Sorry, you need to enable JavaScript to visit this website.
Sunday , November   29, 2020
Sunday , November   29, 2020

വിദ്യാഭ്യാസത്തിന്റെ ഇസ്‌ലാമികാന്തരീക്ഷം

ഏതൊരു മനുഷ്യന്റെയും വ്യക്തിത്വത്തിന്റെ അടയാളം അയാളുടെ സംസ്‌കാരവും സ്വഭാവ ഗുണങ്ങളുമാണ്. തീവ്ര ശൈലികൾ ഒഴിവാക്കി പക്വമായ നിലപാട് സ്വീകരിച്ച്   മറ്റുള്ളവരുമായി ഇടപഴകാനും സംസാരത്തിലും പ്രവൃത്തിയിലും ഔന്നത്യം കാണിക്കുവാനും സാധിക്കുമ്പോഴാണ് അയാളുടെ വ്യക്തിത്വം മറ്റുള്ളവരെ സ്വാധീനിക്കുക. ഒരാൾ ഈ ലോകത്ത് ജനസ്വാധീനമുള്ളവനാകുന്നതും പരലോകത്ത് അല്ലാഹുവിങ്കൽ പരിഗണിക്കപ്പെടുന്നതും അയാൾ സാക്ഷരനാണോ ഉന്നത ബിരുദങ്ങളുള്ള വ്യക്തിയാണോ എന്നു നോക്കിയിട്ടല്ല. അക്ഷരങ്ങൾ കൂട്ടിയോജിപ്പിച്ച് ഉന്നത സാഹിത്യങ്ങൾ രചിക്കുക, അക്കാദമിക ബിരുദങ്ങളും ഗവേഷണാലങ്കാരങ്ങളും നേടിയെടുക്കുക, ഉന്നതങ്ങളായ ഔദ്യോഗിക പദവികളിൽ എത്തിച്ചേരുക, വലിയ സമ്പത്തിനുടമയാവുക, ഉന്നത സൗധങ്ങൾ പണികഴിപ്പിക്കാൻ സാധിക്കുക  തുടങ്ങിയ കാര്യങ്ങൾ പുറംമോടികൾ മാത്രമാണ്. ഈ നേട്ടങ്ങളൊക്കെ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു മനുഷ്യൻ ഭൂമിയോടും ഭൂമിയിലെ നിവാസികളോടും സത്യസന്ധതയും ആത്മാർത്ഥതയും പുലർത്തി സാധിക്കുന്നത്ര മറ്റുള്ളവർക്ക് വേണ്ടി സേവനം അനുഷ്ഠിച്ച് ജീവിക്കുമ്പോഴാണ് അയാൾ സംസ്‌കാരസമ്പന്നനായി തീരുക. 
മുഹമ്മദ് നബി (സ) സാക്ഷരനായിരുന്നില്ല. അക്ഷരങ്ങൾ പഠിക്കുവാനോ അത് കൂട്ടിയോജിപ്പിക്കുവാനോ വായിക്കുവാനോ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. നിരക്ഷരനായി വളർന്ന അദ്ദേഹത്തെ കുറിച്ച് ഖുർആൻ വിവരിക്കുന്നത് ഇങ്ങനെയാണ്: 'ഇതിന് മുമ്പ് നീ വല്ല ഗ്രന്ഥവും പാരായണം ചെയ്യുകയോ, നിൻെറ വലതുകൈ കൊണ്ട് അത് എഴുതുകയോ ചെയ്തിരുന്നില്ല.’ (29:48)  'വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന് നിനക്കറിയുമായിരുന്നില്ല.’ (42:52). 'അക്ഷരജ്ഞാനമില്ലാത്ത ഒരു സമൂഹത്തിലേക്ക് അവരിൽ നിന്ന് തന്നെ ഒരു ദൂതനെ അയച്ചവനാണ് അല്ലാഹു’ (62:2). ഇങ്ങനെ വിശുദ്ധ ഖുർആനിലെ ധാരാളം വചനങ്ങളിൽ പ്രവാചകന്റെ നിരക്ഷരതയെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. നിരക്ഷരനായി വളർന്നിട്ടും പ്രവാചകത്വം ലഭിക്കപ്പെടുന്നതിനു മുമ്പ് തന്നെ മുഹമ്മദ് സമൂഹത്തിൽ ആദരവ് നേടിയിരുന്നു. ഉന്നതവിദ്യാഭ്യാസമോ സാഹിത്യാഭിരുചിയോ ഒന്നുമായിരുന്നില്ല അദ്ദേഹത്തിന് ആദരവ് ലഭിക്കാനുണ്ടായ കാരണം. സാമ്പത്തികമായ അടിത്തറയുണ്ടാക്കി അതിന്മേൽ വലിയ രമ്യഹർമ്യങ്ങൾ പണിതത് കൊണ്ടുമായിരുന്നില്ല അദ്ദേഹം അംഗീകാരം നേടിയെടുത്തത്. ജനങ്ങളുമായുള്ള ഇടപാടുകളിലും ഇടപെടലുകളിലുമുള്ള സത്യസന്ധതയും ആത്മാർത്ഥതയുമായിരുന്നു മുഹമ്മദിന് ലഭിച്ച അംഗീകാരത്തിന്റെ പിന്നിൽ. വിശ്വസ്തൻ (അൽഅമീൻ) എന്ന അപരനാമം അദ്ദേഹം സ്വയം സൃഷ്ടിച്ചെടുത്തതല്ല, സമൂഹം അദ്ദേഹത്തിന് ചാർത്തിക്കൊടുത്തതായിരുന്നു. പ്രവാചകത്വം ലഭിച്ചശേഷം എതിരാളികൾ ഉയർത്തിവിട്ട ഒരു വിമർശനം അദ്ദേഹം ‘മഹാൻ' ആയിരുന്നില്ല എന്നായിരുന്നു. 'ഒരു മഹാപുരുഷന്റെ മേൽ എന്തുകൊണ്ട് ഈ ഖുർആൻ അവതരിപ്പിക്കപ്പെട്ടില്ല’ (43:31) എന്ന അവരുടെ വിമർശനത്തിൽ ‘മഹത്വം' എന്നതിന് അജ്ഞാന കാലഘട്ടം നൽകിയ നിർവചനത്തെ കാണാൻ സാധിക്കും. ഉന്നത സ്വഭാവമോ സംസ്‌കാരമോ പക്വതയോ ഒന്നുമല്ല മഹത്വത്തിന്റെ അടയാളമായി അവർ ഗണിച്ചിരുന്നത്. പകരം ഭൗതികമായ വിജ്ഞാനങ്ങളും സമ്പാദ്യങ്ങളും മാത്രമായിരുന്നു. 
ഒരു സമൂഹത്തിന്റെ വിമോചനത്തിനും സാംസ്‌കാരിക വിപ്ലവത്തിനും അക്ഷരജ്ഞാനമോ കേവല വിജ്ഞാനമോ അല്ല വേണ്ടതെന്ന് അദ്ദേഹം പ്രവൃത്തിപഥത്തിലൂടെ തെളിയിച്ചു. സദാചാരം ഉപദേശിച്ചും ദുരാചാരത്തെ വിലക്കിയും വിശിഷ്ട വസ്തുക്കളെന്തെന്ന്  പറഞ്ഞുകൊടുത്തും ജനഹൃദയങ്ങളെ അദ്ദേഹം കീഴടക്കിയത് നിരക്ഷരനായിക്കൊണ്ട് തന്നെയായിരുന്നു. സമൂഹത്തിന്റെ മുതുകുകളിൽ അജ്ഞാനകാലത്തിന്റെ തത്വസംഹിതകൾ പതിച്ചുവെച്ച ഭാണ്ഡങ്ങളിൽ നിന്നും കൈകാലുകളിൽ അധികാരിവർഗങ്ങൾ തീർത്ത വിലങ്ങുകളിൽ നിന്നും സ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും കാഹളം മുഴക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ ഉന്നതമായ സംസ്‌കാരത്തിന്റെയും സ്വഭാവമഹിമയുടെയും ഫലമായിരുന്നു. ഖുർആൻ പറയുന്നു; 'അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ പിൻപറ്റുന്നവർക്ക് കാരുണ്യം രേഖപ്പെടുത്തുന്നതാണ്. അവരോട് അദ്ദേഹം സദാചാരം കൽപിക്കുകയും, ദുരാചാരത്തിൽ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കൾ അവർക്ക് അനുവദനീയമാക്കുകയും, മ്ലേച്ഛ വസ്തുക്കൾ അവരുടെ മേൽ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു.’ (7:157). 
