഡി.എഫ് തന്നേയും പാർട്ടിയേയും പിന്നിൽ നിന്ന് കുത്തിയതിനാൽ മുന്നണി വിടുന്നു എന്നാണ് വിശദീകരണം. സത്യത്തിൽ ബാർ കോഴയിൽ തന്റെയും പാർട്ടിയുടെയും കൈകൾ ശുദ്ധമല്ലെന്ന ജോസിന്റെ കുറ്റബോധമാണ് അതിനദ്ദേഹത്തെ പ്രേരിപ്പിച്ചത്. 
കെ.എം.മാണിക്ക് ശേഷം മാണി കോൺഗ്രസിന്റെ പരമാധികാരിയായ ജോസ,് അണികളേയും പാർട്ടിയിലെ മറ്റു നേതാക്കളേയും തന്റെ ഇംഗിതത്തിന് ഒപ്പം ചലിക്കുന്ന പാവകളാക്കി മാറ്റി. അതിന് തയാറാവാതെ വന്ന ജോസഫ് എം പുതുശ്ശേരിയെ പോലുള്ളവർക്ക് പാർട്ടി വിടേണ്ടി വന്നു.


ഇടതുപക്ഷം അത്തരം ഒരു പാർട്ടിയെ മുന്നണിയിലേക്ക് എടുക്കുമ്പോൾ പൊതുജനത്തിന് നൽകുന്ന സന്ദേശമെന്താണ്? മുന്നണിയെ ശക്തിപ്പെടു ത്താൻ എന്നാണ് എൽഡിഎഫ് കൺവീനറുടെ ഒരു പ്രതികരണം. ഏഴോളം കേന്ദ്ര ഏജൻസികൾ സെക്രട്ടറിയേറ്റിന് ചുറ്റും അന്വേഷണവുമായി നടക്കുന്ന സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇടതുമുന്നണിക്ക് ക്ഷീണം സംഭവിച്ചിട്ടുണ്ട് എന്നു തുറന്ന് സമ്മതിക്കുകയാണോ ഇടതു കൺവീനർ എന്ന് നിഷ്പക്ഷമതികൾ നിരീക്ഷിച്ചാൽ അതിനവരെ കുറ്റപ്പെടുത്താനാകുമോ?


അതോ പെട്ടെന്നൊരു നാൾ മാണി കോൺഗ്രസ് അഴിമതിയിൽ നിന്ന് മുക്തി നേടി വിശുദ്ധ പുണ്യാളൻമാരായി എന്നാണോ ഇടതുപക്ഷം വിചാരിക്കുന്നത്? അഴിമതിയുടെ കൂടാരമെന്ന് ഒരിക്കൽ അവർ തന്നെ വിശേഷിപ്പിച്ച ഒരു പാർട്ടിയെ സ്വീകരിക്കുമ്പോൾ എൽഡിഎഫ് അഴിമതിയെ അംഗീകരിക്കുന്നു എന്നല്ലേ അർഥമാക്കുന്നത്? പ്രതിപക്ഷ പാർട്ടികളിൽ നിന്നും എന്ത് കൊള്ളരു തായ്മയും കാണിച്ച് വരുന്നവരെ പാർട്ടി സ്വീകരിക്കും എന്നൊരു സൂചനയല്ലേ അതിലൂടെ നൽകുന്നത്? പാർട്ടികൾക്ക് യാതൊരു തത്വദീക്ഷയില്ലാതെ മുന്നണി മാറാൻ ഇതിലൂടെ സാഹചര്യമൊരുക്കുകയല്ലേ ഇടതുപക്ഷം ചെയ്യുന്നത്?


സി.പിഎം സംസ്ഥാന സെക്രട്ടറി പറയുന്നതു പോലെ മാറിയ രാഷട്രീയ സാഹചര്യത്തിലാണ് മാണി കോൺഗ്രസിനെ സ്വീകരിച്ചത് എന്ന പ്രയോഗത്തിന് എന്ത് ന്യായീകരണമാണുള്ളത്? ബാർ ഉടമകളിൽ നിന്ന് കോടികൾ കോഴ വാങ്ങിയവർ ഇപ്പോൾ എവിടെയാണ് മാറിയിരിക്കുന്നത്? അവരെ മാറ്റുന്ന എന്ത് രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്? സത്യത്തിൽ അവർ അഴിമതി നടത്തിയിട്ടില്ല എന്ന് ഇടതുപക്ഷം ഇപ്പോൾ സമ്മതിക്കുന്നതിന് തുല്യമല്ലേ അത്? അപ്പോൾ ഇതുവരെ മാണി കോൺഗ്രസിനെതിരെ അവരുയർത്തിയ ആരോപണ കൊടുങ്കാറ്റുകളുടെ പ്രസക്തി എന്താണ്? അതോ യു.ഡി.എഫിലാകുമ്പോൾ കോഴ വാങ്ങിയും കൊള്ളരുതായ്മ കാണിച്ചും നടന്നവർ തങ്ങൾക്കൊപ്പം ചേരുന്നതോടെ സംശുദ്ധരാകും എന്ന് ഇടതുപക്ഷം വൃഥാ വ്യാമോഹിക്കുകയാണോ? എന്നിട്ടത് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ സ്വയം വിഡ്ഢിവേഷം കെട്ടുന്നതിന് തുല്യമല്ലേ?


