Sorry, you need to enable JavaScript to visit this website.
Friday , November   27, 2020
Friday , November   27, 2020

ജനാധിപത്യത്തോട് നിഷേധാത്മക നിലപാട്

ജനാധിപത്യ സംവിധാനത്തിലും തെരഞ്ഞെടുപ്പിലുമെല്ലാം തങ്ങൾ പങ്കെടുക്കുന്നത് ആശയ പ്രചാരണത്തിനാണ്, അല്ലാതെ അതിലൂടെ സോഷ്യലിസം സ്ഥാപിക്കാമെന്ന പ്രതീക്ഷയിലല്ല -സിപിഎമ്മിനു വേണ്ടി ചാനൽ ചർച്ചകളിൽ നിരന്തരം പ്രത്യക്ഷപ്പെടുന്ന യുവനേതാവ് എം. സ്വരാജിന്റെ വാക്കുകളാണിത്. ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ച് 100 വർഷം കഴിഞ്ഞെന്നും എന്നാൽ ഇന്നതിന്റെ അവസ്ഥ എന്താണെന്നുമുള്ള ഒരു പരമാർശത്തോടുള്ള പ്രതികരണമായാണ് സ്വരാജ് ഇതു പറഞ്ഞത്. പഴയ നേതാക്കളിൽ നിന്നൊക്കെ ഈ വാചകം ഏറെ കേട്ടിട്ടുള്ളവരാണ് മലയാളികൾ. എന്നാലിപ്പോളാരും പരസ്യമായി പറയാറില്ല. പാർട്ടി യോഗങ്ങളിൽ പറയാറുണ്ടായിരിക്കും.


100 വർഷം കഴിഞ്ഞപ്പോൾ എന്തുകൊണ്ട് കമ്യൂണിസ്റ്റ് പാർട്ടി ഫലത്തിൽ ഒരു സംസ്ഥാനത്തു മാത്രം ഒതുങ്ങി എന്ന വിഷയം ഗൗരവമായ ചർച്ച അർഹിക്കുന്നു. വാസ്തവത്തിൽ അതിനുള്ള മറുപടി സ്വരാജിന്റെ വാക്കുകളിൽ തന്നെയുണ്ട്. ഇന്ത്യയിലെന്നല്ല, ലോകം മുഴുവൻ കമ്യൂണിസ്റ്റ് പാർട്ടികളുടെ തകർച്ചക്കു പ്രധാന കാരണവും മറ്റൊന്നല്ല. ഒറ്റ വാചകത്തിൽ പറഞ്ഞാൽ ജനാധിപത്യത്തോട് നിഷേധാത്മക നിലപാട് സ്വീകരിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലേറിയ മിക്കവാറും രാഷ്ട്രങ്ങളിലെല്ലാം നടന്ന പ്രക്ഷോഭങ്ങൾ ജനാധിപത്യാവകാശത്തിനു വേണ്ടിയായിരുന്നല്ലോ.
സമത്വ സുന്ദരമായ ഒരു ലോകത്തെ വിഭാവനം ചെയ്തുതന്നെയായിരുന്നു ലോകമെങ്ങും കമ്യൂണിസ്റ്റ് പാർട്ടികൾ രൂപം കൊണ്ടതും പലയിടത്തും അധികാരത്തിലേറിയതും. എന്നാൽ തൊഴിലാളിവർഗ സർവാധിപത്യത്തിലെത്താനെന്ന അവകാശവാദത്തിൽ പാർട്ടിയുടെ സമഗ്രാധിപത്യമായിരുന്നു എല്ലായിടത്തും നടന്നത്. തൊഴിലാളി വർഗത്തിന്റെ പ്രതിനിധി തങ്ങളാണെന്ന അവകാശവാദത്തിൽ പാർട്ടിയുടെ സർവാധിപത്യം നടപ്പായി. കഴിഞ്ഞില്ല, ജനാധിപത്യ വിരുദ്ധമായ സ്റ്റാലിനിസ്റ്റ് പാർട്ടി ചട്ടക്കൂടിലൂടെ അത് ഏതാനും വ്യക്തികളിലേക്കും ചിലപ്പോൾ ഒരു വ്യക്തിയിലേക്കും കേന്ദ്രീകരിച്ചു. തങ്ങളുടെ ആശയാവാഷ്‌കാരങ്ങൾക്ക് ഒരു വേദി പോലും ജനങ്ങൾക്കുണ്ടായില്ല. 


