Sorry, you need to enable JavaScript to visit this website.

സവിശേഷങ്ങൾ ദുരന്തങ്ങൾ!

'മല പോലെ വന്നതു മലർ പോലെ പോയി' എന്ന് ആശ്വസിക്കാൻ വരട്ടെ. ഇത്രയും കാലം 'അറബിക്കടലിന്റെ സിംഹം' എന്നു പറയുന്നത്ര ഗൗരവത്തിൽ സമര പരിപാടികൾ നടത്തിപ്പോന്ന വിഷയമാണ് ലൈഫ് മിഷൻ പദ്ധതി. എല്ലാം നിമിഷം കൊണ്ടു കഴിഞ്ഞു. ഒരു ഇടക്കാല കോടതി വിധി. മഴ നനഞ്ഞതും യുവജന വിഭാഗത്തിലെ ചിലർക്കു ജലദോഷം ബാധിച്ചതും മിച്ചം. എല്ലാം സി.ബി.ഐയുടെ എടുത്തുചാട്ടം കൊണ്ടു സംഭവിച്ചതെന്നു പറഞ്ഞു കൈകഴുകാനായി സാനിറ്റൈസറും ജലവും ഇന്ദിരാ ഭവന്റെയും മാരാർജി മന്ദിരത്തിന്റെയും നടയിൽ തന്നെ കരുതിയിരുന്നതു ഭാഗ്യം. 'ആശാനും അടവു തെറ്റും' എന്നു പഠിപ്പിച്ചുകൊടുക്കുവാൻ പിണറായിയുടെ നിയമ സെല്ലിനു കഴിഞ്ഞതു ചില്ലറക്കാര്യമല്ല. മികച്ച ഉപദേശിക്കുള്ള അവാർഡ് സെല്ലിനു വേണ്ടി മുഖ്യൻ തന്നെ ആരിൽ നിന്നെങ്കിലും കൈപ്പറ്റുമോ എന്നാണറിയേണ്ടത്. അതു നിയമ മന്ത്രി എ.കെ. ബാലൻ സഖാവിനു കൊടുക്കണം. ശൈലജ ടീച്ചർക്ക് ആഗോളാടിസ്ഥാനത്തിൽ അവാർഡ് കിട്ടുന്ന കാലമാണ്. ബാലൻ അവഗണിക്കപ്പെടേണ്ടയാളല്ല. ഇത്തവണ പ്രഖ്യാപിച്ച സിനിമാ അവാർഡുകൾ തന്നെ ഒന്നാന്തരം ഉദാഹരണം. വമ്പൻ സ്രാവുകളെയൊക്കെ വെട്ടിനിരത്തി നെയ്‌ത്തോലി വർഗത്തിൽപെട്ട ചെറുമീനുകളെയാണ് പുരസ്‌കാര വലയിലാക്കിയത്. ഇനി അവാർഡിക്കപ്പെട്ടവരിൽ ആരൊക്കെ അടുത്ത പഞ്ചായത്തിലേക്കും നിയമസഭയിലേക്കുമൊക്കെ മത്സരിക്കുമെന്ന് ഉറ്റുനോക്കുകയാണ് നാട്ടുകാർ. അവാർഡിക്കപ്പെട്ടാൽ ഇടതു സ്ഥാനാർഥിയാകുന്ന രോഗം പണ്ടേ കേരളത്തിൽ കാണപ്പെടുന്നതാണ്. പിന്നീട് മറ്റു പാർട്ടികളിലേക്കു പകർന്നിരിക്കാം.
ഇടി മിന്നൽ 'സംസ്ഥാന സവിശേഷ ദുരന്ത'മായി ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ചത് പുറത്തു വിട്ടത് മുഖ്യമന്ത്രിയാണ്! എന്നാൽ കടുപ്പം കുറഞ്ഞ 'യെല്ലോ അലർട്ടി'ൽ നിന്നു തലസ്ഥാനത്തെ ഒഴിവാക്കി. അവിടെ ഇനി എന്ത് അലർട്ട്? എങ്കിലും, ദുരന്ത അതോറിറ്റിക്ക് മേൽപറഞ്ഞ ഇടിമിന്നൽ സവിശേഷ ദുരന്തത്തെ 'മുൻകാല പ്രാബല്യത്തോടെ' പ്രഖ്യാപിക്കാമായിരുന്നു. ലൈഫ് മിഷൻ ഹൈക്കോടതി വിധിയിൽ അദ്ദേഹത്തിന് അഹങ്കാരമോ ആവേശമോ ഇല്ല. ദേശീയ- സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ സുരാജ് വെഞ്ഞാറമൂടിന്റെ മാനസിക നില തൽക്കാലം കടമെടുത്തിരിക്കുകയാണ്. നന്നായി. നിർമമത, അനാസക്തി......
