Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് 100 വയസ്സ്


കമ്യൂണിസം പോലെ തർക്കമുതിർക്കുന്നതാണ് കമ്യൂണിസത്തിന്റെ ചരിത്രവും.  'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്ന് അക്കിത്തം വിവക്ഷിച്ചത്, നിഷ്‌കൃഷ്ടമായി സാധുവാകുന്നു.  മഹാനായ ലെനിനുമായി കൊമ്പു കോർത്തിരുന്ന എം.എൻ. റോയ് സ്ഥാപിച്ച പാർട്ടിക്കവകാശപ്പെട്ടതാണ് നൂറ്റാണ്ടിന്റെ ചരിത്രം. ലെനിനെ അദ്ദേഹത്തിന്റെ പാട്ടിനു വിട്ട് ഇന്ത്യയിലേക്കു മടങ്ങിയ റോയിക്ക് തന്റേതായ മൗലിക മനുഷ്യവാദം ഉദ്‌ഘോഷിക്കേണ്ടി വന്നു. ലെനിനെയും ഗാന്ധിയെയും താരതമ്യപ്പെടുത്തിക്കൊണ്ട് ഒരു നൂറ്റാണ്ടു മുമ്പ് ശ്രീപദ് അമൃത് ഡാങ്കേ രചിച്ച ലഘുഗ്രന്ഥമായിരുന്നു ഇന്ത്യൻ കമ്യൂണിസത്തിന്റെ ആദ്യത്തെ പ്രസിദ്ധീകരണം. ഒരു മറാത്തി തുണി വ്യവസായിയുടേതായിരുന്നു മൂലധനം.


വിപ്ലവ ഭൂമിയായ കൊൽക്കത്തയിലോ മുംബൈയിലോ ഉടലെടുത്തതല്ല ഇന്ത്യൻ കമ്യൂണിസം.  ഒരു സംഘടന എന്ന നിലയിൽ പാർട്ടിയെ പടുക്കാൻ ശ്രമിച്ചവരിൽ മുമ്പന്മാരായിരുന്നു കാൺപൂരിലെ സത്യനാരായൺ സിംഗും ചെന്നൈയിലെ ശിങ്കാരവേലു ചെട്ടിയാരും.  മുപ്പതുകളായിരുന്നു കാലം. ഹിന്ദി മേഖലയിലെ കമ്യൂണിസം ചുവന്നു തുടുത്തില്ല. തുടക്കക്കാരൻ സിംഗ് ആദ്യ യോഗത്തിൽനിന്നു തന്നെ പുറത്തായി.  എം.എൻ റോയ് നേരത്തേ പ്രസ്ഥാനത്തിനു പുറത്തായിരുന്നു.  കാലത്തിനു കുറുകെ കുതിച്ചെത്തിയാൽ, എഴുപതുകളിൽ  രസം പകരുന്ന ഒരു ഉൾപാർട്ടി സമരം ഡാങ്കേ നയിച്ചിരുന്നതു കാണാം. അദ്ദേഹം മകളോടൊപ്പം പുറത്തായി.  മരുമകൻ ബാണി ദേശ് പാണ്ഡേ, അദൈ്വതവും ആദിമ കമ്യൂണിസവും ബന്ധപ്പെടുത്തിക്കൊണ്ട് പ്രബന്ധമെഴുതിയ ആൾ, എങ്ങോ മറഞ്ഞെന്നറിയില്ല. 


