Sorry, you need to enable JavaScript to visit this website.

ആഭ്യന്തര ടൂറിസം മേഖലയിൽ ഉണർവ്


റിയാദ് - കൊറോണ പ്രത്യാഘാതങ്ങൾ കാരണമായി വിദേശ യാത്രകൾക്കുള്ള പ്രയാസത്തിന്റെയും ലോക്ഡൗണിന്റെയും ഫലമായി ആഭ്യന്തര ടൂറിസം മേഖലയിൽ ഉണർവുള്ളതായി റിപ്പോർട്ട്. ടൂറിസം മേഖലയിലെ ധനവിനിയോഗം കഴിഞ്ഞ വർഷം 53 ബില്യൺ റിയാലായി ഉയർന്നു. 2018 ൽ ഇത് 48 ബില്യൺ റിയാലായിരുന്നു. ടൂറിസം മേഖലാ ധനവിനിയോഗത്തിൽ കഴിഞ്ഞ കൊല്ലം 10.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ആഭ്യന്തര ടൂറിസ്റ്റുകൾ നടത്തിയ ധനവിനിയോഗത്തിൽ 40 ശതമാനം യാത്രകൾക്കും ഷോപ്പിംഗിനും 25 ശതമാനം കുടുംബ, സൗഹൃദ സന്ദർശനങ്ങൾക്കും 27 ശതമാനം മത ആവശ്യങ്ങൾക്കും അവശേഷിക്കുന്നവ മറ്റു ആവശ്യങ്ങൾക്കുമായിരുന്നു. 


കഴിഞ്ഞ വർഷം ആഭ്യന്തര ടൂറിസ്റ്റുകൾ 4.8 കോടി യാത്രകളാണ് നടത്തിയത്. 2018 ൽ ഇത് 4.26 കോടിയായിരുന്നു. ആഭ്യന്തര വിനോദ സഞ്ചാരികൾ കഴിഞ്ഞ വർഷം നടത്തിയ യാത്രകളിൽ 12.6 ശതമാനം വളർച്ച രേഖപ്പെടുത്തി. ആഭ്യന്തര ടൂറിസ്റ്റുകളും വിദേശ ടൂറിസ്റ്റുകളും കഴിഞ്ഞ വർഷം ആകെ 154 ബില്യൺ റിയാൽ ചെലവഴിച്ചതായാണ് കണക്ക്. ടൂറിസ്റ്റുകളുടെ ആകെ ധനവിനിയോഗത്തിൽ കഴിഞ്ഞ വർഷം 8.8 ശതമാനം വളർച്ചയാണുണ്ടായത്. ടൂറിസ്റ്റുകളുടെ ധനവിനിയോഗത്തിൽ 65.6 ശതമാനം വിദേശ ടൂറിസ്റ്റുകളുടെ സംഭാവനയായിരുന്നു. അന്താരാഷ്ട്ര വിമാന സർവീസുകളും ടൂറിസ്റ്റ് വിസകളും പുനരാരംഭിക്കുന്നതോടെ ടൂറിസം മേഖലയിൽ വലിയ ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 


കൊറോണ പ്രതിസന്ധി ആഭ്യന്തര ടൂറിസം മേഖലയിൽ ഉണർവുണ്ടാക്കാൻ സഹായിച്ചതായി ടൂറിസം മേഖലാ വിദഗ്ധനും നിക്ഷേപകനുമായ മുഹമ്മദ് അൽഅൻഖരി പറഞ്ഞു. സ്വന്തം രാജ്യത്തെ ചരിത്ര, പൈതൃക കേന്ദ്രങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാൻ കൊറോണ പ്രതിസന്ധി സ്വദേശികളെ പ്രേരിപ്പിച്ചു. സൗദി അറേബ്യ പ്രകൃതി, പൈതൃക സമ്പന്നമാണ്. നിക്ഷേപങ്ങൾ നടത്താൻ സ്വകാര്യ മേഖലക്ക് അവസരമൊരുക്കി ഈ കേന്ദ്രങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. മിതമായ നിരക്കിൽ സൗദിയിലെ വിനോദ സഞ്ചാര, പൈതൃക, ചരിത്ര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ടൂറിസ്റ്റുകൾക്ക് അവസരമൊരുക്കുന്നതിന് സ്വകാര്യ മേഖലയുടെ സജീവ പങ്കാളിത്തം പ്രയോജനപ്പെടുത്തണം. 
വിനോദ മേഖലയിലെ ലോക്ഡൗൺ ടൂറിസം മേഖലാ സ്ഥാപനങ്ങളിലേക്കുള്ള പണമൊഴുക്കിനെ ബാധിച്ചു. ഇത് ജീവനക്കാരുടെ വേതനം അടക്കമുള്ള ചെലവുകൾ വഹിക്കാനുള്ള സ്ഥാപനങ്ങളുടെ ശേഷിയെ പ്രതികൂലമായി ബാധിച്ചു. വിനോദ മേഖലയിൽ ആയിരക്കണക്കിന് സൗദി യുവതീയുവാക്കൾ ജോലി ചെയ്യുന്നുണ്ട്. കൊറോണ പ്രതിസന്ധി പൂർണമായും അവസാനിക്കുന്നതോടെ ടൂറിസം മേഖല പൂർണ തോതിൽ ഉണർവ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഹമ്മദ് അൽഅൻഖരി പറഞ്ഞു. 


സൗദിയിൽ വൻകിട ടൂറിസം പദ്ധതികൾ നടപ്പാക്കിവരികയാണ്. പശ്ചിമ റിയാദിലെ ഖിദിയ പദ്ധതി, നിയോം പദ്ധതി, റെഡ്‌സീ പദ്ധതി, അമാലാ പദ്ധതി എന്നിവ ഇതിൽ പെടുന്നു. ഇതോടൊപ്പം അൽഉല, മദായിൻ സ്വാലിഹ്, ദിർഇയ അടക്കമുള്ള ചരിത്ര, പൈതൃക കേന്ദ്രങ്ങളിൽ നവീകരണ പദ്ധതികളും നടപ്പാക്കുന്നുണ്ട്. ജിദ്ദ, മക്ക, മദീന, റിയാദ്, തായിഫ്, അബഹ പോലുള്ള നഗരങ്ങൾ ആഭ്യന്തര ടൂറിസ്റ്റുകളെ വൻതോതിൽ ആകർഷിക്കുന്നു. കൊറോണ പ്രതിസന്ധിക്കിടെ അവധിക്കാലം ചെലവഴിക്കുന്നതിന് നിരവധി സൗദികൾ ഈ നഗരങ്ങളാണ് തെരഞ്ഞെടുത്തത്. 

 

Latest News