ബൂർഷ്വാ ജനാധിപത്യത്തെ തകർത്ത് സോഷ്യലിസം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നവകാശപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടികളുടെ ഭരണം ചരിത്രപരമായി അതിനേക്കാൾ പിറകിലായിരുന്നു. എത്രയോ പോരാട്ടങ്ങളിലൂടെ പ്രജകളിൽ നിന്ന് പൗരന്മാരായി മാറിയ ജനസമൂഹങ്ങൾ നേടിയെടുത്ത വോട്ടാവകാശം പോലും നിഷധിക്കപ്പെട്ടു. വ്യത്യസ്ത ആശയങ്ങൾക്കോ അവ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങൾക്കോ പ്രവർത്തന സ്വാതന്ത്ര്യമില്ലാതായി. ഏതെങ്കിലും രീതിയിലുള്ള പ്രതിഷേധ സ്വരങ്ങളെയെല്ലാം ചോരയിൽ മുക്കി കൊല്ലുകയായിരുന്നു. എന്തിനേറെ, വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞിരുന്ന പാർട്ടി നേതാക്കൾ പോലും കൊല്ലപ്പെട്ടു. സ്വാഭാവികമായും ജനാധിപത്യാവകാശങ്ങൾക്കു വേണ്ടി ജനങ്ങൾ, പലയിടത്തും വിദ്യാർത്ഥികൾ രംഗത്തിറങ്ങി. അവരെ എങ്ങനെയായിരുന്നു കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ നേരിട്ടതെന്നത് സമകാലിക ചരിത്രം. ജനങ്ങളുടെ സ്വാതന്ത്ര്യാഭിലാഷങ്ങളെ തകർത്ത് ഒരു ഭരണകൂടത്തിനും നിലനിൽക്കാനാവില്ല എന്ന ചരിത്രപാഠം ഒരിക്കൽ കൂടി ലോകമാകെ ആവർത്തിക്കുകയായിരുന്നു. 


ഇന്ത്യയെ സംബന്ധിച്ച് ചരിത്രം വ്യത്യസ്തമാണ്. രൂപീകരണമൊക്കെ നടന്നെങ്കിലും ചില നഗരങ്ങളിലെ തൊഴിലാളികൾക്കിടയിൽ മാത്രമായിരുന്നു പാർട്ടിയുടെ സ്വാധീനം. ദേശീയ പ്രസ്ഥാനത്തിന്റേയും സ്വാതന്ത്ര്യ സമരത്തിന്റേയും വേലിയേറ്റത്തിൽ കമ്യൂണിസ്റ്റുകാരുടെ ശബ്ദം കാര്യമായൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തോട് നിഷധാത്മക നിലപാട് സ്വീകരിച്ചതോടെ ചിത്രം പൂർത്തിയായി. സ്വാതന്ത്ര്യം ലഭിച്ചപ്പോഴാകട്ടെ, അതംഗീകരിക്കാനും പാർട്ടി തയാറായില്ല. രണദിെവ തീസിസിന്റെ പേരിൽ രാജ്യത്ത് പല ഭാഗത്തും കലാപങ്ങളുണ്ടാക്കാനും ശ്രമം നടന്നു. പിന്നീട് ആ സമീപനം ഉപേക്ഷിച്ച് ജനാധിപത്യ സംവിധാനത്തിലും തെരഞ്ഞെടുപ്പിലും പങ്കെടുക്കാനാരംഭിച്ചെങ്കിലും അതെല്ലാം ഇപ്പോൾ സ്വരാജ് ആവർത്തിക്കുന്ന നിലപാടിൽ നിന്നായിരുന്നു. സത്യസന്ധമായിട്ടായിരുന്നില്ല, അടവിന്റേയും തന്ത്രത്തിന്റേയും മറ്റും പേരു പറഞ്ഞായിരുന്നു തെരഞ്ഞെടുപ്പൽ ഇടപെട്ടിരുന്നത്. അണികളെ പഠിപ്പിച്ചിരുന്നതും അങ്ങനെയായിരുന്നു. അതിനാൽ തന്നെ ജനാധിപത്യ സംവിധാനത്തിൽ മെയ്‌വഴക്കത്തോടെ ഇടപെടാനായില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജ്യോതി ബാസുവിനു ലഭിക്കുമായിരുന്ന പ്രധാനമന്ത്രിസ്ഥാനം നിരസിച്ചത്. തങ്ങൾക്ക് ആധിപത്യമില്ലാത്ത ഭരണത്തിൽ പങ്കെടുക്കില്ല എന്ന സമീപനം തന്നെ ജനാധിപത്യ സംവിധാനത്തിന് ഗുണകരമല്ല. അന്ന് മറിച്ചൊരു തീരുമാനമെടുത്തിരുന്നെങ്കിൽ ഒരുപക്ഷേ ചരിത്രം വേറെയാകുമായിരുന്നു. ഇനിയെങ്കിലും ജനാധിപത്യത്തോട് സത്യസന്ധമായ നിലപാട് സ്വീകരിക്കാനാണ് പാർട്ടി തയാറാകേണ്ടത്. മറുവശത്ത് ബൂർഷ്വാ പാർട്ടികളുടേത് എന്ന് ആക്ഷേപിക്കുന്ന എല്ലാതരം ജീർണതകൾക്കും പാർട്ടി വിധേയമാകുകയും ചെയ്തു.