പ്രവാചകന്റെ ഈ ചരിത്രത്തെ വർത്തമാന കാലവുമായി ബന്ധപ്പെടുത്തുമ്പോഴാണ് വിദ്യാഭ്യാസത്തെ എത്ര വിലക്ഷണമായാണ് ആധുനിക സമൂഹം നോക്കിക്കാണുന്നത് എന്നു മനസ്സിലാവുക.  ‘വിദ്യാഭ്യാസം' എന്ന പദമാണ് ആധുനികകാലത്ത് ഒരു മനുഷ്യന്റെ അറിവിനെയും പദവിയേയും പ്രഭാവത്തെയുമെല്ലാം പ്രതിനിധീകരിക്കുന്നത്. വിദ്യ അഭ്യസിച്ച് അതിലൂടെ പടവുകൾ കയറി ഉന്നതസ്ഥാനത്തെത്തുക എന്നതു മാത്രമാണ് വിദ്യാഭ്യാസം നേടുക എന്നതിലൂടെ പൊതുവിൽ ഉദ്ദേശിക്കപ്പെടുന്നത്. സാമ്പത്തികാഭിവൃദ്ധിക്കോ അല്ലെങ്കിൽ ജീവിതം നിലനിർത്താൻ വേണ്ടിയിട്ടുള്ള ഉപാധിയായിട്ടോ ആണ് സമൂഹം അതിനെ കാണുന്നത്. ഒരു സമൂഹത്തിന്റെ നിർമ്മിതിക്ക് വേണ്ടിയുള്ള ത്യാഗനിർഭരമായ പ്രക്രിയയായി അതിനെ ആരും നോക്കിക്കാണുന്നില്ല. വർഷാവർഷം വിരിയിച്ചെടുക്കുന്ന ബിരുദധാരികളുടെ എണ്ണത്തിന്റെ കാര്യത്തിൽ അഹങ്കരിക്കുകയും പുതിയ തൊഴിൽ മേഖലകളെ കണ്ടെത്തി നിയമനങ്ങൾ നടത്തുകയും ചെയ്യുക എന്നതാണ് വിദ്യാഭ്യാസ പുരോഗതിയുടെ ഗ്രാഫ് ആയി പൊതുവിൽ വിലയിരുത്തപ്പെടുന്നത്. എന്നാൽ ഇസ്‌ലാം വിദ്യാഭ്യാസം എന്നതിനെ വിശാലമായ അർത്ഥത്തിലാണ് കാണുന്നത്.  തഅ്‌ലീം, തഅ്ദീബ്, തർബിയ എന്നീ ഘടകങ്ങൾ അടങ്ങിയതാണ് ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിലുള്ള വിദ്യാഭ്യാസം. അറിവ് പകർന്നുകൊടുക്കുക എന്നതാണ് തഅ്‌ലീം കൊണ്ടുള്ള ഉദ്ദേശ്യം. മര്യാദകൾ, സൽസ്വഭാവങ്ങൾ, ഗുരുശിഷ്യ ബന്ധം, മാതാപിതാക്കളോടുള്ള കടപ്പാട്, സമൂഹത്തോടുള്ള പ്രതിബദ്ധത തുടങ്ങിയ സൽഗുണങ്ങൾ പരിശീലിപ്പിക്കുക എന്നതാണ് തഅ്ദീബ്. ഇങ്ങനെ വിജ്ഞാനവും സംസ്‌കാരവും സമ്മേളിപ്പിച്ച് ക്രമപ്രവൃദ്ധമായി വിദ്യാർത്ഥിയെ വളർത്തിയെടുക്കുക എന്നതാണ് തർബിയ.  മനുഷ്യനും സമൂഹവും സ്രഷ്ടാവും തമ്മിലുള്ള ബഹുമുഖ ബന്ധത്തെയാണ് ഈ മൂന്നു പദങ്ങളും പ്രതിനിധീകരിക്കുന്നത്. മനുഷ്യനും പരിസ്ഥിതിയും തമ്മിലും സമൂഹവും പരിസ്ഥിതിയും തമ്മിലും മനുഷ്യനും സ്രഷ്ടാവും തമ്മിലുമുള്ള ഈടുറ്റ ബന്ധമാണ് വിദ്യാഭ്യാസത്തിന്റെ പ്രതിഫലനമായി ഉണ്ടായിത്തീരേണ്ടത് എന്നർത്ഥം. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഈ മൂന്നു പദങ്ങളുടെ പരിച്ഛേദമാണ് ഇസ്‌ലാമിൽ ഔപചാരികമോ അനൗപചാരികമോ ആയ മുഴുവൻ വിദ്യാഭ്യാസത്തിന്റെയും ലക്ഷ്യം. 
