Sorry, you need to enable JavaScript to visit this website.

നാണം കെട്ട പാർട്ടിക്ക് മാത്രമേ ഇത്രയും ചെറുതാകാനാകൂ; ഇതും ഞാൻ അതിജീവിക്കുമെന്ന് സഖാവ് പുഷ്പൻ

തലശ്ശേരി- സഹോദരൻ ബി.ജെ.പിയിലേക്ക് പോയെന്ന വാർത്തയെക്കുറിച്ച് കൂത്തുപറമ്പ് വെടിവയ്പ് കേസിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ രംഗത്തെത്തി. വീഡിയോ വഴിയും, സമൂഹമാധ്യമങ്ങൾ വഴിയുമാണ് പുഷ്പൻ സംസാരിച്ചത്. പുഷ്പന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം.
പ്രിയപ്പെട്ട സഖാക്കളെ, ഈ വേദനയും എന്നെ കടന്നു പോകും കാൽ നൂറ്റാണ്ടിൽ അധികമായി ഞാൻ അനുഭവിക്കുന്നതിൽ കൂടുതലൊന്നുമല്ലല്ലൊ ഇത്. നിങ്ങളുടെ സ്‌നേഹവും അടുപ്പവുമാണ് എന്റെ കരുത്ത് അതുകൊണ്ട് ബി.ജെ.പി യുടെ ഈ കള്ളക്കഥകൾ കുത്തിയിറക്കുന്ന ഈ വേദനയും എന്നെ കടന്നു പോവുക തന്നെ ചെയ്യും.
നമ്മുടെ പ്രസ്ഥാനത്തിൽ നിന്നും സഹോദരൻ എന്നല്ല ആര് വേർപിരിഞ്ഞാലും അത് വേദനാജനകം തന്നെയാണ്. എന്നാൽ എങ്ങനെ വേർപിരിഞ്ഞു എന്നു കൂടി അറിയണമല്ലോ?
എന്നേ കുടുംബവുമായി ഒരു ബന്ധവുമില്ലാതെ അകന്നു കഴിയുന്ന ഈ സഹോദരനെ ചാരി സി.പി.എമ്മിനും എനിക്കുമെതിരെ കള്ളക്കഥ മെനയുകയാണ്.ബിജെപി. നാണംകെട്ട ഒരു പാർട്ടിക്ക് മാത്രമേ ഇത്രയും ചെറുതാനാകൂ. 
നിങ്ങൾ ഒരു പാട് പേരുടെ ആശങ്കാജനകമായ അന്വേഷണങ്ങൾ എന്തുകൊണ്ടാ ണെന്നും എനിക്കറിയാം. ജീവിക്കുന്ന രക്തസാക്ഷിയുടെ സഹോദരനും ബി.ജെ.പിയുടെ ഭാഗമായി എന്ന കള്ളപ്രചരണം തന്നെ ആ പാർട്ടിയുടെ ഗതികേടാണ്. അവർക്ക് മാത്രമേ കുടുംബ പ്രശ്‌നങ്ങൾക്ക് ഇങ്ങനെ രാഷ്ട്രീയ മാനം നൽകാൻ കഴിയൂ. ഏറെക്കാലമായി അകന്നു കഴിയുന്ന സഹോദരന്റെ സമീപകാല അവസ്ഥയിൽ ഞാനേറെ ദു:ഖിതനുമാണ്. വളരെ യോജിപ്പോടെ കഴിഞ്ഞ ഞങ്ങൾക്ക് തന്നെ ശശിയേട്ടൻ സ്വന്തം പെരുമാറ്റ വൈകല്യങ്ങൾ കാരണം ഉണ്ടാക്കിയ മനോവിഷമങ്ങൾ ചെറുതല്ല.
വളരെക്കാലമായി വീടുമായി ഒരു ബന്ധവും ഏട്ടനില്ല. സ്വന്തം വീട്ടുകാര്യങ്ങൾ  ഇങ്ങനെ പോസ്റ്റ് ചെയ്യേണ്ടി വരുന്നത് തന്നെ വലിയ വേദനയാണ്. അതിലും എത്രയോ വലിയ ശാരീരിക വേദനകളിലൂടെയാണ് എന്റെ ഇക്കാലമത്രയും ഉള്ള യാത്രകൾ?. 
