കേരള കോണ്‍ഗ്രസിനു നല്‍കിയ മുഴുവന്‍ സീറ്റും വേണം; യുഡിഎഫിനെ വെട്ടിലാക്കാനൊരുങ്ങി ജോസഫ്

ഇടുക്കി- കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലേക്കു പോയെങ്കിലും കഴിഞ്ഞ തവണ യുഡിഎഫ് കേരള കോണ്‍ഗ്രസിനു നല്‍കിയ എല്ലാ സീറ്റുകളും ഇത്തവണയും ലഭിക്കണമെന്ന് പി ജെ ജോസഫ്. ഇക്കാര്യം യുഎഡിഎഫിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. സീറ്റുകള്‍ വച്ചുമാറുന്നതിന് യുഡിഎഫുമായി ചര്‍ച്ചയ്ക്കു തയാറാണമെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണി പോയെങ്കിലും കേരള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും തനിക്കൊപ്പമാണെന്നും ജോസഫ് അവകാശപ്പെട്ടു.

ജോസ് കെ മാണി വിഭാഗം വിട്ടുപോയ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസിന്റെ ചില സീറ്റുകള്‍ തിരിച്ചെടുക്കാനുള്ള ആലോചന കോണ്‍ഗ്രസില്‍ നടക്കുന്നതായി സൂചനയുണ്ട്. എല്ലാ സീറ്റുകളും വേണമെന്ന് ജോസഫ് ആവശ്യം ഉന്നയിച്ചതോടെ ഇതു യുഡിഎഫില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമായേക്കും.

കേരളാ കോണ്‍ഗ്രസ് എം മത്സരിച്ച സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കുന്നതാണ് ഉചിതം. ജോസ് കെ മാണിയെ പരാജയപ്പെടുത്തും. ഇടക്കിടെ അര്‍ത്ഥശൂന്യ പ്രസ്താവനകള്‍ നടത്തുന്ന റോഷി അഗസ്റ്റിന്‍ മാത്രമാണ് ജോസിനൊപ്പമുള്ളത്. മുതിര്‍ന്ന നേതാക്കള്‍ ഞങ്ങള്‍ക്കൊപ്പമാണ്. ദിശാബോധമില്ലാതെ ഒഴുകി നടക്കുന്ന ഗ്രൂപ്പാണ് ജോസിന്റേതെന്നും ജോസഫ് പറഞ്ഞു. 


 

Latest News