വിജ്ഞാനം ജഡാവസ്ഥയിൽ നിൽക്കേണ്ട ഒന്നല്ല എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. വിജ്ഞാനം ലഭിച്ചവർ തങ്ങളുടെ സ്വന്തം കാര്യങ്ങൾക്ക് വേണ്ടി മാത്രം അതിനെ  ഉപയോഗപ്പെടുത്തുന്നത് സ്വാർത്ഥതയാണ്. വിജ്ഞാനം ആർജ്ജിച്ചെടുത്തവരെ കുറിച്ച് ഖുർആൻ പറയുന്നത് ഇങ്ങനെയാണ്: 'നിങ്ങളിൽ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നൽകപ്പെട്ടവരെയും അല്ലാഹു പല പടികൾ ഉയർത്തുന്നതാണ്.’ (58:11). വിജ്ഞാനത്തിലൂടെ പല പടികൾ മനുഷ്യൻ ഉയരേണ്ടതുണ്ട്. വൈയക്തികമായ ഉയർച്ചയിൽ പ്രധാനം സംസ്‌കാര സമ്പന്നമായ വ്യക്തിത്വമാണ്. അങ്ങനെ വിജ്ഞാനം നേടുകയും അതിന്റെ ലക്ഷ്യം മനസ്സിലാക്കുകയും ചെയ്യുന്ന ഒരു സമൂഹം ധാർമ്മികമായി ഉയർച്ച നേടുമെന്നും ഇതിൽ നിന്നും മനസ്സിലാക്കാം. പ്രവാചകൻ പറഞ്ഞു: 'വിജ്ഞാനത്തിന്റെ മാർഗം അന്വേഷിച്ചു അതിലൂടെ സഞ്ചരിക്കുന്നവർക്ക് സ്വർഗത്തിലേക്കുള്ള മാർഗം എളുപ്പമാക്കിക്കൊടുക്കും’ (മുസ്‌ലിം 2699).  ആത്മീയ വിജ്ഞാനങ്ങൾ തേടി സ്വർഗം കരസ്ഥമാക്കുക മാത്രമല്ല, ഭൗതിക വിജ്ഞാനങ്ങളാണെങ്കിലും അതുവഴി ഉന്നതമായ സ്വഭാവവും സംസ്‌കാരവും നേടുകയും സമൂഹത്തിനു സേവനമർപ്പിക്കുകയുമാണെങ്കിൽ തീർച്ചയായും അതും സ്വർഗത്തിലേക്കുള്ള വഴി തന്നെയാണെന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. ഇസ്‌ലാമിക വിശ്വാസം സ്വീകരിച്ച് ഖുർആനും സുന്നത്തുമനുസരിച്ച് ജീവിക്കുന്ന ഒരു മുസ്‌ലിം താൻ നേടിയെടുക്കുന്ന വിജ്ഞാനത്തിന്റെ സൽഫലങ്ങൾ സമൂഹത്തിനു കൂടി പകർന്നു കൊടുക്കുന്നവനായിരിക്കും. തനിക്ക് ലഭിച്ച വിജ്ഞാനം വഴി സമൂഹത്തിലെ ദുർബലരും ദരിദ്രരുമായിട്ടുള്ളവർക്ക് സഹായമെത്തിക്കുക എന്നത് കർത്തവ്യമായി അയാൾ കരുതും. ചൂഷണം പിടിമുറുക്കിയിട്ടുള്ള നമ്മുടെ സാമൂഹിക പരിതസ്ഥിതിയിൽ സേവനം നൽകി തന്റെ ഉത്തരവാദിത്വം നിർവഹിക്കാൻ വേണ്ടിയായിരിക്കണം ഒരു വിശ്വാസി ശ്രമിക്കേണ്ടത്. തന്റെ ആദർശബോധം അയാളെ നയിക്കേണ്ടത് അതിനുവേണ്ടിയായിരിക്കണം. നാടോടുമ്പോൾ നടുവേ ഓടണമെന്ന ആപ്തവാക്യമായിരിക്കരുത് ഒരു വിശ്വാസിയെ നയിക്കേണ്ടത്. സമൂഹത്തിൽ നന്മയും സേവന മനസ്ഥിതിയും വളർത്താൻ ഒരു വിശ്വാസിക്ക് മാത്രമേ സാധിക്കൂ. 