നൂറ്റാണ്ടിന്റെ കഥ പിൻതുടർന്നാൽ, പുറം പാർട്ടി സമരത്തേക്കാൾ കൂടുതൽ കമ്യൂണിസ്റ്റ് ഹരം പകർന്നിരുന്നത് ഉൾപാർട്ടി സമരമാണെന്നു തെളിഞ്ഞുവരും.  അതിനും തർക്കപ്രിയനായ ഇ.എം.എസ് നമ്പൂതിരിപ്പാട് ചരിത്രത്തിന്റെയും വർഗ വിശ്ലേഷണത്തിന്റെയും ന്യായം കണ്ടെത്തി.  ബോൾഷെവിക്കുകളും മെൻഷെവിക്കുകളും തമ്മിൽ നടന്ന സമരം ഓർക്കുക. തന്ത്രപരമായി ലെനിൻ അവരെ മാറി മാറി സഹായിച്ചു, ഒടുവിൽ ബോൾഷെവിക് വിജയം സാധ്യമാകും വരെ. ബുദ്ധിരാക്ഷസനായ ലിയോൺ ട്രോട്‌സ്‌കിയും ഉൾപാർട്ടി സമരത്തിൽ ഉഗ്രമായി പോരാടി. പക്ഷേ സ്റ്റാലിന്റെ വേട്ടനായ്ക്കളിൽനിന്ന് മെക്‌സിക്കോയിലേക്ക് ഓടിരക്ഷപ്പെടേണ്ടി വന്നു. അവിടെ സ്റ്റാലിൻ ചരിത്രം വളച്ചൊടിച്ചതെങ്ങനെ എന്ന പുസ്തകം എഴുതിക്കൊണ്ടിരിക്കേ, ഊഹിക്കാവുന്ന ആരോ അദ്ദേഹത്തെ ചുറ്റിക കൊണ്ട് തലക്കടിച്ചുകൊന്നു. ഉൾപാർട്ടി സമരം മിക്കപ്പോഴും ആഭ്യന്തര യുദ്ധമായി മാറുന്നതായിരുന്നു കമ്യൂണിസ്റ്റ് പാരമ്പര്യം. 


ഇന്ത്യയിൽ സായുധ വിപ്ലവത്തിനു സമയമായോ ഇല്ലയോ എന്ന ചർച്ച എണ്ണം പറഞ്ഞ ഉൾപാർട്ടി സമരത്തിനു വഴിമരുന്നിട്ടു. വ്യവസായത്തൊഴിലാളികൾ കൂട്ടംകൂട്ടമായി വിപ്ലവം കൊണ്ടാടുന്ന സ്ഥിതിയിലെത്തിയത് ആ സമരത്തിന്റെ പരിണാമമായിരുന്നു. കർഷകരെയും കൃഷിത്തൊഴിലാളികളെയും അണിനിരത്തുന്നതിലായിരുന്നില്ല അന്നത്തെ ശ്രദ്ധ. സായുധ വിപ്ലവത്തിനു നേരമായെന്നു സ്ഥാപിച്ച ബി. ടി. രണദിവെയുടെ സിദ്ധാന്തം കൊൽക്കത്ത തീസിസ് എന്നറിയപ്പെട്ടു.  പാർട്ടിയിൽ അതിനെതിർനിന്നവർ അപലപിക്കപ്പെട്ടു. ഒന്നുകിൽ പുറത്ത്, അല്ലെങ്കിൽ അരയും തലയും മുറുക്കി വിപ്ലവത്തിന്റെ   മുന്നണിയിൽ. 'പുസ്തക ജ്ഞാനവും വെച്ച് ജീവനുള്ള മനുഷ്യരെ വാഴയെപ്പോലറുപ്പിച്ചു ഞാനാം പാതാള ഭൈരവൻ' എന്ന അക്കിത്തം വരികളുടെ സൂചനയും മറ്റൊന്നല്ല. 
ആ കാലഘട്ടത്തിന്റെ സന്ദിഗ്ധതകളും വൈരാഗ്യങ്ങളും നിസ്സഹായതകളും പകർത്തുന്ന ഒരു പുസ്തകമുണ്ട്, കോടതിയിൽ വാക്ശരങ്ങളും നറുമൊഴികളും വാരി വിതറി, ന്യായാധിപന്മാരെ വശത്താക്കിയിരുന്ന എ.എസ്.ആർ. ചാരി എന്ന അഭിഭാഷകന്റെ -  ഇീിളലശൈീി െ ീള  മി  ഡിൃലുലിലേി േകിറശമി ഇീാാൗിശേെ.


