Sorry, you need to enable JavaScript to visit this website.
Friday , November   27, 2020
Friday , November   27, 2020

കാർഷിക പദ്ധതികളിലെ  ആസൂത്രണപ്പിഴവുകൾ

ഗ്രാമങ്ങളിൽ ഇന്നും കുറെ പേർക്കെങ്കിലും നെൽകൃഷി ജീവിത രീതിയാണ്. അവരുടെ തൊഴിലും ഉപജീവനവുമാണ്. സർക്കാർ നൽകുന്ന മോശമല്ലാത്ത താങ്ങുവിലയും സബ്‌സിഡികളും അടുത്ത കാലത്ത് നെൽകൃഷി ലാഭകരമാക്കി മാറ്റിയിട്ടുണ്ട്. നെൽകൃഷിയിലേക്ക് കൂടുതൽ പേർ രംഗപ്രവേശം ചെയ്യുന്നതിനും ഇത് സഹായിക്കുന്നുണ്ട്. എന്നാൽ സർക്കാർ സഹായങ്ങളും വിള സംഭരണവും അട്ടിമറിഞ്ഞതോടെ കർഷകർ ആശങ്കയിലാണ്. കാർഷിക വൃത്തിയിൽ കർഷകരെ സഹായിക്കുന്നതിനുള്ള സർക്കാർ പദ്ധതികളിലെ ആസൂത്രണമില്ലായ്മ കാർഷിക രംഗത്തെ മുന്നേറ്റങ്ങളെ നിറം കെടുത്തുന്നതാണ്.


തെക്കേ മലബാറിലെ പല കാർഷിക ഭവനങ്ങളിലും വീടിനകത്ത് പോലും ഇപ്പോൾ നെല്ല് കൂട്ടിയിട്ടിരിക്കുകയാണ്. ആദ്യവിള കൊയ്‌തെടുത്തിട്ട് ദിവസങ്ങളായെങ്കിലും ഇതുവരെ നെല്ല് സംഭരണം നടന്നിട്ടില്ല. സിവിൽ സപ്ലൈസ് കോർപറേഷൻ വഴിയുള്ള സംഭരണ രജിസ്‌ട്രേഷൻ ആരംഭിച്ചത് കഴിഞ്ഞ ദിവസം മാത്രമാണ്. രണ്ടാഴ്ചയിലേറെയായി കർഷകർ നെല്ല് വിൽക്കാനാകാതെ വിഷമിക്കുന്നു. ഇടക്കിടെ പെയ്യുന്ന മഴ മൂലം നെല്ല് ഉണക്കാനാകുന്നില്ല. ഏറെ നാൾ ഇർപ്പത്തോടെ കൂട്ടിയിട്ടാൽ നെല്ല് മുളപൊട്ടുമോയെന്ന പേടിയും. കൃഷിക്കു വേണ്ടി ബാങ്കിൽ നിന്നെടുത്ത വായ്പയുടെ പലിശ കൂടുന്നുവെന്ന ആശങ്കയിൽ കഴിയുന്ന ഒരു കൂട്ടർ. വിയർപ്പൊഴുക്കി കൃഷി ചെയ്ത് നെല്ല് കൊയ്‌തെടുത്ത് അത് വിൽക്കാൻ, കുറഞ്ഞ വില നൽകുന്ന ഇടനിലക്കാരെ തന്നെ ആശ്രയിക്കേണ്ട ഗതികേടിലാണ് കർഷകർ.


