Sorry, you need to enable JavaScript to visit this website.
Sunday , November   29, 2020
Sunday , November   29, 2020

ദളിത് രാഷ്ട്രീയത്തിന്റെ വഴികൾ

ദളിത് ശാക്തീകരണമോ, അധികാര പങ്കാളിത്തമോ ലക്ഷ്യമല്ലാത്ത ബിഹാറിലെ ദളിത് രാഷ്ട്രീയം എക്കാലത്തും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ വിരൽതുമ്പിലായിരുന്നു. സീറ്റുകൾക്കായുള്ള വിലപേശൽ മാത്രമായിരുന്നു അവരുടെ രാഷ്ട്രീയം. ദളിത് രാഷ്ട്രീയത്തിന്റെ ആദർശ പരിപ്രേക്ഷ്യം ഒരിക്കലും അവരെ സ്വാധീനിച്ചില്ല. ഫലം, സവർണ അധികാരമുറപ്പിക്കാനുള്ള വോട്ട് ബാങ്ക് മാത്രമായി അവർ ഇപ്പോഴും തുടരുന്നു.

ബിഹാറിൽ മറ്റൊരു തെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയർന്നിരിക്കേ, ദളിത് രാഷ്ട്രീയം വീണ്ടും ദേശീയ ചർച്ചകളിലേക്ക് വന്നെത്തിയിരിക്കുന്നു. രാം വിലാസ് പാസ്വാന്റെ ലോക്ജനശക്തി പാർട്ടി, ജനതാദളുമായി ഉടക്കുകയും ഒറ്റക്ക് മത്സരിക്കാൻ തീരുമാനിക്കുകയും ചെയ്തതിലൂടെ പുതിയൊരു രാഷ്ട്രീയ ധ്രുവീകരണം അവിടെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റി. ബി.ജെ.പിയുമായി ചേർന്ന് ജനതാദളിന് പ്രഹരമേൽപിക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പാസ്വാൻ ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും ഈ ആശയം പിതാവിന്റേത് തന്നെയാണെന്ന് മകൻ ചിരാഗ് സാക്ഷ്യപ്പെടുത്തുന്നു. ബിഹാറിലെ ദളിത് രാഷ്ട്രീയത്തിന്റെ സവിശേഷ സ്വഭാവങ്ങൾ വിശകലനം ചെയ്യാൻ സഹായിക്കുന്ന സംഭവമാണ് ഇത്.
ഉത്തർപ്രദേശിൽനിന്ന് വ്യത്യസ്തമായി ബിഹാറിലെ ദളിത് രാഷ്ട്രീയം മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ മാത്രം ആശ്രയിച്ചുള്ളതാണ്. അംബേദ്കറിസത്തെക്കുറിച്ച ഒരു റാഡിക്കൽ അവബോധം ബിഹാറിലെ ദളിത് രാഷ്ട്രീയത്തിൽ അങ്ങേയറ്റം ദുർബലമാണ്. താഴേത്തട്ടിലാകട്ടെ ദളിത് സ്വത്വബോധവും അതീവ ദുർബലമാണ്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽനിന്ന് ഏറ്റവും മികച്ച ഒരു ഡീൽ സ്വന്തമാക്കുക എന്ന രീതിയിലുള്ള വിലപേശൽ രാഷ്ട്രീയം മാത്രമാണ് ബിഹാറിൽ ദളിത് പാർട്ടികൾ എക്കാലവും അനുവർത്തിച്ചു വന്ന രീതി.
ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഉള്ള മുഖ്യ രാഷ്ട്രീയ പാർട്ടികളിൽനിന്ന് ഏറ്റവും കൂടുതൽ വിജയ സാധ്യതയുള്ള സീറ്റുകൾ വാങ്ങിയെടുക്കുക എന്നതിൽ കവിഞ്ഞതൊന്നും ഇവിടത്തെ ദളിത് രാഷ്ട്രീയത്തിന്റെ ലക്ഷ്യമല്ല എന്നതിനാൽ തന്നെ ദളിത് അധികാര പങ്കാളിത്തം എന്നത് ഏറെ ദുർബലമായ ആശയമായി ഇപ്പോഴും തുടരുന്നു. സീറ്റുകൾക്കും സർക്കാരിലെ വിഹിതത്തിനും പകരമായി ജാതി, സമുദായ വോട്ടുകൾ വിൽക്കുന്ന വിലപേശൽ മാത്രമാണ് ഇവിടെ നടക്കുന്നത്. 