ഇസ്‌ലാമിക അന്തരീക്ഷത്തിൽ പഠിക്കുവാനുള്ള സാഹചര്യങ്ങൾ അന്വേഷിക്കുന്ന മുസ്‌ലിം വിദ്യാർത്ഥി തന്റെ പഠനത്തിലൂടെ സമൂഹത്തിന് സേവനം ലഭിക്കണമെന്ന വിദ്യാഭ്യാസത്തിന്റെ ഇസ്‌ലാമിക ‘അന്തരീക്ഷം' സാക്ഷാത്കരിക്കാനുള്ള തീരുമാനം കൂടി എടുക്കേണ്ടതുണ്ട്. ലോകത്ത് എവിടെ പഠിച്ചാലും ഒരു മുസ്‌ലിം വിദ്യാർത്ഥിക്ക് തന്റെ ഇസ്‌ലാമിക വിശ്വാസവും സംസ്‌കാരവും കാത്തു സൂക്ഷിക്കാനുള്ള ശ്രമം നടത്താനുള്ള ഉത്തരവാദിത്വമുണ്ട്. ‘സാധിക്കുന്നത്ര അല്ലാഹുവിനെ സൂക്ഷിക്കുക', ‘ഒരു ആത്മാവിനോടും തന്റെ കഴിവിൽ പെട്ടതിനപ്പുറം അല്ലാഹു നിർബന്ധിക്കുന്നില്ല' തുടങ്ങിയ ഖുർആൻ സൂക്തങ്ങൾ ഓരോ മുസ്‌ലിം വിദ്യാർത്ഥിക്കും പ്രചോദനമാണ്. എന്നാൽ അങ്ങനെയൊക്കെ കഷ്ടപ്പെട്ട് വിദ്യാഭ്യാസം നേടിയെടുത്ത വിശ്വാസിക്ക് താൻ നേടിയ വിദ്യാഭ്യാസം അല്ലാഹുവിന്റെ അനുഗ്രഹമാണെന്നു മനസ്സിലാക്കി അത് സമൂഹത്തിനു സമർപ്പിക്കാനുള്ള ബാധ്യതയുമുണ്ട്. 
ആദർശബോധം പ്രകടമാകേണ്ടത് ആരാധനകളിൽ മാത്രമല്ല. സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടി അത് കാണേണ്ടതുണ്ട്. ആരോഗ്യമേഖല ഇന്ന് ചൂഷണത്തിന്റെ വിഹാരകേന്ദ്രമായിരിക്കുന്നു. ആദർശബോധമുള്ള ഒരു മുസ്‌ലിം തന്റെ ജോലിസമയം കഴിഞ്ഞുള്ള ശിഷ്ടസമയത്ത്, തനിക്ക് സർവശക്തൻ അനുഗ്രഹിച്ചു നൽകിയ അറിവിനെ സഹജീവികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും അവരെ ചികിത്സിക്കുന്നതിനുമായി ഉപയോഗപ്പെടുത്താൻ സാധിക്കേണ്ടതുണ്ട്. അവരിൽ നിന്ന് പ്രതിഫലം കാംക്ഷിക്കാതെ അവർക്ക് സേവനം ചെയ്യുക എന്നതായിരിക്കണം വിദ്യാഭ്യാസത്തിന്റെ ഇസ്‌ലാമിക പരിപ്രേക്ഷ്യം മനസ്സിലാക്കുകയും ഇസ്‌ലാമിക അന്തരീക്ഷം അന്വേഷിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്കുണ്ടാവേണ്ടത്. പണത്തിനു പിന്നാലെ ഓടുന്നതിന് പകരം പണമില്ലാത്തവരെ കണ്ടെത്തി അവർക്ക് ചികിത്സ നൽകി ആതുരസേവനം വ്യക്തിപരമായ ബാധ്യതയാണെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. 
