ഗായികയെ പീഡിപ്പിച്ചുവെന്ന് പരാതി; എം.എല്‍.എക്കും മകനുമെതിരെ കേസ്

വിജയ് മിശ്ര

ലഖ്‌നൗ- ഗായികയായ യുവതി നല്‍കിയ പീഡന പരാതിയില്‍ ഉത്തര്‍പ്രദേശില്‍
എം.എല്‍.എക്കും മകനും ബന്ധുവിനുമെതിരെ പോലീസ് കേസെടുത്തു. ഭരണകക്ഷിയായ ബി.ജെ.പിയുടെ സഖ്യകക്ഷിയായ നിഷാദ് പാര്‍ട്ടി എംഎല്‍എ വിജയ് മിശ്രയ്‌ക്കെതിരെ 25 കാരിയായ ഗായിക നല്‍കിയ പരാതിയില്‍ ഗോപാല്‍ഗഞ്ച് പോലീസാണ് കേസെടുത്തത്.

2014 ലായിരുന്നു ആദ്യ പീഡനം നടന്നതെന്ന് ബദോഹി പോലീസ് ഓഫീസര്‍ രാംബദന്‍ സിങ് പറഞ്ഞു. ഗായികയെ ഒരു സംഗീത പരിപാടിക്കായി വീട്ടിലേക്ക് വിളിച്ചു വരുത്തുകയും, അവിടെ വെച്ച് ബലാല്‍സംഗം ചെയ്യുകയുമായിരുന്നു.  വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.  
പിന്നീട് 2015 ല്‍ വാരാണസിയിലെ ഹോട്ടലില്‍ വെച്ച് വിജയ് മിശ്ര വീണ്ടും ബലാല്‍സംഗം ചെയ്തുവെന്ന്  ഗായിക പരാതിയില്‍ പറയുന്നു. ഇതിനുശേഷം യുവതിയെ വീട്ടില്‍ കൊണ്ടുചെന്നാക്കാന്‍ മകനോടും അനന്തരവനോടും എം.എല്‍.എ ആവശ്യപ്പെട്ടു.

എന്നാല്‍ ഇവര്‍ വീട്ടിലേക്ക് കൊണ്ടുപോകാതെ, മറ്റൊരിടത്തു കൊണ്ടു പോയി കൂട്ടബലാല്‍സംഗം ചെയ്തുവെന്നും ഗായിക പരാതിയില്‍ പറയുന്നു.

ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ വിജയ് മിശ്ര എം.എല്‍.എ ഇപ്പോള്‍ ജയിലിലാണ്. ചിത്രകൂട് ജയിലിലായിരുന്ന വിജയ് മിശ്രയെ ആഗ്ര ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

 

 

Latest News