കൻഷിറാമിന്റെ കാലം മുതൽ തന്നെ ബിഹാറിൽ ഈ വിലപേശൽ രാഷ്ട്രീയം തുടർന്നുവരികയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പാസ്വാന്റെ പാർട്ടി ഉയർത്തിയ തർക്കങ്ങൾ. സ്വാതന്ത്ര്യാനന്തരം കോൺഗ്രസിലേയും ജനതാപാർട്ടിയിലേയും ദളിത് നേതാക്കൾ, ബിഹാറിലെ അധികാര വിഹിതം ആസ്വദിച്ചിട്ടുണ്ട്. ഭോലാ പാസ്വാൻ ശാസ്ത്രിയും രാം സുന്ദർ ദാസും സമൂഹത്തിന്റെ അടിത്തട്ടിൽനിന്ന് ഉയർന്നുവന്ന് മുഖ്യമന്ത്രിമാരായവരാണ്. ഇരുവരും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളായിരുന്നു. 
1980 കൾക്ക് ശേഷമാണ് വിവിധ രാഷ്ട്രീയ പാർട്ടികളിലെ ദളിത് നേതാക്കൻമാർ, ജാതിവോട്ടിന്റെ ശക്തി തിരിച്ചറിയുകയും ജാതി അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കാൻ തുടങ്ങുകയും ചെയ്തത്. ബിഹാറിൽ സാമൂഹിക നീതി രാഷ്ട്രീയത്തിന്റെ പുതിയൊരു ഘട്ടത്തിന് തുടക്കം കുറിച്ചത് അവരിൽ പലർക്കും തുണയായി. ജനതാപാർട്ടിയിലെ ശക്തനായ നേതാവായിരുന്ന, അടിയന്തരാവസ്ഥാ പ്രക്ഷോഭങ്ങളിൽ മുൻനിരയിൽ നിന്ന രാം വിലാസ് പാസ്വാൻ 2000 ത്തിൽ ലോക്ജനശക്തി പാർട്ടിയെന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിച്ചു. സമീപ വർഷങ്ങളിലായി ജിതൻ റാം മാഞ്ചിയെപ്പോലുള്ള നേതാക്കളും പുതിയ പാർട്ടികളുമായി രംഗത്തു വന്നു. ഈ പാർട്ടികളൊന്നും തന്നെ ദളിത് രാഷ്ട്രീയത്തിന്റെ ആദർശ പരിപ്രേക്ഷ്യത്തോട് യാതൊരു താൽപര്യവും കാണിച്ചില്ലെന്നതാണ് യാഥാർഥ്യം. എൻ.ഡി.എയിൽനിന്ന് യു.പി.എയിലേക്കും തിരിച്ചും അനായാസം ചാടാനുള്ള മെയ്‌വഴക്കമായിരുന്നു ഇവരുടെയെല്ലാം അടിസ്ഥാന കഴിവ്. ദളിത് ശാക്തീകരണത്തിന്റെയോ അധികാര പങ്കാളിത്തത്തിന്റെയോ ദളിത് വിഷയങ്ങളുടെയോ പേരിൽ ഈ പാർട്ടികളൊന്നും തന്നെ ഒരിക്കലും മുഖ്യധാരാ പാർട്ടികളുമായി ഉടക്കിയിട്ടില്ല, സീറ്റുകളുടെ എണ്ണവും മന്ത്രിസ്ഥാനങ്ങളും മാത്രമായിരുന്നു അവരുടെ മാനദണ്ഡം.