പാർട്ടികളുടെ അവസരവാദ രാഷ്ട്രീയത്തിന്റെ വികൃത മുഖം വെളിവാകുകയാണിവിടെ. മുന്നണി രാഷ്ട്രീയത്തിലെ പൊതു സത്യസന്ധതയും സ ദാചാര ബോധവും തകർന്നു വീഴുകയാണ്. ജനാധിപത്യത്തിനകത്തും പാർട്ടികൾക്ക് മൂല്യച്യുതിയുണ്ടാവുകയും ജനം പാർട്ടിയെ വിശ്വാസത്തിലെടുക്കാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു എന്നത് രാജ്യത്ത് അരാജകത്വമാണ് സൃഷ്ടിക്കുക. ഹൈന്ദവ ഫാസിസ്റ്റ് ഭരണകൂടം ഇത്തരം സാഹചര്യമാണ് സമർഥമായി മുതലെടുക്കുന്നത് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
 മുന്നണിയിൽ നിന്നും ഇറങ്ങിവരുന്ന ഒരു ഈർക്കിൽ പാർട്ടിയെ മറുമുന്നണി തങ്ങൾക്കനുകൂലമായ തരാതരം വ്യാഖ്യാനങ്ങൾ നിരത്തിക്കൊണ്ട് സ്വീകരിക്കുമ്പോൾ ആ ചെറുപാർട്ടികൾ തങ്ങളുടെ മത-വർഗീയ-രാഷ്ട്രീയ നിലപാടുകൾ കടുപ്പിച്ചു  കൊണ്ട് കരുത്താർജിക്കുകയാണ് ചെയ്യുന്നത്. സമാന സ്വഭാവമുള്ള മറ്റു പാർട്ടികൾക്കത് തെറ്റായ മാതൃക സൃഷ്ടിക്കും. ഫലത്തിൽ മുന്നണികളെ തങ്ങൾ ക്കനുകൂലമായ നിലപാടെടുക്കും വിധം സമ്മർദത്തിലാക്കാൻ അവർക്ക് കഴിയും എന്ന നില വരുന്നു. കൂടെയുള്ള ഘടക കക്ഷികൾക്ക് വേണ്ടി മാത്രം ഭരിക്കുകയും നാടിനെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യേണ്ട ഗതികേടിലേക്ക് മു ന്നണികൾ തരംതാഴുന്നതിന്റെ ഒരു ഭൗതിക പശ്ചാത്തലം ഇതാണ്.


ജോസ് മുന്നണി വിട്ടത് യു.ഡി.എഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് കൺവീനർ എം.എം.ഹസൻ ഉൾപ്പെടെ നേതാക്കളെല്ലാവരും ഇപ്പോൾ ആണയിടുന്നു. എങ്കിൽ ബാർ കോഴ സമയത്ത് യു.ഡി.എഫുമായി ഇടഞ്ഞ് ഇടതിലേക്ക് ചേക്കേറാൻ ഒരുങ്ങിയ കെ.എം.മാണിയെ അനുനയിപ്പിക്കാനും മുന്നണിയിലേക്ക് തിരിച്ചു കൊണ്ടുവരാനും ഹൈക്കമാന്റിന്റേയും വി.എം.സുധീ രനെ പോലുള്ള നേതാക്കളുടേയും എതിർപ്പിനെ പോലും മറികടന്ന് ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് നൽകി കോൺഗ്രസ് കൂടെ നിർത്തിയത് എ ന്തിനായിരുന്നു എന്നൊരു ചോദ്യം ബാക്കിയാകുന്നു. ചെറുപാർട്ടികളിൽ മാത്രമല്ല മുന്നണി നേതാക്കളിലും തത്വദീക്ഷയും സത്യസന്ധതയും കൈമോശം വരുന്നു എന്നാണിത് കാണിക്കുന്നത്. ജനാധിപത്യം നിലനിൽക്കുന്ന ഒരു രാജ്യത്തെ രാഷ്ട്രീയ പാർട്ടികളിൽ വളർന്നു വരുന്ന ഈ പ്രവണതകൾ തീ ർച്ചയായും അനാരോഗ്യകരമാണ്.


മധ്യകേരളത്തിൽ ജോസും പാർട്ടിയും നിർണായകമായ സ്വാധീന ശക്തിയല്ല എന്ന് പി.ജെ.ജോസഫ് പറയുന്നുണ്ട്. ഇപ്പറയുന്നത് സത്യമാണോ എന്നറിയാൻ വരുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകൾ കഴിയും വരെ കാ ത്തിരിക്കേണ്ടതുണ്ട്. അതേസമയം കാത്തിരിക്കേണ്ടതില്ലാത്ത മറ്റൊരു സത്യം പറയാം. ഈ തെരഞ്ഞെടുപ്പുകളിൽ ജോസിന്റെ പാർട്ടിക്ക് ഇടതുപാളയം പ്രതീക്ഷിക്കുന്ന പ്രകടനം കാഴ്ചവെയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ അവിടെ അവരു ടെ നില പരുങ്ങലിലാവും. അവർ സ്വമേധയാ ഇറങ്ങി പ്പോരുകയോ അല്ലെങ്കിൽ ഇടതുമുന്നണി അവരെ പുറത്താക്കുകയോ ചെയ്യും. സ്വാഭാവികമായും ഒരു ഉളുപ്പുമില്ലാതെ അവർ യു.ഡി.എഫിനെ ഉപാധികളില്ലാതെ സമീപിക്കും. മുൻപിൻ നോക്കാതെ യു.ഡി.എഫ് അവരെ സ്വീകരിക്കുകയും ചെയ്യും.

Latest News