ഗുവാഹത്തി- തർക്കത്തെ തുടർന്ന് അസം മിസോറം സംസ്ഥാനങ്ങളുടെ അതിർത്തിയിൽ വൻ സംഘർഷം. നിരവധി വീടുകളും സ്ഥാപനങ്ങളും തീവെച്ച് നശിപ്പിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. സംഘർഷം രൂക്ഷമായതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇരു സംസ്ഥാനങ്ങളുടെയും യോഗം വിളിച്ചു.
ശനിയാഴ്ച വൈകിട്ട് തുടങ്ങിയ സംഘർഷം ഇപ്പോഴും തുടരുകയാണ്. അസമിലെ കച്ചാർ ജില്ലയിലെ ലൈലാപൂർ, മിസോറാമിലെ കൊലാസിബ് ജില്ലകളിലാണ് സംഘർഷം ഉണ്ടായത്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് ഇരു സംസ്ഥാനങ്ങളും ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. അതിർത്തി പ്രദേശങ്ങളിൽ വലിയ തോതിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
അസം മുഖ്യമന്ത്രി സർബാൻദ സോനോവാളും മിസോറം മുഖ്യമന്ത്രി സോർമാതാങ്കയും പ്രധാനമന്ത്രിയുടെ ഓഫീസിനെ വിവരങ്ങൾ ധരിപ്പിച്ചതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി യോഗം വിളിച്ചത്. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ഫോണിൽ സംസാരിക്കുകയും സ്ഥിതിഗതികൾ ശാന്തമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് പറയുകയും ചെയ്തു. മിസോറാമിലേക്ക് വരുന്ന ട്രക്കുകളിൽ കോവിഡ് പരിശോധന നടത്താൻ പരിശോധന കേന്ദ്രങ്ങൾ സ്ഥാപിച്ചതാണ് സംഘർഷത്തിന് കാരണമായത്. അസമിന്റെ അതിർത്തിക്കുള്ളിലാണ് മിസോറാം പരിശോധന കേന്ദ്രങ്ങൾ സ്ഥാപിച്ചതെന്നാണ് ആരോപണം. ഇങ്ങനെ പരിശോധന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് മുമ്പ് അസമിന്റെ അനുമതി മിസോറാമിന് ഉണ്ടായിരുന്നില്ലെന്നും ആരോപണം ഉണ്ട്.