ദളിത് രാഷ്ട്രീയം എക്കാലവും വലിയൊരു വോട്ട് ബാങ്കിനെ മുൻനിർത്തിയുള്ള കപട നാടകമായിരുന്നു ഇന്ത്യയിൽ എന്നതാണ് പച്ചയായ യാഥാർഥ്യം. ഉത്തരേന്ത്യയിലെ ജാതി രാഷ്ട്രീയവും ദേശീയ രാഷ്ട്രീയത്തിലെ ദളിത് രാഷ്ട്രീയവും പരസ്പരം ബന്ധപ്പെട്ടും സമരസപ്പെട്ടും കിടക്കുന്ന രണ്ട് രാഷ്ട്രീയ വഴികളാണ്. സവർണ ബ്രാഹ്മണ്യത്തിനെതിരെ ഉയർന്നുവന്ന രോഷവും അമർഷവും ഉത്തരേന്ത്യയിൽ പുതിയ രാഷ്ട്രീയ ചേരിക്ക് ജന്മം നൽകിയപ്പോൾ അത് ദേശീയ രാഷ്ട്രീയത്തിൽ തന്നെ വലിയ ധ്രുവീകരണങ്ങൾക്ക് വഴിവെച്ചു. എന്നാൽ സൗകര്യപ്രദമായ ഒരു രാഷ്ട്രീയ നീക്കം എന്നതിലുപരി, ദളിതുകളുടെ സമഗ്രമായ പുരോഗതിയോ സാമൂഹികമായ ഉയർത്തെഴുന്നേൽപോ അവയൊന്നും ലക്ഷ്യം വെച്ചില്ല. പിന്നോക്ക വിഭാഗക്കാർക്കായി ഏറ്റവും ശക്തമായ ശബ്ദമായി ഉയർന്നു വന്ന മായാവതി പോലും കൻഷിറാമിന്റെ കാലശേഷം അധികാര ലബ്ധി എന്ന ഒറ്റ അജണ്ടയിൽ തൂങ്ങി സവർണ രാഷ്ട്രീയത്തിന് ഒപ്പം ചേരുന്ന വിചിത്ര കാഴ്ചകൾക്കാണ് നാം സാക്ഷിയായത്. ഉത്തർപ്രദേശിലും ബിഹാറിലും നടക്കുന്ന ഓരോ തെരഞ്ഞെടുപ്പും ഇത്തരത്തിൽ ജാതികൃഷിയുടെ വിളവെടുപ്പുത്സവങ്ങളായി മാറുകയാണ്. കഴിഞ്ഞ യു.പി തെരഞ്ഞെടുപ്പ് തന്നെ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ബിഹാറിൽ നന്ദകിഷോർ യാദവിനേയും ഉത്തർപ്രദേശിൽ ലക്ഷ്മികാന്ത് റായിയേയും മുന്നിൽ നിർത്തി നരേന്ദ്ര മോഡിയും അമിത് ഷായും ചേർന്നൊരുക്കിയ ജാതി നാടകം മികച്ച ഫലം നൽകുക തന്നെ ചെയ്തു. എന്നാൽ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും അധികാരത്തിലേറുകയും ചെയ്തതോടെ, സവർണ സന്ന്യാസിയെ മുഖ്യമന്ത്രിപദത്തിലേക്ക് അവരോധിച്ചുകൊണ്ട് ബി.ജെ.പി അതിന്റെ തനിനിറം കാട്ടുകയായിരുന്നു. 
മതേതരത്വം, പിന്നോക്ക ജാതികളുടെ രാഷ്ട്രീയ ഉണർവ്, അടിച്ചമർത്തപ്പെട്ടവരുടേയും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെട്ടവരുടേയും തിരിച്ചുവരവ് തുടങ്ങിയ മോഹന സുന്ദരമായ നിരവധി ആശയങ്ങൾക്കകത്ത് ബിഹാറും ഉത്തർപ്രദേശും പോലുള്ള സംസ്ഥാനങ്ങളിൽ ഒളിച്ചിരിക്കുന്നത് ജാതിനേതാക്കളുടെ അധീശത്വ ഭാവവും ജാതിയെ ഉപയോഗിച്ചുള്ള വൃത്തികെട്ടതും സ്വാർഥതയിലധിഷ്ഠിതവുമായ രാഷ്ട്രീയ കളികളുമാണെന്നത് യാഥാർഥ്യമാണ്. ബി.ജെ.പിയുടെ ഹിംസാത്മക വർഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ വേണ്ടി ഇടതുപക്ഷവും കോൺഗ്രസും അടക്കമുള്ള മതനിരപേക്ഷ ശക്തികൾക്ക് ഇവരെ ചുമക്കേണ്ടി വരുന്നതിന്റെ സമ്മർദങ്ങളും അനന്തര ഫലങ്ങളും കഴിഞ്ഞ ഒന്നു രണ്ട് ദശാബ്ദങ്ങളായി ദേശീയ രാഷ്ട്രീയത്തിൽ പ്രകടവുമാണ്. 
ദളിതുകൾക്കും പിന്നോക്കക്കാർക്കും രാഷ്ട്രീയാധികാരം പ്രദാനം ചെയ്ത ലാലുവിനും മറ്റ് പിന്നോക്ക രാഷ്ട്രീയ നേതാക്കൾക്കും വികസനത്തിന് അനിവാര്യമായ സാമ്പത്തിക വളർച്ചയിലേക്ക് നാടിനെ നയിക്കാൻ എന്തുകൊണ്ട് കഴിയുന്നില്ല എന്ന് അന്വേഷിക്കുമ്പോഴാണ് ജാതി രാഷ്ട്രീയത്തിന്റെ പരിമിതമായ ലക്ഷ്യങ്ങളെക്കുറിച്ച് നാം ബോധവാന്മാരാകുന്നത്. 
