കോവിഡ് പ്രതിരോധം: കേരളത്തെ കേന്ദ്ര മന്ത്രി വിമര്‍ശിച്ചിട്ടില്ലെന്ന് കെ.കെ. ശൈലജ

തിരുവനന്തപുരം- കോവിഡ് വ്യാപനം തടയുന്നതില്‍ കേരളം പരാജയപ്പെട്ടെന്ന വിമര്‍ശനത്തിന് മറുപടിയുമായി സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. 
കേന്ദ്രമന്ത്രി കേരളത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി ശൈലജ പ്രതികരിച്ചു. അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നു. വാര്‍ത്ത നിഷേധിക്കുന്നതായി അദ്ദേഹം അറിയിച്ചിട്ടുണ്ട്. അതേസമയം, കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വീഴ്ച പറ്റിയെന്ന കേന്ദ്ര ആരോഗ്യ മന്ത്രിയുടെ വിലയിരുത്തല്‍ സംസ്ഥാനത്തിന്റെ യഥാര്‍ഥ ചിത്രം പ്രതിഫലിപ്പിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു.
കോവിഡിന്റെ തുടക്കത്തില്‍ മികച്ച രീതിയില്‍ കേരളത്തിനു പ്രതിരോധിക്കാനായെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. പിന്നീട് കാണിച്ച അലംഭാവത്തിന്റെ ഫലമാണ് ഇപ്പോള്‍ സംസ്ഥാനം അനുഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളം എങ്ങനെയാണ് മികച്ചതില്‍നിന്ന് ഏറ്റവും മോശത്തിലേക്ക് എത്തിയതെന്ന് വീഡിയോയില്‍ വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങള്‍ കേരളത്തിന്റെ വീഴ്ചയില്‍നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

ഓണക്കാലത്തെ നിയന്ത്രണങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി നവരാത്രി ഉത്സവ സമയത്ത് മറ്റു സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയതാണെന്ന് മന്ത്രി ശൈലജ അറിയിച്ചു. സംസ്ഥാനത്തെ പരിശോധനകളുടെ എണ്ണം ബോധപൂര്‍വം കുറച്ചിട്ടില്ലെന്നും ശാസ്ത്രീയമായി പുനഃക്രമീകരിക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. 

പരിശോധന കുറഞ്ഞതുകൊണ്ട് കുഴപ്പമില്ല എന്നതിന് തെളിവാണ് കുറഞ്ഞ മരണ നിരക്കെന്നും കെ.കെ. ശൈലജ കൂട്ടിച്ചേര്‍ത്തു. ലക്ഷണമുള്ളവരെയും അടുത്ത സമ്പര്‍ക്കം ഉള്ളവരെയുമാണ് പരിശോധിക്കുന്നത്. ജനങ്ങള്‍ സ്വയം നിയന്ത്രണം വര്‍ധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കോവിഡ് മരണ നിരക്ക് പിടിച്ചു നിര്‍ത്തുന്നതില്‍ കേരളം വിജയിച്ചു. ഒക്ടോബര്‍ വരെയുള്ള മരണ നിരക്ക് 0.34 ശതമാനമാണ്. ഒക്ടോബറില്‍ ഇതുവരെ 0.28 ശതമാനവും. രോഗവ്യാപനം ഒറ്റയടിക്ക് വര്‍ധിക്കാതെ തടയുകയാണ് ലക്ഷ്യമെന്നും അത് നേടിയെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ രംഗത്തു വന്നു. പ്രതിപക്ഷം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ് കേന്ദ്ര ആരോഗ്യ മന്ത്രിയും പറയുന്നത്. കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെടുകയാണുണ്ടായത്. വൈകിട്ടത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങള്‍ക്കപ്പുറം യാഥാര്‍ഥ്യ ബോധത്തോടെ കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

കോവിഡ് പ്രതിരോധത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണെന്ന് വരുത്തിത്തീര്‍ക്കാന്‍ ടെസ്റ്റുകളുടെ എണ്ണം കുറച്ച് രോഗവ്യാപനം മറച്ചുവെക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അത് കാരണം നിശ്ശബ്ദമായി രോഗം സമൂഹത്തില്‍ പടര്‍ന്നു പിടിക്കുകയാണ് ചെയ്തത്. ഈ യാഥാര്‍ഥ്യം പുറത്തറിയാതിരുന്ന ഘട്ടത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുക കൂടി ചെയ്തതോടെ സ്ഥിതി വഷളായെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ തന്നെ ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. എന്നിട്ടും പ്രതിരോധ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടു. മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ മികച്ച പൊതുജനാരോഗ്യ സംവിധാനമാണ് കേരളത്തിലുള്ളത്. അതിനാല്‍ ഫലപ്രദമായി കോവിഡ് വ്യാപനത്തെ തടയാന്‍ കേരളത്തിന് കഴിയേണ്ടതായിരുന്നു. പക്ഷേ കോവിഡ് വ്യാപനം തടയുന്നതിന് പകരം വീമ്പു പറയാനും ഇത് തന്നെ അവസരമെന്ന മട്ടില്‍ അഴിമതി നടത്താനുമാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്. ഇനിയെങ്കിലും വീമ്പു പറച്ചില്‍ അവസാനിപ്പിച്ച് കോവിഡ് വ്യാപനം തടയുന്നതിനുള്ള ക്രിയാത്മക നടപടികള്‍ സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Latest News