തിരുവനന്തപുരം- എറണാകുളം മെഡിക്കൽ കോളജിൽ കോവിഡ് രോഗി ഓക്‌സിജൻ ലഭിക്കാതെ മരിക്കാൻ കാരണം ജീവനക്കാരുടെ അനാസ്ഥയാണെന്ന വെളിപ്പെടുത്തലിൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉത്തരവിട്ടു. ആരോഗ്യവിദ്യാഭ്യാസവകുപ്പ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. എറണാകുളം ഗവ. മെഡിക്കൽ കോളജിൽ കോവിഡ് പോസിറ്റീവായ സി.കെ ഹാരിസിന്റെ മരണത്തിന് കാരണം വെന്റിലേറ്റർ ട്യൂബുകൾ മാറിക്കിടന്നതാണെന്ന വാട്‌സാപ്പ് ശബ്ദസന്ദേശമാണ് വിവാദമായത്.
മെഡിക്കൽ കോളജിലെ നഴ്‌സിങ് ഓഫിസർ, ആശുപത്രിയിലെ വാട്‌സാപ് ഗ്രൂപ്പിൽ കൈമാറിയ ശബ്ദസന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. സുഖംപ്രാപിച്ചു വന്ന ആൾ ഇത്തരത്തിൽ മരിച്ചുവെന്നും ഡോക്ടർമാർ വിവരം പുറത്തുവിടാതിരുന്നതിനാലാണു പിഴവിന് ഉത്തരവാദികളായവർ രക്ഷപ്പെട്ടതെന്നും സന്ദേശത്തിലുണ്ട്. ആശുപത്രിയിൽ കേന്ദ്രസംഘത്തിന്റെ സന്ദർശനത്തോടനുബന്ധിച്ചു സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചു കീഴ്ജീവനക്കാർക്കുള്ള നിർദേശങ്ങളാണു പ്രധാനമായും സന്ദേശത്തിലുള്ളത്. ഇതിന്റെ ഒടുവിലായാണ് മരണത്തെപ്പറ്റി വിശദീകരിക്കുന്നത്. ഇത്തരത്തിൽ പല പിഴവുകളും സംഭവിക്കുന്നതായും അവ ഒഴിവാക്കണമെന്നും പറയുന്നു. കേന്ദ്രസംഘമെത്തുന്നതിനു മുൻപ് അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി ചർച്ച ചെയ്യാൻ ആശുപത്രി അധികൃതർ ഓൺലൈൻ യോഗം നടത്തിയിരുന്നു. ഇതിലെ തീരുമാനങ്ങളാണു പങ്കുവയ്ക്കുന്നതെന്നാണു ശബ്ദസന്ദേശത്തിൽ വിശദീകരിക്കുന്നത്.