Sorry, you need to enable JavaScript to visit this website.

ഫ്രഷ് ടു ഹോമിലേക്ക് 900 കോടിയുടെ യു.എസ് നിക്ഷേപം

ബൈജൂസ് ആപ്പിനു ശേഷം യുണികോൺ സ്റ്റാർട്ടപ്പാകാനുള്ള ചുവടുവെപ്പുമായി മലയാളികൾ തുടങ്ങിയ മലയാളി സ്റ്റാർട്ടപ്പ് ആയ ഫ്രഷ് ടു ഹോം. പേര് പോലെ തന്നെ ഇറച്ചിയും മീനും ഫ്രഷ് ആയി ഓൺലൈൻ ഡെലിവറി നടത്തി ആരംഭിച്ച ആപ്പിലേക്ക് 900 കോടി രൂപയുടെ നിക്ഷേപമാണ് എത്തുന്നത്. അമേരിക്കൻ സർക്കാരിന് കീഴിലുള്ള ഡെവലപ്‌മെന്റ് ഫിനാൻസ് കോർപറേഷൻ (ഡി.എഫ്.സി) ആണ് 'ഫ്രഷ് ടു ഹോമി'ൽ നിക്ഷേപം നടത്തുന്നത്. ഓഹരി മൂലധനമായിട്ടായിരിക്കും ഡി.എഫ്.സി ഫ്രഷ് ടു ഹോമിൽ ഫണ്ട് ഇറക്കുക. ഇത്തരത്തിൽ ഡി.എഫ്.സിയുടെ നിക്ഷേപമെത്തുന്ന ആദ്യ ഇന്ത്യൻ കമ്പനിയും ഫ്രഷ് ടു ഹോമായിരിക്കും. മലയാളികളായ മാത്യു ജോസഫ്, ഷാൻ കടവിൽ എന്നിവർ ചേർന്ന് തുടക്കമിട്ട സംരംഭം ഇറച്ചിയും മീനും നൽകുന്നതോടൊപ്പം ആന്റിബയോട്ടിക് ഫ്രീ ചിക്കൻ എത്തിച്ചാണ് മലയാളി ഉപഭോക്താക്കൾക്കിടയിലും താരമായത്. കടൽ മത്സ്യങ്ങൾ, ചിക്കൻ, മട്ടൻ, റെഡി ടു കുക്ക് വിഭവങ്ങൾ തുടങ്ങിയവയാണ് ഇവർ ഹോം ഡെലിവറി ചെയ്യുന്നത്. ചിലയിടങ്ങളിൽ പച്ചക്കറിയും ഡെലിവറി നടത്തുന്നു. കേരളത്തിന് പുറമെ മുംബൈ, ദൽഹി, ചെന്നെ, ബംഗളൂരു, ഹൈദരാബാദ്, പൂനെ തുടങ്ങിയ ഇടങ്ങളിലും ആപ്പിന് സാന്നിധ്യമുണ്ട്. ഇന്ത്യക്ക് പുറത്ത് യു.എ.ഇയിൽ ആണ് ഫ്രഷ് ടു ഹോമിന് സാന്നിധ്യമുള്ളത്. നിക്ഷേപം സംബന്ധിച്ച് വരും ദിവസങ്ങളിൽ ഒൗദ്യോഗിക അറിയിപ്പുണ്ടാകുമെന്നാണ് കമ്പനിയുടെ അടുത്ത വൃത്തങ്ങൾ പറയുന്നത്.
 

Latest News