കോണ്‍സുലേറ്റുമായുള്ള ഇടപാടുകള്‍ക്ക് കേന്ദ്രാനുമതിയില്ലെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം- പിണറായി സര്‍ക്കാര്‍ യു.എ.ഇ കോണ്‍സുലേറ്റുമായി നടത്തിയ ഇടപാടുകള്‍ക്കൊന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നു വിവരാവകാശ രേഖ. റമദാന്‍ കിറ്റ് കൈപ്പറ്റല്‍, ഖുര്‍ആന്‍ വിതരണം, ഈത്തപ്പഴ വിതരണം, ലൈഫ് മിഷന് വേണ്ടിയുള്ള 20 കോടി കരാര്‍ എന്നിവയിലൊന്നും സംസ്ഥാനം കേന്ദ്രാനുമതി വാങ്ങിയിട്ടില്ല. സുപ്രീം കോടതി അഭിഭാഷകന്‍ കോശി ജേക്കബിന് നല്‍കിയ വിവരാവകാശ മറുപടിയിലാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ 2017 മെയ് 26 ന് ആണ് യു.എ.ഇ കോണ്‍സുലേറ്റുമായി ചേര്‍ന്ന് സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് ഈത്തപ്പഴ വിതരണത്തിന് തുടക്കമായത്. ഇതിന് കേന്ദ്ര സര്‍ക്കാരില്‍നിന്നു അനുമതി വാങ്ങിയിട്ടില്ല. 2019 ജൂണില്‍ കോണ്‍സുലേറ്റില്‍നിന്നുള്ള ഭക്ഷണ കിറ്റുകളും ഖുര്‍ആനും മലപ്പുറം ജില്ലയില്‍ വിതരണം ചെയ്യുന്നതിനും അനുമതി തേടിയില്ല.
ലൈഫ് മിഷന്‍ പദ്ധതിക്കായി യു.എ.ഇ റെഡ് ക്രസന്റും കേരള സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുമായി ധാരണാപത്രം ഉണ്ടാക്കാനും അനുമതി വാങ്ങിയില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നു സംഭാവനകള്‍ സ്വീകരിക്കാനുള്ള അനുമതിക്കായി നിശ്ചിത ഫോമില്‍ വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിക്കണമെന്നും വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതും സംസ്ഥാനം ലംഘിച്ചു.
യു.എ.ഇ കോണ്‍സുലേറ്റുമായുള്ള അനധികൃത ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നുള്ള പരാതി തുടര്‍ നടപടികള്‍ക്കായി കഴിഞ്ഞ ജൂലൈ അഞ്ചിനു വിദേശകാര്യ മന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറിക്ക് (ഗള്‍ഫ്) അയച്ചിട്ടുണ്ട്. ഈ പരാതി തുടര്‍ന്ന് അണ്ടര്‍സെക്രട്ടറിക്കു (സ്‌പെഷ്യല്‍ യെമന്‍ കുവൈത്ത് സെല്‍) കൈമാറിയതായും നടപടി സംബന്ധിച്ച വിവരങ്ങള്‍ ഇവരില്‍നിന്നു ലഭ്യമാക്കുമെന്നും വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നു. ലൈഫ് മിഷന്‍ കരാര്‍ അടക്കം യു.എ.ഇ കോണ്‍സുലേറ്റുമായുള്ള ഇടപെടലുകളില്‍ കേന്ദ്രത്തിന്റെ അനുമതി വാങ്ങേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. 
യു.എ.ഇ കോണ്‍സുലേറ്റുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളെല്ലാം ഇപ്പോള്‍ എന്‍.ഐ.എ അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പരിധിയിലാണ്. ലൈഫ് മിഷന്‍ ഇടപാട് വിദേശ സംഭാവന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് കേരള ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.

Latest News