ന്യൂദല്‍ഹി- രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ മൂര്‍ധന്യാവസ്ഥ പിന്നിട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. എല്ലാ മാനദണ്ഡങ്ങളും ചിട്ടയോടെ പിന്തുടര്‍ന്നാല്‍ അടുത്ത വര്‍ഷമാദ്യം വൈറസിന്റെ വ്യാപനം പൂര്‍ണമായും നിയന്ത്രണത്തിലാക്കാം. വരുന്ന ശൈത്യ കാലത്തും ഉത്സവ സീസണിലും നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും മൂര്‍ധന്യാവസ്ഥയിലേക്ക് പോകാമെന്നും വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു.
കോവിഡ് വീണ്ടും രൂക്ഷമായാല്‍ പ്രതിമാസം 26 ലക്ഷം രോഗികള്‍ വരെയുണ്ടാകാം. ആകെ ജനസംഖ്യയില്‍ ഇതുവരെ ആകെ 30 ശതമാനം ആളുകളില്‍ മാത്രമാണ് കോവിഡ് പ്രതിരോധ ശേഷി വികസിച്ചിരിക്കുന്നത്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാല്‍ 2021 ഫെബ്രുവരി അവസാനത്തോടെ മഹാമാരിയെ നിയന്ത്രിക്കാനാകും. അപ്പോഴേക്കും ഏകദേശം ഒരു കോടിക്കു മുകളില്‍ ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കും. നിലവില്‍ 75 ലക്ഷത്തോളം രോഗികളുണ്ട്.
മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യയിലെ മരണ സംഖ്യ ഓഗസ്റ്റില്‍ തന്നെ 25 ലക്ഷം പിന്നിടുമായിരുന്നു. എന്നാല്‍ ഇതുവരെ 1.15 ലക്ഷം ആളുകള്‍ മാത്രമാണ് കോവിഡ് ബാധിച്ചു മരിച്ചത്. എങ്കിലും ഇനിയും ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് അഭികാമ്യമല്ല. ചെറിയ പ്രദേശങ്ങളില്‍ മാത്രമേ അത് പ്രാവര്‍ത്തികമാകൂ. രാജ്യത്തെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും സജീവമാകണം.
വലിയ ആള്‍ക്കൂട്ടങ്ങള്‍ അതിവേഗ വ്യാപനത്തിലേക്ക് നയിക്കുമെന്ന് കേരളത്തിലെ ഓണാഘോഷം ചൂണ്ടിക്കാട്ടി സമിതി വ്യക്തമാക്കി. ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ നല്‍കിയ ഇളവുകള്‍ കാരണം സെപ്റ്റംബര്‍ എട്ടിനു ശേഷം കേരളത്തിലെ രോഗവ്യാപനം കുത്തനെ കൂട്ടി. കോവിഡ് വ്യാപന സാധ്യത 32 ശതമാനം വര്‍ധിക്കുകയും ചികിത്സയുടെ ഫലപ്രാപ്തി 22 ശതമാനം കുറയുകയും ചെയ്തതായി സമിതി പറഞ്ഞു. വിവിധ ഐ.ഐ.ടികളിലെയും ഐ.സി.എം.ആറിലെയും വിദഗ്ധര്‍ ഉള്‍പ്പെടുന്നതാണ് സമിതി.