Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാരീസ് ഭീകരാക്രമണം: റാബിത്വ അപലപിച്ചു

മക്ക - പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്‍ട്ടൂണുകള്‍ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച ഫ്രഞ്ച് ചരിത്ര അധ്യാപകന്‍ സാമുവല്‍ പാറ്റിയെ ഭീകരന്‍ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തെ മുസ്‌ലിം വേള്‍ഡ് ലീഗ് (റാബിത്വ) സെക്രട്ടറി ജനറല്‍ ശൈഖ് ഡോ. മുഹമ്മദ് അല്‍ഈസ ശക്തമായ ഭാഷയില്‍ അപലപിച്ചു. സെന്‍ട്രല്‍ പാരീസില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ കോണ്‍ഫ്‌ലാന്‍സ് സെന്റ്-ഹൊണോറിനിലാണ് സംഭവം. ജോലി ചെയ്തിരുന്ന മിഡില്‍ സ്‌കൂളിനു സമീപം വെച്ച് വെള്ളിയാഴ്ചയാണ് 47 കാരനായ സാമുവല്‍ പാറ്റി കൊല്ലപ്പെട്ടത്.
ഈ ആക്രമണം കുറ്റവാളിയുടെ ഭീകര മനസ്സിനെ മാത്രമാണ് പ്രതിനിധീകരിക്കുന്നതെന്ന് ശൈഖ് ഡോ. മുഹമ്മദ് അല്‍ഈസ പറഞ്ഞു. അക്രമവും ഭീകരതയും മുഴുവന്‍ ദൈവീക നിയമങ്ങളും കുറ്റകരമാക്കിയതാണ്. ഇത്തരം കൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന തീവ്രവാദം പരാജയപ്പെടുത്തേണ്ടത് പ്രാധാന്യം അര്‍ഹിക്കുന്നു. എല്ലാതരം അക്രമങ്ങളെയും ഭീകരതയെയും ഉന്മൂലനം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ ഫ്രാന്‍സ് തുടരുമെന്ന് മുസ്‌ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ പ്രത്യാശിച്ചു.
മൃഗീയമായ അക്രമങ്ങള്‍ക്കും സുരക്ഷാ ഭദ്രത തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കുമെതിരെ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന സന്ദേശം ഫ്രഞ്ച് ജനത നല്‍കണമെന്നും ശൈഖ് ഡോ. മുഹമ്മദ് അല്‍ഈസ പറഞ്ഞു.
ചെച്‌നിയന്‍ വംശജനായ ഭീകരനാണ് അധ്യാപകനെ കൊലപ്പെടുത്തിയത്. കൃത്യം നടന്ന സ്ഥലത്തു നിന്ന് 600 മീറ്റര്‍ ദൂരെ വെച്ച് 18 കാരനായ പ്രതിയെ പോലീസ് വെടിവെച്ചുകൊന്നു. ഭീകരാക്രമണ സ്ഥലം സന്ദര്‍ശിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്‌റോണ്‍ ആക്രമണത്തെ ഭീരുത്വമെന്ന് വിശേഷിപ്പിച്ചു. ഇസ്‌ലാമിസ്റ്റ് ഭീകരാക്രമണത്തിന്റെ ഇരയാണ് അധ്യാപകനെന്നും വിശ്വസിക്കുന്നതിനെയും വിശ്വസിക്കാതിരിക്കുന്നതിനെയും കുറിച്ച അഭിപ്രായ സ്വാതന്ത്ര്യം പഠിപ്പിച്ചതിനാലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.
ഭീകരന്റെ മാതാപിതാക്കള്‍ അടക്കം ഒമ്പതു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച ചര്‍ച്ചക്കിടെ ഈ മാസം അഞ്ചിനാണ് സാമുവല്‍ പാറ്റി പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിച്ചത്. പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് അധ്യാപകനുമായി പോലീസ് സംസാരിച്ചിരുന്നു. സംഭവത്തെ കുറിച്ച് ഓണ്‍ലൈനില്‍ വീഡിയോ പോസ്റ്റ് ചെയ്ത രക്ഷാകര്‍ത്താവ് അറസ്റ്റിലായ ഒമ്പതു പേരില്‍ ഉള്‍പ്പെടുന്നു.

 

Latest News