ലാലുവിന്റെ സുദീർഘ ഭരണത്തിനൊടുവിലും രാജ്യത്തെ ഏറ്റവും അവികസിതമായ പ്രദേശങ്ങളിലൊന്നായി തുടരുകയായിരുന്നു ബിഹാർ. ഏറ്റവുമധികം വ്യവസായ സാധ്യതകളുള്ള, വിഭവങ്ങളുള്ള ബിഹാർ ദരിദ്ര നാരായണന്മാരുടേയും നിരക്ഷര ഭൂരിപക്ഷത്തിന്റേയും നാടായി തുടരുന്നതിൽ പിന്നോക്ക, ദളിത് രാഷ്ട്രീയക്കാർക്കുള്ള പങ്ക് തള്ളിക്കളയാനാവില്ല. പിന്നോക്കക്കാർ എന്നും അക്ഷരാഭ്യാസമില്ലാത്ത അടിമകളായി കഴിയേണ്ടത് സവർണരുടെ ആവശ്യമായിരിക്കാം. എന്നാൽ സംഘടിതരും രാഷ്ട്രീയാധികാരം പ്രദാനം ചെയ്യാൻ കെൽപുള്ളവരുമായ ഒരു ജനതയെ ദീർഘമായ കാലയളവിനുള്ളിൽ പോലും സാമ്പത്തികമായി ഉദ്ധരിക്കാൻ കഴിയാതിരുന്ന രാഷ്ട്രീയ ധാരകൾക്ക് സാമൂഹിക വിപ്ലവത്തെക്കുറിച്ച് ശബ്ദിക്കാനെ കഴിയില്ല.
രാഷ്ട്രപതി ഭവനിൽ കോവിന്ദ് ആണോ നാരായണൻ ആണോ എന്നതല്ല, ദളിതുകളുടെ ഉന്നമനത്തിന്റെ അടയാളം. സ്‌കൂളുകളിൽ ദളിത് വിദ്യാർഥികൾ എത്തുന്നുണ്ടോ, ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ അവരുടെ സാന്നിധ്യം എത്രത്തോളമുണ്ട്, അടിമത്തത്തോളമെത്തുന്ന വിനീത വിധേയത്വ മനഃസ്ഥിതിയിൽനിന്ന് അവർ മോചിതരായിട്ടുണ്ടോ, ഉദ്യോഗങ്ങളിലും അധികാര പദവികളിലും അവരുടെ സ്ഥാനം എന്താണ്, സാമൂഹിക വികസനത്തിൽ അവരുടെ പങ്കാളിത്തം എത്രത്തോളം എന്നിങ്ങനെ സമഗ്രമായ കാഴ്ചപ്പാടോടെ ദളിത് രാഷ്ട്രീയത്തെ വിലയിരുത്തുന്നവർക്ക് നിരാശയായിരിക്കും ഫലം. അതിനാൽ തന്നെ രാഷ്ട്രപതി ഭവനിലേക്ക് ഒരു ദളിത് എത്തുന്നതോ പിന്നോക്കക്കാരൻ പ്രധാനമന്ത്രിയാവുന്നതോ അടിച്ചമർത്തപ്പെട്ടവന്റെ തിരിച്ചുവരവായോ ഉണർവായോ കാണേണ്ടതില്ല. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ ദളിത് വികാരങ്ങളെ അനുകൂലമാക്കി മാറ്റാനുള്ള രാഷ്ട്രീയ തന്ത്രം മാത്രമാണത്. അതും ഒരു സവർണ രാഷ്ട്രീയ തന്ത്രമാണ്. 
സ്വന്തം സമുദായങ്ങളിൽ ജനാധിപത്യ ആദർശങ്ങൾ പകർന്നു നൽകാൻ പോലും പരാജയപ്പെട്ടവരാണ് ഉത്തരേന്ത്യയിലെ ജാതിരാഷ്ട്രീയ നേതാക്കൾ. ദളിതുകളിലെ ഫ്യൂഡൽ നേതാക്കളാണ് അവർ. മുഖ്യധാരാ പാർട്ടികളിലെ നേതാക്കളുടെ മറ്റൊരു പതിപ്പ് മാത്രമാണവർ. പാർശ്വവത്കരിക്കപ്പെട്ടവരുടെ പതിതമായ ജീവിതാവസ്ഥ തിരുത്താൻ കഴിയാത്ത, ദളിത് വോട്ടുകളെപ്പോലും ശിഥിലീകരിച്ചു കളയുന്ന അവരുടെ സ്വാർഥ രാഷ്ട്രീയം, ദളിത് ശാക്തീകരണമെന്ന അനിവാര്യതയെ എപ്പോഴും ദുർബലപ്പെടുത്തുന്നു. 

Latest News