****                                 ****                        ****
കെ.പി.സി.സി ഒന്നു തീരുമാനിച്ചാൽ അതു നടന്നിരിക്കും. 'പരസ്യ പ്രസ്താവന വിലക്ക്' ലോക ചരിത്രത്തിലും സർവമാന റെക്കോർഡ് ബുക്കുകളിലും ഇടം നേടിയ കാര്യം അറിയാത്തവരില്ല. ഇനി ഓരോ വർഷവും 'പരസ്യ പ്രസ്താവന നിരോധന വാരമോ, ചുരുങ്ങിയ പക്ഷം 'ദിനോ' ആചരിക്കണമെന്നു തീരുമാനിച്ചതായാണ് അറിവ്. ആ വേളയിൽ നേതാക്കൾ വായടച്ച് മുഖാവരണം ധരിച്ച് വീടുകളിൽ ഇരുന്നുകൊള്ളണം. 'വിരുദ്ധോക്തി' എന്നൊരു വാക്ക് നിഘണ്ടുവിലുള്ളത് നാട്ടുകാരുടെ ഭാഗ്യം!
സുപ്രധാനമായ അടുത്ത തീരുമാനമാണ് സാധാരണക്കാരെ ഞെട്ടിക്കുന്നത്. രാഷ്ട്രീയ സമരങ്ങൾ ഒഴികെ മറ്റു ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ഒരാൾക്കും പഞ്ചായത്തു മുതൽ നിയമസഭാ വരെ മത്സരിക്കാൻ കോൺഗ്രസ് ടിക്കറ്റ#് നൽകില്ല.
ഇക്കാര്യങ്ങളൊക്കെ റിപ്പോർട്ടു ചെയ്യുവാൻ ജില്ലാതല സമിതികൾ രൂപീകരിച്ചിട്ടുണ്ട്. വേലി തന്നെ വിളവു തിന്നുമോ എന്ന പേടി ഇല്ലാതില്ല. കൈകാണിച്ചിട്ടു വണ്ടി നിർത്തിയില്ലെങ്കിൽ മറ്റേതെങ്കിലും വാഹനത്തിൽ കയറി സ്ഥലം വിടുന്നവരാണ് പാർട്ടിക്കാർ. അങ്ങനെയാണ് എൻ.സി.പി മുതൽ ഡി.ഐ.സി വരെയുള്ള വാഹനങ്ങൾ നിരത്തിലിങ്ങിയത്. ഇന്ധനം തീർന്നപ്പോൾ മാതൃപേടകത്തിലേക്കു മടങ്ങിയെത്തി; അത്രയേയുള്ളൂ. കെ.പി.സി.സിക്ക് ക്രിമിനൽ കേസുകളിൽ നിന്ന് ചുരുങ്ങിയ പക്ഷം 'പീഡന'മെങ്കിലും ഒഴിവാക്കാമായിരുന്നു.
 അത്തരം 'വ്യായാമ'മില്ലാത്ത ഒരു പാർട്ടിക്കാർക്കും മുന്നോട്ടു പോകാൻ കഴിയാത്ത കാലമാണ്. പണ്ട്, ഒന്നു പീഡിപ്പിക്കാൻ അവസരം കിട്ടാഞ്ഞിട്ടാണ്, ആ വൻ വ്യവസായിയുടെ ഭാര്യയുടെ നിവേദനം അവഗണിച്ച് ഒരു കോൺഗ്രസ് മന്ത്രികോമളൻ തിരിഞ്ഞു നടന്നത്. ഫലം, യുവ വ്യവസായി തിഹാർ ജയിലിൽ കിടന്ന് അന്തരിച്ചു- എന്നാണ് അപവാദ വിതരണക്കാർ പറഞ്ഞു നടന്നത് ജംബോ കമ്മിറ്റി വേണ്ടെന്നു പറഞ്ഞ് തിരിച്ചയയ്ക്കാനും, പിന്നീട് തൊണ്ണൂറ്റിയാറ് സെക്രട്ടറിമാരെ ഒറ്റയടിക്ക് പ്രഖ്യാപിക്കാനും കഴിഞ്ഞ മജീഷ്യനാണ് പ്രസിഡന്റ്. പരസ്യ പ്രസ്താവനാ നിരോധനം കഴിഞ്ഞാൽ അടുത്ത ഐതിഹാസിക പ്രഖ്യാപനമായിരിക്കും സ്ഥാനാർഥിപ്പട്ടിക. വാക്കല്ലേ വിഴുങ്ങാൻ കഴിയൂ? വാക്ക് ഇരുമ്പുലക്കയൊന്നുമല്ലല്ലോ!