മുംബൈയിൽ ഒരു പാർട്ടി കമ്മിറ്റിയുടെ അവസാന യോഗം നടക്കാൻ മണിക്കൂറുകൾ മാത്രം. അധികാരത്തിന്റെ പിണിയാളുകളെ ആയുധവുമായി നേരിടാനുള്ള തീരുമാനം എടുക്കാനിരിക്കുന്നു. അതിൽ പങ്കെടുക്കേണ്ട ഒരാളായിരുന്ന നടൻ ബൽരാജ് സാഹ്നി. സാഹ്നി ചാരിയോടു പറഞ്ഞു: : ഞാൻ യോഗത്തിനു വരുന്നില്ല.: സ്തബ്ധനായ ചാരി കാരണം തിരക്കി.  യോഗത്തിനു പോയാൽ ഭൂരിപക്ഷത്തിന്റെ തീരുമാനത്തിനു വഴങ്ങേണ്ടി വരും. ആ തീരുമാനം നേരത്തേ അറിയാം, സായുധ സംഘട്ടനം തന്നെ.  ആ നിലപാട് സാഹ്നിക്ക് ഒട്ടും സമ്മതമായിരുന്നില്ല. അദ്ദേഹം പാർട്ടി വിട്ടു.  പിന്നെ പലരും.


കമ്യൂണിസത്തിന്റെ ചരിത്രത്തിലെ ഹിംസാത്മകമായ മണ്ടത്തരമായിരുന്നു ആ അധ്യായം. നേതാക്കൾ ഇനിയെന്തു ചെയ്യേണ്ടൂ എന്ന പതനത്തിലായി.  ഇന്ത്യൻ വിപ്ലവം ഇന്നോ നാളെയോ നടക്കാൻ പോകുന്നില്ല എന്ന് അവർക്ക് ബോധ്യമായി. വിപ്ലവത്തിന്റെ മാർഗത്തെയും സ്വഭാവത്തെയും പറ്റിയുള്ള ധാരണ തന്നെ വികലവും വിദൂഷക സദൃശവും ആയിരുന്നു. അപ്പോൾ എടുത്തതാണ് സ്റ്റാലിനുമായി സംവാദം നടത്താൻ ഒരു നാൽവർ സംഘത്തെ മോസ്‌കോയിലേക്ക് അയക്കാൻ. വിപ്ലവത്തിന്റെ വിദ്യ പഠിക്കാൻ പോയവർ
എസ്.വി. ഘാട്ടെ, അജയ് ഘോഷ്, എം. ബസവപുന്നയ്യ, സി. രാജേശ്വര റാവു എന്നിവരായിരുന്നു. ദൽഹിയിലെ വിൻഡ്‌സർ  പ്ലേസിൽ, അദ്ദേഹത്തിന്റെ അലങ്കാരങ്ങളില്ലാത്ത വസതിയിൽ, നീണ്ടുനീണ്ടുപോയ ഒരു സംഭാഷണത്തിനിടെ ബസവപുന്നയ്യ പറഞ്ഞു: സ്റ്റാലിൻ ആ വിഷയം സരസമായി സ്വീകരിച്ചു എന്നു തോന്നുന്നു. നിങ്ങളുടെ നാട്ടിനു പറ്റിയ ഒരു പോംവഴി നിങ്ങൾ തന്നെ ആലോചിച്ചുറപ്പിക്കുക..
മോസ്‌കോയിൽനിന്ന് പുതിയ ഒരു മന്ത്രമോ തന്ത്രമോ കണ്ടെടുക്കാൻ പറ്റാതെ മടങ്ങിയെത്തിയ നേതാക്കൾക്ക് അടുത്ത കൊല്ലങ്ങൾ വേറൊരു ഉൾപ്പാർട്ടി പോരിന്റേതും അധികാരാരോഹണത്തിന്റേതുമായിരുന്നു. 