തീർച്ചയായും ഇന്ത്യയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളരാതിരിക്കാൻ വേറെയും നിരവധി കാരണങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നിനെ കൂടി പരാമർശിക്കാം. സമൂർത്ത സാഹചര്യങ്ങളുടെ സമൂർത്ത വിശകലനം എന്ന മാർക്‌സിസറ്റ് ആശയത്തിനു വിരുദ്ധമായിട്ടായിരുന്നു പാർട്ടി ഇന്ത്യൻ സാഹചര്യത്തെ വിലയിരുത്തിയത്. അതിനാലായിരുന്നു ഇന്ത്യൻ സാഹചര്യത്തിൽ ഏറ്റവും പ്രധാനമായ ജാതി വ്യവസ്ഥയേയും ചാതുർവർണ്യ - മനുസമ്ൃതി മൂല്യങ്ങളേയും പാർട്ടിക്ക് കാണാനാകാതിരുന്നത്. വ്യാവസായിക വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിലെ സാഹചര്യങ്ങൾക്കനുസൃതമായി മാർക്‌സ് രൂപം കൊടുത്ത വർഗ സമരത്തിലേക്ക് ഇന്ത്യൻ സാഹചര്യത്തേയും ഒതുക്കുകയായിരുന്നു പാർട്ടി ചെയ്തത്.  അംബേദ്കർ രാഷ്ട്രീയത്തേയും ജാതി സംവരണത്തേയുമൊക്കെ പാർട്ടിക്കു മനസ്സിലാകാതിരുന്നതിനുള്ള പ്രധാന കാരണം അതായിരുന്നു. ഇന്ന് ഭീമാകാരം പൂണ്ടിരിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ചയെ തിരിച്ചറിഞ്ഞ് പ്രതിരോധം പടുത്തുയർത്താനും പാർട്ടിക്കായില്ല. ഫലത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നു തന്നെ കമ്യൂണിസ്റ്റ് പാർട്ടികൾ അപ്രസക്തമായി. ചില എം എൽ ഗ്രൂപ്പുകൾ ഇക്കാര്യത്തിൽ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നു എങ്കിലും അടിസ്ഥാനപരമായി ജനാധിപത്യത്തെ അവരും അംഗീകരിക്കുന്നില്ല. മാവോയിസ്റ്റുകളാകട്ടെ, ഇന്നും കിനാവ് കാണുന്നത് സായുധ വിപ്ലവത്തേയും.

 
തീർച്ചയായും കേരളത്തിൽ സ്ഥിതി അൽപം വ്യത്യസ്തം തന്നെയാണ്. കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിനു മുമ്പു തന്നെ ഇവിടെ ശക്തമായ, സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നുള്ള നവോത്ഥാന പ്രസ്ഥാനങ്ങൾ സൃഷ്ടിച്ച മൂല്യങ്ങൾ സാമൂഹ്യ മൂലധനമാക്കി മാറ്റാനവർക്ക് കഴിഞ്ഞതാണ് അതിനു പ്രധാന കാരണം. തീർച്ചയായും അവയുടെ അന്തഃസത്ത പാർട്ടി ഉൾക്കൊണ്ടിരുന്നില്ല. പക്ഷേ അവയെ സംഘടനാപരമായി സ്വാംശീകരിക്കുന്നതിൽ അവർ വിജയിച്ചു. അങ്ങനെയാണ് കേരളത്തിലെ ആദ്യ മന്ത്രിസഭ കമ്യൂണിസ്റ്റ് പാർട്ടിയുടേതായത്. പിന്നീട് ഒറ്റക്കായില്ലെങ്കിലും, മുന്നണി സംവിധാനത്തിലൂടെ മാറിമാറി അധികാരത്തിലെ പങ്കാളിത്തം തുടർന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക ശക്തിയായി അത് മാറി. ബൂർഷ്വാ പാർട്ടികൾ എന്നാരോപിക്കുന്ന മറ്റു പാർട്ടികളിൽ നിന്ന് ഗുണപരമായി ഒരു മാറ്റവും കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇന്നില്ല. അതേസമയം ഇന്നും ജനാധിപത്യത്തെ സത്യസന്ധമായി അംഗീകരിക്കാനും അവർ തയാറില്ല. തങ്ങൾ വിപ്ലവം നടത്താൻ ജനിച്ചവരാണെന്നും തൽക്കാലം ഈ സംവിധാനത്തിൽ പ്രവർത്തിക്കുന്നു എന്നു മാത്രമേയുള്ളൂ എന്ന സ്വരാജ് പറഞ്ഞ നിലപാടു തന്നെയാണ് ഇപ്പോഴും പാർട്ടിയുടേത്. നിരവധി അഴിമതിയാരോപണങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് സ്വരാജിന്റെ ഈ പ്രഖ്യാപനം എന്നതായിരിക്കാം വർത്തമാനകാലത്തെ വൈരുധ്യാധിഷ്ഠിത വാദം. 

Latest News