****          ****                           ****
ചില ടി.വി സീരിയലുകളിൽ ഗർഭിണിയായ നായികാ കഥാപാത്രം രണ്ടു കൊല്ലം കഴിഞ്ഞിട്ടും പ്രസവിക്കാതെ തുടർന്ന കഥകളുണ്ട്. കേരളാ കോൺഗ്രസ് മാണി വിഭാഗം അങ്ങനെയൊരു മണ്ടത്തരം കാട്ടുമെന്നു കരുതിയവർക്കു തെറ്റി. അവർ കൃത്യസമയത്തു ഇടതുപക്ഷത്തിന്റെ തോളിലേക്കു ചാഞ്ഞു വീണു. ഇനി താങ്ങേണ്ടത് കോടിയേരി- പിണറായിമാരുടെ കടമ (സി.പി.ഐ താങ്ങിയെന്നു നടിക്കും. സാരമില്ല!) ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും യാത്ര വേണം എന്ന ചൊല്ല് അപ്പൻ മകന് ഉപദേശിച്ചു കൊടുത്തിരിക്കണം. മാണി സ്മാരകത്തിനു സർക്കാർ മുപ്പതു കോടി തുക അനുവദിച്ചതു മുതൽ പാലായിൽ ഭൂചലനം അനുഭവപ്പെട്ടുവരുണ്ട്. മറുകണ്ടം ചാടിയതിനു പിന്നാലെ, തന്നെ പിടിച്ചു തള്ളിയതാണെന്നു ജോസ് മോൻ ഒരു നിലവിളിയും. പുരാണങ്ങളിൽ നല്ല ജ്ഞാനമുണ്ടെന്ന് അതോടെ തെളിഞ്ഞു. 'തിരുവാഴിത്താൻ' എന്നൊരു കാരണവരും ഇത്തരം പണി പറ്റിച്ചിട്ടുണ്ട്. 
പല തരം അന്വേഷണങ്ങളും ആരോപണങ്ങളും ചുമക്കുന്ന ഇടതു സർക്കാരിനും മുന്നണിക്കും ഒരു ഭാരം കൂടി കിട്ടിയെന്നാണ് കാനത്തിന്റെയും കൂട്ടരുടെയും വിലയിരുത്തൽ. ജോസ് മോന് ഇടതുപക്ഷമാണ് ശരിയെന്നു തോന്നിയതിൽ പിണറായിക്കു സന്തോഷം. എന്നാൽ അമിതാഹ്ലാദമോ ആവേശമോ ഇതിലും ഇല്ല. സുരാജ് വെഞ്ഞാറമൂടിനെപ്പോലെ തന്നെ. ഇപ്പോൾ എം.പി സ്ഥാനം യു.ഡി.എഫിന്റെ പറമ്പിലേക്കു വലിച്ചെറിഞ്ഞിട്ടാണ് ജോസ് മോന്റെ വരവ്. കോതമംഗലത്തെ 20 - 20 എന്ന അരാഷ്ട്രീയ വാദികളും ജോസ് മോന്റെ കൂടെയാണെങ്കിൽ, തലവേദനയ്ക്ക് ഒരു ഗുളിക കൊണ്ടു മാത്രം ശമനമുണ്ടാകില്ല. ഇനി 2024 ൽ ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ ഒപ്പം കാണുകയും ചെയ്യും. 
ഇക്കാര്യത്തിൽ വേതാളത്തെ എടുത്തു തോളിൽ കയറ്റിയ നിലയാകുമോ എന്ന് ശങ്ക! എങ്കിലും പാലാ ഉൾപ്പെടെ പന്ത്രണ്ടു സീറ്റ് കൊണ്ടുപൊയ്‌ക്കോട്ടെ. അവിടെ നിരപരാധിയായ മാണി സി. കാപ്പനുണ്ട്. ശുദ്ധഗതിക്കാരനായ കാപ്പന്റെ കടുംപിടിത്തം നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടായാൽ മതി. അദ്ദേഹം ഗംഭീര ഗാട്ടാ ഗുസ്തിക്ക് കോൺഗ്രസിന്റെ സഹായത്തിന് കാറുമെടുത്തോണ്ടു പോയിരിക്കുകയാണ്. മികച്ച നടീനടന്മാരുള്ള കോൺഗ്രസിൽ നിന്നും പലതും പുതുതായി പഠിക്കാനും കഴിയും. അഭിനയം അടിപിടി നിർമാണം തുടങ്ങി പല മേഖലകളിലും പുതുപുത്തൻ പരീക്ഷണങ്ങൾ വേണ്ടി വരുന്ന കാലവുമാണ്!