നെൽകൃഷിക്ക് സർക്കാരിന്റെ കൈയിൽ കൃത്യമായ കലണ്ടർ ഉണ്ടെങ്കിലും അതൊന്നും നടപ്പാകുന്നില്ല. പ്രതികൂലമായ കാലവസ്ഥയെ അതിജീവിച്ച് ഒരു വിധത്തിൽ നെല്ല് വിളയിച്ച് കൊയ്‌തെടുക്കുന്ന കർഷകർ അത് വിൽക്കാൻ ഇടമില്ലാതെ അലയേണ്ടി വരുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇത് നെൽകൃഷിയുടെ എല്ലാ ഘട്ടങ്ങളിലും കർഷകർ അനുഭവിച്ചു വരുന്ന ദുരവസ്ഥയാണ്.
സർക്കാർ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതാണ് കാർഷിക മേഖലയിൽ ആസൂത്രണങ്ങൾ പാളാൻ പ്രധാന കാരണം. കൃഷിയുടെ കാര്യങ്ങൾ നോക്കുന്നത് കൃഷി വകുപ്പാണെങ്കിലും തദ്ദേശ വകുപ്പ്, ജലസേചന വകുപ്പ്, സിവിൽ സപ്ലെസ് വകുപ്പ്, തൊഴിൽ വകുപ്പ്, സഹകരണ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകൾക്ക് കാർഷിക പുരോഗതിയിൽ സുപ്രധാനമായ പങ്കുവഹിക്കാനാകുന്നുണ്ട്. എന്നാൽ കൃഷി ഭവനുകൾ കയറിയിറങ്ങി നിരാശരാകുന്ന കർഷകരെയാണ് ഇന്ന് കാണുന്നത്.


വയലുകളിൽ ഓരോ വിളകളും എപ്പോൾ തുടങ്ങണമെന്നും അവസാനിപ്പിക്കണമെന്നും കൃഷി വകുപ്പിന് പദ്ധതികളുണ്ട്. എന്നാൽ ഓരോ പ്രദേശങ്ങളിലെയും പ്രത്യേക സാഹചര്യങ്ങൾ മൂലം ഇത് നടപ്പാകണമെന്നില്ല. അതിന് പ്രധാന കാരണം മറ്റു വകുപ്പുകളിൽ നിന്നുള്ള സഹകരണമില്ലായ്മയാണ്. നാലു മാസം മുമ്പ് ആരംഭിച്ച ഒന്നാം വിള മഴയുടെ വെല്ലുവിളികളെ മറികടന്ന് കർഷകർ കൊയ്‌തെടുത്തപ്പോൾ സംഭരണ നടപടികൾ സർക്കാർ തലത്തിൽ പൂർത്തിയായിരുന്നില്ല. വിളവെടുപ്പിന്റെ സമയം മുൻകൂട്ടി അറിയാമെങ്കിലും സംഭരണത്തിനായുള്ള ഓൺലൈൻ നടപടികൾ ആരംഭിക്കാൻ പോലും വകുപ്പ് തയാറായില്ല. സംഭരണം ആര് നടത്തണമെന്നതിനെ കുറിച്ച് പോലും വ്യക്തതയില്ലാത്ത അവസ്ഥ. പ്രാദേശികമായ സഹകരണ സംഘങ്ങൾ സംഭരണം നടത്താൻ തയാറായിരുന്നെങ്കിലും അതിന് അനുമതി ലഭിക്കാത്തതിനാൽ ആ വഴിയും അടഞ്ഞു കിടക്കുകയായിരുന്നു. ഒടുവിൽ കർഷകരുടെ നിരന്തരമായ മുറവിളികൾക്കൊടുവിലാണ് സഹകരണ ബാങ്കുകൾ വഴിയും നെല്ല് സംഭരിക്കാനുള്ള അനുവാദം സർക്കാർ നൽകിയത്. വായ്പയെടുത്ത കർഷകർ അപ്പോഴേക്കും നെല്ല് കുറഞ്ഞ വിലക്ക് സ്വകാര്യ കച്ചവടക്കാർക്ക് വിറ്റുകഴിഞ്ഞിരുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്യാൻ സമയമുണ്ടായിട്ടും കൊയ്ത്ത് കഴിഞ്ഞ് നെല്ല് എന്ത് ചെയ്യുമെന്നറിയാതെ കർഷകർ വലഞ്ഞു തുടങ്ങിയപ്പോഴാണ് സർക്കാർ അതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്.