വിദ്യാഭ്യാസത്തിന്റെ വർത്തമാനകാല ദുരവസ്ഥ കേവലബുദ്ധി മാത്രം വളർത്തുന്ന ഒരു യാന്ത്രിക പ്രക്രിയയായി അത് പരിണമിച്ചുവെന്നതാണ്. ഡോക്ടർമാർ, എഞ്ചിനീയർമാർ, അഭിഭാഷകർ, ഐ.ടി വിദഗ്ധർ തുടങ്ങി സ്ഥിരം ചൊല്ലിപ്പറയുന്ന പ്രൊഫഷനുകളിൽ പലരുടെയും ബൗദ്ധികമായ നിലവാരം ഉന്നതമായിരിക്കാമെങ്കിലും സാമൂഹിക പ്രതിബദ്ധതയോ മാനവികമായ കാഴ്ചപ്പാടോ കുറവാണെന്നതാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഒരു കുഞ്ഞ് ജനിക്കുമ്പോൾ തന്നെ മാതാപിതാക്കൾ ആ കുഞ്ഞ് ഒരു ഡോക്ടർ ആകണമെന്ന് തീരുമാനിക്കുകയും ആ കുഞ്ഞിന് ഒരു ഡോക്ടർ ആകാനുള്ള അറിവുകളും പരിശീലനങ്ങളും മാത്രം നൽകി ബ്രോയിലർ ചിക്കനുകളെ വികസിപ്പിച്ചെടുക്കുന്ന പോലെ പുറംലോകം കാണിക്കാതെ ഒരു ഡോക്ടറായി വിരിയിച്ചെടുക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ചെറുപ്പം മുതൽ അതിനായി ചെലവിട്ട കണക്കുകൾ എന്തുതന്നെയായാലും ഒരു ഡോക്ടർ ആകുന്നതിലൂടെ അതിന്റെ എത്രയോ മടങ്ങു തിരിച്ചു പിടിക്കാൻ സാധിക്കുമെന്ന കണക്കുകൂട്ടലാണ് രക്ഷിതാക്കൾക്കുള്ളത്. അങ്ങനെയുള്ള വിദ്യാർഥികളിൽ ധാർമികവും മനുഷ്യത്വപരവുമായ ഇച്ഛാശക്തി വികസിക്കുകയില്ലെന്നത് അതിന്റെ സ്വാഭാവികത മാത്രമാണ്. പകരം സ്വാർഥത മാത്രമായിരിക്കും ഈ വിദ്യാഭ്യാസ പ്രക്രിയയുടെ ചാലകശക്തിയായി പ്രവർത്തിക്കുക. തലച്ചോറിന് ഭാരം നൽകുന്നതിന് പകരം അന്തസ്സും സംസ്‌കാരവും ഉന്നതമായ മൂല്യങ്ങളും കുലീനമായ പെരുമാറ്റങ്ങളുമെല്ലാം ഒരു വിദ്യാർഥിയിൽ രൂപപ്പെടുത്താൻ സാധിക്കുമ്പോൾ മാത്രമെ വിദ്യാഭ്യാസം വിജയത്തിലെത്തുകയുള്ളൂ. ചെറ്റക്കുടിലിൽ ജീവിച്ചാലും ഉന്നതമായ ചിന്തകളും ഉദാത്തമായ സംസ്‌കാരവുമാണ് ഒരു വ്യക്തിയെ മഹാനുഭാവനാക്കി മാറ്റുന്നത്. ആർഭാടങ്ങളും മഹാസൗധങ്ങളുമല്ല; മറിച്ച് വിദ്യാഭ്യാസത്തിലൂടെ ലഭിച്ച ഉൾക്കാഴ്ച സമ്മാനിച്ച സാമൂഹികബോധവും അർപണമനോഭാവവുമാണ് സംസ്‌കാരത്തിന്റെ അടയാളം. 
ലോക വിദ്യാർത്ഥി ദിനവും അധ്യാപക ദിനവും വിദ്യാഭ്യാസ ദിനവും ആരോഗ്യ ദിനവുമെല്ലാം ആചരിക്കുമ്പോഴും വിദ്യാഭ്യാസത്തിനു മേലുള്ള ദൈവികമായ കൈയൊപ്പും അതിന്റെ നൈതികതയും മനസ്സിലാക്കി ഉന്നത സ്വഭാവങ്ങളും സംസ്‌കാരവും ഉൾക്കൊണ്ട് സമൂഹത്തിന് സേവനങ്ങൾ അർപ്പിക്കാൻ പ്രതിജ്ഞാബദ്ധനാവുകയാണ് വിശ്വാസവും ആദർശവും മുറുകെപ്പിടിക്കുന്ന വിദ്യാർത്ഥി ചെയ്യേണ്ടത്. ഹൃദയത്തിൽ ഇസ്‌ലാമികാന്തരീക്ഷം സൃഷ്ടിച്ച് അതിന്റെ പ്രഭയും സൗരഭ്യവും ലോകത്തിന് സമർപ്പിക്കുക എന്നതാണ് വിശ്വാസിയുടെ ജീവിത ദൗത്യം.


 

Latest News