Sorry, you need to enable JavaScript to visit this website.

ചൈനയിലെ ഷിന്‍ജാങില്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്നത് വംശഹത്യയ്ക്കു സമാനമെന്ന് യുഎസ്

വാഷിങ്ടണ്‍- ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറന്‍ മേഖലയിലെ സ്വയംഭരണ പ്രദേശമായ ഷിന്‍ജാങില്‍ ഉയ്ഗൂര്‍ വംശജരായ മുസ്‌ലിംകള്‍ക്കെതിരെ ചൈന നടത്തിക്കൊണ്ടിരിക്കുന്നത് വംശഹത്യയ്ക്കു സമാനമാണെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു. ഷിന്‍ജാങില്‍ ചൈനീസ് ഭരണകൂടം മുസ് ലിംകളോടു പെരുമാറുന്ന വിധം വംശഹത്യയല്ലെങ്കില്‍ അതിനോട് അടുപ്പമുള്ള ഒന്നാണെന്നും റോബര്‍ട്ട് ഒബ്രിയെന്‍ പറഞ്ഞു. ഉയ്ഗൂര്‍ വിഭാഗക്കാരും മറ്റു ന്യൂനപക്ഷ മുസ് ലിംകളോടുമുള്ള ചൈനയുടെ പെരുമാറ്റത്തെ യുഎസ് അപലപിക്കുകയും ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുകും ചെയ്തിട്ടുണ്ട്. എന്നാല്‍ ഷിന്‍ജാങില്‍ നടക്കുന്നത് വംശഹത്യയാണെന്ന് യുഎസ് ഇതുവരെ പറഞ്ഞിട്ടില്ല. അങ്ങനെ വിശേഷിപ്പിച്ചാല്‍ യുഎസിന് കൂടുതല്‍ നിയമ പ്രശ്‌നങ്ങളിലേക്കും ചൈനയ്‌ക്കെതിരെ കടുത്ത നടപടികളിലേക്കും നീങ്ങേണ്ടി വരും.

ഷിന്‍ജാങില്‍ പത്തു ലക്ഷത്തിലേറെ മുസ് ലിംകളെ ചൈനീസ് ഭരകൂടം തടങ്കലിലാക്കിയിട്ടുണ്ടെന്നാണ് യുഎന്‍ കണക്കുകള്‍. ഇവിടെ നടക്കുന്നത് മാനവികതയ്‌ക്കെതിരായ കുറ്റകൃത്യവും വംശഹത്യയുമാണെന്ന് നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചൈന ഇതു നിഷേധിക്കുന്നു. ഷിന്‍ജാങിലെ ക്യാമ്പുകള്‍ തൊഴില്‍പരിശീലന കേന്ദ്രങ്ങളും തീവ്രവാദ വിരുദ്ധ പഠന കേന്ദ്രങ്ങളുമാണെന്ന് ചൈന പറയുന്നു. 

മാസങ്ങള്‍ക്കു മുമ്പ് മനുഷ്യ മുടി ഉപയോഗിച്ചുള്ള വിവിധ മുടി ഉല്‍പ്പന്നങ്ങള്‍ യുഎസ് കസ്റ്റംസ് പിടികൂടിയ സംഭവം റോബര്‍ട്ട് ഒബ്രിയെന്‍ പരാമര്‍ശിച്ചു. ഈ ഉല്‍പ്പന്നങ്ങല്‍ ഷിന്‍ജാങില്‍ നിന്ന് ശേഖരിച്ച മനുഷ്യ മുടികളാണെന്നും യുഎസ് പറയുന്നു. ഷിന്‍ജാങില്‍ നിന്നുള്ള മുടി ഉല്‍പ്പന്നങ്ങല്‍ ജൂണിലാണ് യുഎസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രോട്ടക്ഷന്‍ ഏജന്‍സി പിടിച്ചെടുത്തത്.

ഷിന്‍ജാങിലെ മുസ്‌ലിംകള്‍ക്കിടയില്‍ ചൈനീസ് ഭരണകൂടം നിര്‍ബന്ധിത വന്ധ്യംകരണം, ഗര്‍ഭഛിദ്രം, ശിക്ഷാ കുടുംബാസൂത്രംണം തുടങ്ങിയവ അടിച്ചേല്‍പ്പിക്കുന്നത് ഞെട്ടിപ്പി്ക്കുന്ന സംഭവമാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്് പോംപിയോ ജൂണില്‍ പറഞ്ഞിരുന്നു. 

Latest News