രണ്ടാം വിളയിലേക്ക് കടക്കാനിരിക്കുന്ന കർഷകരും നേരിടാൻ പോകുന്നത് ഇതിന് സമാനമായ അനുഭവങ്ങളാണ്. അവിടെ വില്ലനാകാൻ പോകുന്നത് ജലസേചന വകുപ്പാണ്. പുഴകളിലെയും കായലുകളിലെയും വെള്ളത്തെ ആശ്രയിച്ചാണ് രണ്ടാം വിളയിലേക്ക് കർഷകർ കടക്കുന്നത്. എന്നാൽ പലയിടത്തും ജലവിതരണ സംവിധാനങ്ങൾ കുറ്റമറ്റതല്ല. പൊട്ടിപ്പൊളിഞ്ഞ കനാലുകൾ, മോട്ടോറുകൾ ഇല്ലാത്ത പമ്പ് ഹൗസുകൾ തുടങ്ങി കർഷകരെ ദുരിതത്തിലാക്കാൻ നിരവധി കാര്യങ്ങളുണ്ട്. കാലങ്ങളായി രണ്ടാം വിള ചെയ്തുവരുന്ന വയലുകളിലും ഇത്തരം പോരായ്മകൾ പരിഹരിക്കാൻ ഏറെ സമയം ബന്ധപ്പെട്ട വകുപ്പുകൾക്ക് ലഭിച്ചതാണ്. എന്നാൽ ടെൻഡർ നടപടികൾ യഥാസമയം പൂർത്തിയാക്കാതെയും അനാവശ്യമായ തടസ്സവാദങ്ങൾ ഉന്നയിച്ചും ജലവിതരണം തടസ്സപ്പെടുന്ന നിലയിലാണ് പലയിടത്തും കാര്യങ്ങൾ മുന്നോട്ടു പോകുന്നത്.


കാലങ്ങളായി കർഷകരുടെ അനുഭവങ്ങൾ ഇങ്ങനെയൊക്കെയാണ്. പ്രകൃതിയുടെ വെല്ലുവിളികളെയും സർക്കാർ വകുപ്പുകളുടെ നിസ്സംഗതകളെയും തരണം ചെയ്ത് കർഷകർ വിളവുണ്ടാക്കുന്നു. നാട്ടുകാർക്ക് ഭക്ഷിക്കാനായി അവ കൊയ്‌തെടുക്കുന്നു. ഭാഗ്യവും നിർഭാഗ്യവുമൊക്കെ കൂടിക്കലർന്ന ഒരു ആനമയിലൊട്ടകം കളിയാണ് കൃഷി. മികച്ച ആസൂത്രണത്തിലൂടെയും അവയുടെ നടത്തിപ്പിലൂടെയും ശാസ്ത്രീയമായി കാർഷിക വിപണിയെ വളർത്തിയെടുക്കാൻ സർക്കാർ വകുപ്പുകൾക്ക് കഴിയും. എന്നാൽ കർഷകന്റെ കണ്ണീരും നിലവിളികൾ കേൾക്കുമ്പോൾ മാത്രമേ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് ഉണരാൻ അറിയൂ. കർഷകൻ ദുരിതത്തിലാണെന്ന് അറിയിക്കാൻ അവൻ ആത്മഹത്യ ചെയ്ത് കാണിച്ചു കൊടുക്കേണ്ട ദുരവസ്ഥയാണുള്ളത്. മുന്നിൽ വരച്ചു വെച്ച പദ്ധതികൾ യഥാസമയം മണ്ണിലേക്കിറക്കാൻ ഉദ്യോഗസ്ഥർ തയാറാകേണ്ടതുണ്ട്. കൃത്യമായ ഇടവേളകളിൽ നടക്കുന്ന നെൽകൃഷി ആസൂത്രണം ചെയ്യുന്നതിന് വകുപ്പുകൾക്ക് ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ട്. എന്നാൽ വകുപ്പുതല ജോലികൾ അവസാന മണിക്കൂറുകളിലേക്ക് നീട്ടിവെച്ച് കർഷകരെ ദുരിതത്തിലാക്കുന്ന നിലപാടുകളിൽ നിന്ന് അവർ പിൻമാറുന്നില്ല. കൃഷിയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന പുതുതലമുറയെ അകറ്റി നിർത്താൻ മാത്രമേ ഇത് ഉപകരിക്കൂ. നാട്ടിലെ കൃഷിയിടങ്ങൾ തരിശിട്ട് അന്യസംസ്ഥാനത്തെ അരിവണ്ടികളെ കാത്തിരിക്കുന്ന ഒരു തലമുറയായിരിക്കും ഇതിന്റെ ഫലം. 

Latest News