ഇന്ത്യൻ യാഥാർഥ്യത്തെപ്പറ്റി പാർട്ടി പുലർത്തിപ്പോന്ന വിചാരം വികലമായിരുന്നു. പിഴച്ച നയങ്ങൾ നടപ്പാക്കേണ്ടി വന്ന കാലത്ത് സെക്രട്ടറി ആയിരുന്ന പി.സി. ജോഷി സൗമ്യനും ശുദ്ധനും പണ്ഡിതനുമായിരുന്നു. സ്റ്റാലിന്റെ സൃഷ്ടിയായ ദേശീയതാ സിദ്ധാന്തം അനുവർത്തിച്ച്, ജോഷി ഇന്ത്യ വിഭജിച്ചു പോകാവുന്ന പതിനാറു രാഷ്ട്രങ്ങളുടെ സാമഞ്ജസ്യമാണെന്നു സമർഥിക്കാൻ നോക്കി. മുസ്‌ലിംകൾക്ക് പാക്കിസ്ഥാൻ കൊടുക്കണമെന്ന് ലീഗിനേക്കാൾ മുമ്പ് കമ്യൂണിസ്റ്റ് പാർട്ടി വാദിച്ചതുകൊണ്ട് ഇന്ത്യൻ മുസ്‌ലിംകൾ ആകമാനം അതിന്റെ പിന്നിൽ അണിനിരക്കും എന്നായിരുന്നു വാദം. അതു കേട്ടപ്പോൾ പതിവില്ലാത്ത ഒരു പുഞ്ചിരിയായിരുന്നു മുഹമ്മദലി ജിന്നയുടെ പ്രതികരണം എന്ന് ഓവർ സ്റ്റ്രീറ്റ്-വിൻഡ് മില്ലർ എന്നീ ഗവേഷകർ അവകാശപ്പെടുന്നു. മുസ്‌ലിം പിന്തുണയുള്ള പാർട്ടികളെ എങ്ങനെ വശത്താക്കാം എന്നും സഖാക്കളുടെ വിചാരം. ഏറെക്കാലം ജയിലിൽ കഴിഞ്ഞുവന്ന അബ്ദുൾ നാസർ മഅ്ദനിയെ പിണറായി വിജയൻ ഇടത്തിരുത്തി പ്രകടനം നടത്തുന്നതിനുമെത്രയോ മുമ്പ് ഇ.എം.എസ് അദ്ദേഹത്തെ ഗാന്ധിജിയോട് ഉപമിച്ചിരുന്നുവെന്നോർക്കുക. അതാണ് നമ്മുടെ കമ്യൂണിസത്തിന്റെ മാർഗം എന്നു കരുതിയാൽ മതി. ഉൾപാർട്ടി സമരമെന്നും ജനാധിപത്യ കേന്ദ്രീകരണമെന്നും ഒക്കെ പറയുമ്പോൾ, എൻ.ഇ ബാലറാം പറയുമായിരുന്നു,  പ്രബലനായ സെക്രട്ടറിയുടെ വഴിക്കു വരാത്തവരെ ഒതുക്കാനുള്ള തന്ത്രം എന്നേ അർഥമുള്ളൂ.  ചരിത്ര സന്ധിയിൽ അപ്പപ്പോൾ അങ്ങനെ പ്രതിവിപ്ലവം എന്ന് ചിലപ്പോൾ വിശേഷിപ്പിക്കുന്ന സംരംഭം ഉണ്ടായിക്കണ്ടിട്ടുണ്ട്.  ചിലപ്പോൾ അത് അച്യുതാനന്ദനും വിജയനും തമ്മിലുള്ള പോരായി ചൊറിഞ്ഞുകൊണ്ടു നിൽക്കും. ചിലപ്പോൾ അത് എം.വി രാഘവനെപ്പോലെ ചിലരുടെ നിഷ്‌കാസനത്തിലേക്കു നയിക്കും. ചിലപ്പോൾ 1964 ലെ പിളർപ്പ് എന്ന വർഗ വധത്തിന് വഴിമരുന്നിട്ട സംഭവ പരമ്പരയായെന്നും വരും. അന്ന് പാർട്ടിയുമായി വഴക്കിട്ട് ഇറങ്ങിപ്പോന്നവർ പിന്നീട് സാക്ഷാൽ പാർട്ടിയായി.