വീട്ടിലെ കാര്യങ്ങൾ ഇങ്ങനെ ഒരു പോസ്റ്റിലൂടെ സഖാക്കളോട് പറയേണ്ടി വന്നതാണ് എന്റെ കൂടെയുള്ള ഈ വേദനകളേക്കാളും വലിയ വേദന. വീട്ടിലും കുടുംബത്തിലും നടന്ന പ്രധാന ചടങ്ങുകളിൽ നിന്നെല്ലാം വളരെക്കാലമായി ശശിയേട്ടൻ മാറി നിൽക്കുകയാണ്. കുടുംബത്തിൽ നിന്നകലാൻ കാരണം അദ്ദേഹത്തിന്റെ
സ്വഭാവ വൈകല്യങ്ങളാണ്. സ്വന്തം മകൻ ഷിബിനിനെതിരെ തന്നെ ചൊക്ലി പൊലീസ് സ്‌റ്റേഷനിൽ കള്ള പരാതി നൽകി എന്നതിൽ നിന്നു തന്നെ ശശിയേട്ടൻ കുടുംബത്തിൽ എത്ര മാത്രം സ്വീകാര്യനായിരുന്നുവെന്ന് നിങ്ങൾക്ക് മനസിലാക്കാമല്ലോ?.
സഹോദരങ്ങളായ രാജനും പ്രകാശനും എതിരായി ചൊക്ലി പോലീസ് സ്‌റ്റേഷനിൽ ശശിയേട്ടൻ വ്യാജ പരാതികൾ നൽകി കുടുംബത്തെ വല്ലാതെ ബുദ്ധിമുട്ടിച്ചു. സഹോദരൻ എന്ന പരിഗണനയിൽ ഇതെല്ലാം വേദനയോടെ സഹിക്കുകയായിരുന്നു ഞങ്ങൾ. കൂടാതെ വീട്ടിൽ നിരന്തരം പ്രശ്‌നങ്ങളും ഉണ്ടാക്കി. സ്വത്ത് ഭാഗം വെക്കുന്നതുമായി ബന്ധപ്പെട്ടും പ്രശ്‌നങ്ങൾ ഉണ്ടാക്കി. ഭാഗംവെക്കുന്നതിൽ ഉന്നയിച്ച ഇദ്ദേഹത്തിന്റെ അന്യായമായ അവകാശവാദങ്ങളെ എല്ലാ സഹോദരങ്ങളും ശശിയേട്ടന്റെ തന്നെ മക്കളും എതിർത്തതാണ്.
ചീട്ടുകളിച്ച് ഈ സ്ഥലവും വിൽക്കാതിരിക്കാനാണ് അവകാശവാദങ്ങൾ അംഗീകരിക്കാതിരുന്നത്. മദ്യപാനവും ചീട്ടുകളിയുമാണ് ശശിയേട്ടനെ ഈ അവസ്ഥയിൽ എത്തിച്ചത്. നിരന്തരമായ മദ്യപാനവും ചീട്ടുകളിയും കാരണം കുടുംബത്തിലും നിരന്തരം പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. ചീട്ട് കളി  കാരണം രണ്ട് സ്ഥലമാണ് വിറ്റത്. ചീട്ട് കളിക്കാൻ പണം കയ്യിൽ ഇല്ലെങ്കിൽ വല്ലാത്ത വിഭ്രാന്തിയായിരുന്നു ശശിയേട്ടന്. ഇത് കുടുംബത്തിൽ സൃഷ്ടിച്ച പ്രയാസങ്ങൾ
ഭീകരമായിരുന്നു.
എത്ര തവണ ബന്ധുക്കളും പാർട്ടിക്കാരും നേർവഴി നയിക്കാൻ ശ്രമിച്ചുവെന്നറിയാമോ? എല്ലാം നിഷ്ഫലം. മദ്യപാനത്തിൽ നിന്നും ചീട്ടുകളിയിൽ നിന്നും കരകയറാൻ കഴിയാതെ കുടുംബത്തെ തന്നെ ശശിയേട്ടൻ തള്ളിപറഞ്ഞു ലോക്ഡൗൺ കാലത്ത് ഭാര്യവീട്ടിൽ താമസിപ്പിക്കാൻ പാർട്ടിയാണ് മുൻകൈ എടുത്ത് ചർച്ച ചെയ്ത് സമവായം ഉണ്ടാക്കിയത്. പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാൻ പാർട്ടി അത്രയും ശ്രമിച്ചു.ഇത്രയും അരാജക ജീവിതത്തിന്റെ ഭാഗമായി ഒരു കൂട്ടം അസുഖങ്ങളും അദ്ദേഹത്തിന് ഉണ്ട്.  വൃക്കകൾക്ക് തകരാറുണ്ട്. പാൻക്രിയാസിൽ നീർക്കെട്ടുമുണ്ട്. ചികിത്സ പാർട്ടി തന്നെയാണ് മുൻകൈ എടുത്ത് ഉറപ്പു വരുത്തിയത്. രണ്ട് തവണ ഹൃദയസ്തംഭനം വന്ന ആളുമാണ്. ഇത്രയും അസുഖങ്ങളുള്ള ഒരാളെ നിർത്തി ഇത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നത് നികൃഷ്ടമാണ്. ബി.ജെ.പി മാത്രമാകും ഇത്രയും രോഗങ്ങളുള്ള സഹോദരന് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി.