****                               ****                                ****
അളമുട്ടിയാൽ ചേരയും കടിക്കും. റൂൾസ് ഓഫ് ബിസിനസ് സി.പി.ഐയെ ആരും പഠിപ്പിക്കണ്ട. രണ്ടു മുഖ്യന്മാരെ സംഭാവന ചെയ്ത പാർട്ടിയാണ്. രണ്ടാമൻ ഇടതുമുന്നണി രൂപീകരിക്കേണ്ട സമയമായതു നിമിത്തം സ്ഥാനമുപേക്ഷിച്ചു. പക്ഷേ, ഇത്രയ്ക്കു കരുതിയില്ല. റൂൾസ് ഓഫ് ബിസിനസ് എന്നു പറഞ്ഞാൽ മന്ത്രി ചന്ദ്രശേഖരനു മനസ്സിലാകില്ലെന്നു വല്യേട്ടൻ ധരിച്ചു. അതുകൊണ്ടു വലതു മന്ത്രിയെ ഉപസമിതിയിൽ ചേർത്തു. റിപ്പോർട്ട് കണ്ട് മോഹാലസ്യപ്പെടും മുമ്പേ മന്ത്രി കാനം സഖാവിനെ പകർപ്പു കാണിച്ചു. നവ ഉദാരവൽക്കരണം, അധികാര വികേന്ദ്രീകരണം തുടങ്ങിയ നീണ്ടപേരുകൾ കവലയിൽ നിന്നു മൈക്കിലൂടെ ചൊല്ലാൻ കൊള്ളാം. ഭരണത്തിൽ സൂക്ഷിക്കണം. ഇവിടെ വല്യേട്ടൻ ആ പണി പറ്റിക്കുന്നതിന്റെ സൂചന കിട്ടി. കുറച്ചു ഐ.എ.എസ് സെക്രട്ടറിമാർ ഫയലുകൾ തീരുമാനിച്ച് ഒപ്പിടും. മന്ത്രിമാർ ഊണും ഉറക്കവും കഴിഞ്ഞു സമയമുണ്ടെങ്കിൽ  മാത്രം അതൊക്കെ വായിച്ചാൽ മതിയാകും. ചുരുക്കത്തിൽ സദ്യയും സർവാണിലും മുടങ്ങില്ല. ശമ്പള ദിനം ഉൾപ്പെടെ സ്വഭവനത്തിൽ സന്തോഷ വാസം! പക്ഷേ, സി.പി.ഐക്ക് അതുപോരാ. ഇക്കണക്കിനു പോയാൽ രക്തപതാകയും കൂടി സംഭാവന ചെയ്യേണ്ടിവരും, ഇടതുപക്ഷ ഐക്യത്തിനായി. അതുകൊണ്ട് പ്രതിഷേധം ഒന്നു ശക്തിമത്താക്കുകയാണെന്നു വല്യേട്ടനെ അറിയിച്ചു. ശരി, തിടുക്കമൊന്നുമില്ല എന്നു മറുപടി. 'ഇല്ലാ' എന്നു പറഞ്ഞാൽ 'ഉണ്ട്' എന്നു തന്നെയാണ് നമ്മുടെ അർഥം. കരം കൂട്ടില്ല, വൈദ്യുതി ചാർജ് വർധന ഇല്ല, ബസ് ചാർജ് വർധിപ്പിക്കില്ല, പാലിനു വില കൂട്ടുകയില്ല, വെള്ളക്കരം വർധിപ്പിക്കില്ല തുടങ്ങിയ അനേകം 'ഇല്ല'കൾ നാട്ടുകാർക്കുമറിയാം. ബ്യൂറോക്രസി, ഫാസിസം തുടങ്ങിയ പദങ്ങൾക്ക് എന്തൊക്കെ അർഥങ്ങളാണ് വന്നു ചേരാൻ പോകുന്നതെന്നോർത്ത് കാനവും മന്ത്രിയും നാട്ടുകാരോടൊപ്പം അന്തംവിട്ടിരിക്കുകയാണ് എന്നതത്രേ സത്യം!
****                                  ****                         ****
ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്‌സിറ്റിയിൽ ഒരു പ്രശ്‌നമുണ്ടാക്കണമെന്നു വെള്ളാപ്പള്ളി ശ്രമിച്ചു നോക്കി. ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രൻ എരിതീയിൽ ഒഴിക്കാനുള്ള എണ്ണയുമായി പിന്നാലെയും! 'നമുക്കു ജാതിയില്ലെന്ന്' ആലുവയിൽ വെച്ച് പണ്ട് ഒരു മഹാപുരുഷൻ പ്രഖ്യാപിച്ചു. ആലപ്പുഴയിലെ കണിച്ചുകുളങ്ങരയിൽ നടേശഗുരു 'നമുക്കു ജാതി മാത്രമേയുള്ളൂ' എന്നു തിരുത്തി!
 

Latest News