മോഷണം ആരോപിച്ച് യുവതിയെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു, ഭര്‍ത്താവിന് ക്രൂര മര്‍ദനം; സംഭവം ബംഗാളില്‍

കൊല്‍ക്കത്ത- ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ കാനിങില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കുട്ടം 41കാരിയായ യുവതിയെ അടിച്ചു കൊലപ്പെടുത്തി. ദണ്ഡുകള്‍ കൊണ്ടുള്ള ക്രൂര മര്‍ദനമേറ്റ ഇവരുടെ ഭര്‍ത്താവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. 

അയല്‍ക്കാരായ 14 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് മരിച്ച യുവതിയുടെ ഭര്‍ത്താവ് അലി ഹുസൈന്‍ മൊല്ല നല്‍കിയ പരാതിയില്‍ പറയുന്നു. ഇവരിലൊരാളുടെ വീട്ടില്‍ മോഷണം നടത്തിയെന്നാരോപിച്ചായിരുന്നു മര്‍ദനം. വടിയും ദണ്ഡുകളും ഉപയോഗിച്ച് തല്ലിച്ചതച്ചു. അലി മര്‍ദനം തടഞ്ഞപ്പോല്‍ പ്രതികള്‍ അദ്ദേഹത്തിന്റെ ഭാര്യ സുഫിയ ബിബിയെ മര്‍ദിക്കുകയായിരുന്നു. ബോധരഹിതായിയ വീഴുന്നതുവരെ മര്‍ദിച്ചു. നാട്ടുകാര്‍ ഇടപെട്ട് ഇരുവരേയും ആശുപത്രിയില്‍ കൊണ്ടു പോകുകയായിരുന്നു. യുവതിയെ പിന്നീട് കൊല്‍ക്കത്തയിലേ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വഴിമധ്യേ മരിച്ചു. കേസില്‍ മറ്റു പ്രതികളെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.
 

Latest News