പെരുമാറ്റ പ്രശ്‌നങ്ങൾ കാരണം കുടുംബത്തിൽ നിന്ന് ഒറ്റപ്പെട്ട ആളുടെ മാനസിക വിഭ്രാന്തിയെയാണ് എന്തും പാർട്ടിക്കെതിരെ അടിക്കാൻ ഉള്ള വടിയെന്ന നിലയിൽ ബി.ജെ.പി ഉപയോഗിക്കുന്നത്.ഇത് ബി ജെ പി എന്ന പാർട്ടിയുടെ ഗതികേട് എന്നല്ലാതെ എന്ത് പറയാൻ?
എല്ലാ അർത്ഥത്തിലും കുടുംബത്തിൽ നിന്നും അകന്ന ഒരാളുടെ വിഭ്രാന്തിയെ പോലും പാർട്ടിയെ ആക്രമിക്കാൻ ഉപയോഗിക്കുന്ന ബിജെപിയുടെ വില കുറഞ്ഞ രാഷ്ട്രീയ നീക്കങ്ങളിൽ സഹതാപം മാത്രമേ ഉള്ളൂ. കുടുംബത്തിലെ ഇത്തരം പ്രശ്‌നങ്ങളെ രാഷ്ട്രീയവത്കരിക്കുന്നത് ബിജെപിയുടെ കൂടി മനോവൈകല്യം
മാത്രമാണ്. മദ്യപാനവും പണമില്ലെങ്കിൽ  കാണിക്കുന്ന വിഭ്രാന്തിയും പോലും രാഷ്ട്രീയ പോരാട്ടത്തിന് ഉപയോഗപ്പെടുത്താൻ ബി.ജെ.പിക്ക് മാത്രമേ കഴിയൂ. സഖാക്കളെ
ഇത്രയും പെരുമാറ്റ പ്രശ്‌നങ്ങളുള്ള ഒരാളെ പാർട്ടി ഷാളണിയിച്ച് അംഗത്വം നൽകി ആഘോഷിക്കാൻ കാണിച്ച ഈ അല്പത്തരം എല്ലാവരും സഹതാപത്തോടെ യേ കാണൂ.
ഇത്രേയേയുള്ളൂ ബിജെപി എന്ന് എനിക്ക് ഇപ്പോഴാ മനസിലായത്. ഇത്ര കാലവും കുറച്ചു കൂടി വില മതിച്ചിരുന്നു. ഇപ്പോഴാണ് ഈ അഴുക്കുചാലിന്റെ ആഴം മനസ്സിലായത്. മദ്യപാന ആസക്തിയെ പോലും ആഘോഷമാക്കുന്ന ഒരു പാർട്ടിയുടെ രാഷ്ട്രീയ ശൂന്യതയിൽ ഒന്നും പറയാനില്ല. 
സഖാക്കളെ ഞാനദ്ദേഹത്തിന്റെ ഭാഗമായതു കൊണ്ടു മാത്രമാണ് നിങ്ങൾക്ക് ഈ വിഷമം ഉണ്ടായതെന്നറിയാം. ക്ഷമിക്കുക. എല്ലാ പ്രതിസന്ധികളിലും വേദനകളിലും കൂടെ നിന്ന നിങ്ങളുടെ കരുത്തിൽ ഞാനീ വിഷലിപ്ത പ്രചരണത്തേയും മറികടക്കും. 
സസ്‌നേഹം നിങ്ങളുടെ പുഷ്പൻ.
 

Latest News