ആ പിളർപ്പിലേക്കു നയിച്ച സമര പരമ്പരയിലും പുറം പാർട്ടി സമരത്തിന്റെ സ്വാധീനം കാണാം. സാധാരണ ഭാഷയിൽ പറഞ്ഞാൽ കോൺഗ്രസിനോടെന്തു സമീപനം വേണം എന്നതായിരുന്നു മുഖ്യ ചോദ്യം. ആ ചോദ്യം ആഞ്ഞടിച്ച 1956 ലെ പാലക്കാട് പാർട്ടി കോൺഗ്രസിൽ അച്യുതമേനോനും രാജേശ്വര റാവുവും കൂടി ഉന്നയിച്ച പ്രമേയത്തിന്റെ സാരം ഇന്ത്യൻ മുഖ്യധാരാ സമൂഹമായ കോൺഗ്രസുമായി കൊള്ളക്കൊടുക്ക വേണം എന്നായിരുന്നു. പിന്നെ എട്ടു കൊല്ലം വേണ്ടി വന്നു പാർട്ടി പിളരാൻ.  ആ പിളർപ്പ് ചൈനയിലേക്കുള്ള വഴിയെപ്പറ്റി ഉയർന്ന തർക്കം മാത്രമായിരുന്നില്ല.  പിന്നെപ്പിന്നെ സി.പി.എം എന്ന മുദ്ര ചാർത്തി വന്ന മുഖ്യധാരാ കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് എന്നല്ല ആരുമായും കൂട്ടുകൂടാം എന്ന നിലവരെ എത്തി. കോൺഗ്രസിനെ കുത്താൻ ഏതു ചെകുത്താനുമായും ചങ്ങാത്തമാവാം എന്ന ഇ. എം.എസിന്റെ ഉദ്ധരണ സുഖമുള്ള പ്രസ്താവം ആ നിലപാടിന് അടിവരയിടുന്നു. ബി.ജെ.പി ഒഴിച്ചെല്ലാവരുമായും ഇന്ത്യൻ കമ്യൂണിസം ഭായി-ഭായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്.  ഒരു ഘട്ടത്തിൽ അധികാരത്തിന്റെ തൃപ്പടിയിൽ രാജീവ് ഗാന്ധിയെ തടയാൻ ബി.ജെ.പി പിന്താങ്ങുന്ന ഒരു മുന്നണിയെ കെട്ടിക്കേറ്റിയതും നൂറ്റാണ്ടു കഥയുടെ ഭാഗമായിരിക്കുന്നു.  

കേരള കോൺഗ്രസിന്റെ ഒരു വിഭാഗത്തെ ചുവന്ന കുടക്കീഴിൽ പാർപ്പിക്കാനുള്ള തീരുമാനമാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉദ്ഗ്രഥന രാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ നീക്കം. കേരളമെങ്കിലും നൂറ്റാണ്ടു കണ്ട പാർട്ടിയുടെ കൈയിൽ ഒതുങ്ങണ്ടേ? ബംഗാൾ കോൺഗ്രസുമായി കൂടിയാലും കൈയടക്കാൻ പറ്റാത്ത സ്ഥിതിയാണ്. ഒരു ജില്ലയുടെ വലിപ്പമുള്ള ത്രിപുരയിൽ ഓരോ സഖാവിനെയും നേരിട്ടറിയുമായിരുന്ന വയോധികനായ നൃപൻ ചക്രവർത്തി പുറത്തായപ്പോൾ  പാർട്ടിയുടെ പതനത്തിന്റെ വഴി തുറക്കുകയായിരുന്നു. ആദ്യം കമ്യൂണിസ്റ്റ് പാർട്ടി ആന്ധ്ര ഭരിക്കും എന്നൊരു ധാരണ ഉണ്ടായിരുന്നു.  അവിടെയിപ്പോൾ തെലുഗു ഗൗരവത്തിനും മാവോ സൂക്തത്തിനുമാണ് വിപണി.  സഖാവ് സുർജിത് ജനറൽ സെക്രട്ടറിയായപ്പോൾ പാർട്ടി പ്രസിദ്ധീകരണങ്ങളിൽ പഞ്ചാബിലെ വിപ്ലവ പ്രസ്ഥാനത്തെപ്പറ്റി നിലക്കാത്ത ലേഖനങ്ങൾ വന്നു. അന്നോ ഇന്നോ ഗൗനിക്കാവുന്ന വിധത്തിൽ പാർട്ടി വളരുമെന്ന് ആരും കരുതിയില്ല. ഒരു നൂറ്റാണ്ടിന്റെ ഓർമ നുണയുമ്പോൾ, കേരളത്തിലെങ്കിലും പാർട്ടി പുളകം കൊള്ളട്ടെ.  

Latest News