പൗരത്വ ഭേദഗതി നിയമം വൈകിയത് കോവിഡ് മൂലം, ഉടന്‍ നടപ്പിലാക്കുമെന്ന് ബിജെപി അധ്യക്ഷന്‍

കൊല്‍ക്കത്ത- വംശീയ വിവേചനവും മുസ്‌ലിം വിരുദ്ധതയും ആരോപിക്കപ്പെട്ട വിവാദ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കാന്‍ വൈകിയത് കോവിഡ് മൂലമാണെന്നും ഇതു ഉടന്‍ നടപ്പിലാക്കുമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജഗത് പ്രകാശ് നഡ്ഡ. പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടേയും മോഡിജിയുടേയും നയം എല്ലാര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്നതാണ്, മറ്റു പാര്‍ട്ടികളുടെ നയം സമൂഹത്തെ ഭിന്നിപ്പിക്കുക, വിഭജിച്ചു ഭരിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കേരളം, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം തെരഞ്ഞെടുപ്പു നടക്കുന്ന ബംഗാളില്‍ ബിജെപി സജീവ നീക്കങ്ങളാണ് നടത്തി വരുന്നത്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് നഡ്ഡ ഇങ്ങനെ പറഞ്ഞത്. ബംഗാളില്‍ ഹിന്ദു സമുദായം മമത സര്‍ക്കാരില്‍ നിന്ന് ഏറ്റുവാങ്ങുന്ന തിരിച്ചടികള്‍ കണ്ടിട്ടുണ്ടാകും. ഇതു തിരിച്ചറിഞ്ഞ് സമൂഹത്തിലെ എല്ലാവരേയും ഉള്‍ക്കൊള്ളാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. ഇവര്‍ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം കളിക്കുന്നവരാണ്. അധികാരത്തില്‍ തുടരാന്‍ രാഷ്ട്രീയം നടത്തുന്നവരാണിവര്‍- അദ്ദേഹം പറഞ്ഞു.  

Latest News