Sorry, you need to enable JavaScript to visit this website.

മൊഴി പുറത്തുവിട്ട കേന്ദ്ര മന്ത്രി മുരളീധരൻ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം-സി.പി.എം

തിരുവനന്തപുരം- കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസുകളിൽ ഇടപ്പെട്ട് കേന്ദ്ര വിദേശ സഹമന്ത്രി വി മുരളിധരൻ നടത്തിയ പത്രസമ്മേളനം സത്യാപ്രതിജ്ഞാ ലംഘനവും അധികാര ദുർവിനിയോഗവുമാണെന്ന് സി.പി.എം സെക്രട്ടേറിയറ്റ്. ബി.ജെ.പി നിർദ്ദേശിക്കുന്നതു പോലെയാണ് അന്വഷണ എജൻസികൾ പ്രവർത്തിക്കുക എന്നാണ് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചത്. സ്വതന്ത്രമായി പ്രവർത്തിക്കാൻ അന്വേഷണ ഏജൻസികളെ അനുവദിക്കുന്നില്ലെന്നും രാഷ്ട്രീയ താൽപര്യങ്ങൾക്കായി ബി.ജെ.പി ദുരുപയോഗപ്പെടുത്തുകയാണെന്നുമുള്ള വിമർശനം ശരിവെയ്ക്കുന്നതാണ് ഈ നടപടി. അന്വേഷണ ഘട്ടത്തിൽ മൊഴികൾ പ്രസിദ്ധപ്പെടുത്തുന്നതു പോലും നിയമവിരുദ്ധവും കുറ്റകരവുമാണെന്ന് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി പ്രഖ്യാപിക്കുകയുണ്ടായി. ഈ സാഹചര്യത്തിൽ പ്രതിയുടെ മൊഴിയെ പത്ര സമ്മേളനത്തിലൂടെ ആധികാരികമാക്കിയ വി മുരളീധരന്റെ നടപടി നിയമവിരുദ്ധവും ഹൈക്കോടതിയെ വെല്ലുവിളിക്കുന്നതും കൂടിയാണ്.
ഭരണഘടനാപ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മന്ത്രി പാർടി കേന്ദ്രത്തിൽ പത്ര സമ്മേളനം നടത്തി അന്വേഷണ ഏജൻസി പോലും കണ്ടെത്താത്ത കാര്യങ്ങൾ നിഗമനങ്ങളായി പ്രഖ്യാപിച്ച നടപടി കേട്ടുകേൾവിയില്ലാത്തതാണ്. അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത തകർക്കുകയാണ് കേന്ദ്ര മന്ത്രി ചെയ്തിട്ടുള്ളത്. പ്രതിപക്ഷ നേതാവ് ചെന്നിത്തലയും ബി ജെ പി പ്രസിഡണ്ട് കെ സുരേന്ദ്രനും കൂടിയാലോചിച്ചതു പോലെ നടത്തിയ പ്രസ്താവനകൾ ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ് കേന്ദ്രമന്ത്രി ചെയ്തത്. അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന പരിഹാസ്യ ആവശ്യവും അദ്ദേഹം ഉയർത്തിയിട്ടുണ്ട്.
സ്വതന്ത്രമായ കേസ് അന്വേഷണത്തിന് വിദേശകാര്യ മന്ത്രാലയം അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന പല നടപടികളും ഇതിനു മുമ്പ് ഇണ്ടായിട്ടുണ്ട്. സ്വർണ്ണം കടത്തിയത് നയതന്ത്ര ബാഗോജ് വഴിയല്ലെന്ന തുടർച്ചയായ പ്രസ്താവനകൾ, കേസിലെ പ്രതിയായ ഫൈസൽ ഫരീദിനെ വിട്ടുകിട്ടാൻ നടപടി സ്വീകരിക്കാത്തത്, കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ മൊഴി പോലും എടുക്കാൻ അനുവദിക്കാത്തത് തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇതിന്റെയെല്ലാം ഭാഗമായി കോടതികളിൽ അന്വേഷണ ഏജൻസികൾ തുറന്നു കാട്ടപ്പെട്ടു.
ഭീകരവാദവുമായി ബന്ധപ്പെട്ട ഒരു തെളിവും ഹാജരാക്കാൻ എൻ.ഐ.എ ക്ക് കഴിഞ്ഞില്ലെന്നാണ് കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്. എഫ്.സി.ആർ.എ നിയമം ബാധകമല്ലാത്ത കേസിലാണ് ലൈഫ് മിഷനെതിരെ സിബിഐ അന്വേഷണം നടത്തുന്നതെന്ന് ഹൈക്കോടതിയും വ്യക്തമാക്കി. ഇതൊന്നും പരിഗണിക്കാതെ സങ്കുചിതരാഷ്ട്രിയ ലക്ഷ്യം മുൻനിർത്തി അന്വഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്നത് ഫെഡറൽ തത്വങ്ങൾക്കും ജനാധിപത്യത്തിന്നും നിയമ വ്യവസ്ഥക്കും നേരെയുള്ള വെല്ലുവിളിയാണ് . ഈ തെറ്റായ നീക്കത്തിന് ഒപ്പം നിൽക്കുന്ന കോൺഗ്രസ് ബി.ജെ.പിയുടെ സഖ്യകക്ഷിയായി കേരളത്തിൽ അധ:പതിച്ചിരിക്കുന്നതായി സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Latest News