തന്റെ സര്‍ക്കാരിനെ പുറത്താക്കിയത് പാക് സൈനിക മേധാവിയെന്ന് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്

ലാഹോര്‍- പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ് വയ്‌ക്കെതിരെ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രിയും പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്-എന്‍ നേതാവുമായ നവാസ് ശരീഫ്. 2018ലെ തെരഞ്ഞെടുപ്പില്‍ കോടതിയെ സമ്മര്‍ദ്ദത്തിലാക്കിയും ഇംറാന്‍ ഖാന്‍ സര്‍ക്കാരിനെ അധികാരത്തിലേറ്റിയും സൈനിക മേധാവി തന്റെ സര്‍ക്കാരിനെ മറിച്ചിടുകയായിരുന്നുവെന്ന് നവാസ് ആരോപിച്ചു. പ്രതിപക്ഷം നടത്തുന്ന രാജ്യവ്യാപക പ്രതിഷേധങ്ങളുടെ ഭാഗമായി പ്രതിപക്ഷ പാര്‍ട്ടികള്‍ കിഴക്കന്‍ നഗരമായ ഗുജ്‌റന്‍വാലയില്‍ നടത്തിയ പ്രതിഷേധ സംഗമത്തില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ലണ്ടനിലാണ് നവാസ് ശരീഫ് കഴിയുന്നത്. 'ജനറല്‍ ഖമര്‍ ജാവേദ് ബാജ്‌വ, താങ്കളാണ് എന്റെ സര്‍ക്കാരിനെ പുറത്താക്കുകയും രാജ്യത്തെ താങ്കളുടെ താല്‍പര്യങ്ങളുടെമേല്‍ പ്രതിഷ്ടിക്കുകയും ചെയ്തത്,' നവാസ് ആഞ്ഞടിച്ചു. തന്റെ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയതില്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) മേധാവിക്കും പങ്കുണ്ടെന്നും നവാസ് ആരോപിച്ചു.

പാക്കിസ്ഥാനില്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്താന്‍ ഒമ്പത് പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് കഴിഞ്ഞ മാസം പാക്കിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് എന്ന പേരില്‍ സഖ്യം രൂപീകരിച്ചിരുന്നു. ഈ സഖ്യത്തിന്റെ ബാനറില്‍ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ നടന്നു വരികയാണ്.
 

Latest News