വീട്ടില്‍ നിന്നിറങ്ങാതെ 'ഭൂമിയുടെ ചുറ്റും നടന്ന' ഇന്ത്യന്‍ വയോധികന്‍ ഗിന്നസ് റെക്കോര്‍ഡ് പ്രതീക്ഷയില്‍

ലണ്ടന്‍- വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ 40,075 കിലോമീറ്റര്‍ ദൂരം 1500 ദിവസം നടന്ന ഇന്ത്യന്‍ വംശജനും വയോധികനുമായ അയര്‍ലന്‍ഡുകാരന്‍ ഗിന്നസ് റെക്കോര്‍ഡ് പ്രതീക്ഷയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. 70കാരനായ വിനോദ് ബജാജ് ആണ് തന്റെ എര്‍ത്ത് വാക്ക് ഗിന്നസ് അധികൃതര്‍ക്കു സമര്‍പ്പിച്ചിരിക്കുന്നത്. പഞ്ചാബില്‍ ജനിച്ച വിനോദ് 40 വര്‍ഷത്തിലേറെയായി അയര്‍ലന്‍ഡിലാണ് സ്ഥിരതാമസം. 2016ല്‍ ശരീരം ഭാരംകുറക്കുക എന്ന ലക്ഷ്യത്തോടെ തുടക്കമിട്ട നടത്തമാണ് ഭൂമിയുടെ പുര്‍ണ ചുറ്റളവ് ദൂരം പിന്നിട്ടത്. ഭാരം കുറയ്ക്കാന്‍ കഴിഞ്ഞെങ്കിലും നടത്തം വിനോദിന് ഒരു പതിവു ശീലമായി മാറുകയായിരുന്നു. കാലാവസ്ഥാ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വീട്ടിനും ഇന്‍ഡോര്‍ മാളുകളിലുമാണ് വിനോദ് നടന്നത്. ആദ്യ ആഴ്ച എട്ടു കിലോ കുറച്ചു. പിന്നീട് ആറു മാസം കൊണ്ട് 12 കിലോയും കുറച്ച്. നടത്തം കൊണ്ടു മത്രമാണ് ഇതു സാധ്യമായതെന്നും തന്റെ ഭക്ഷണക്രമത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും വിനോദ് പറയുന്നു.

മുന്‍ എന്‍ജിനീയറും ബിസിനസ് കണ്‍സള്‍ട്ടന്റുമാണ് വിനോദ്. ചെന്നൈയില്‍ വളര്‍ന്ന അദ്ദേഹം 1975ലാണ് ഉന്നത പഠനത്തിനായി സ്‌കോട്‌ലാന്‍ഡിലെ ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയിലെത്തുന്നത്. പിന്നീട് ജോലി ലഭിച്ച് അയര്‍ലന്‍ഡിലേക്കു മാറി. 43 വര്‍ഷമായി ഇവിടെ കുടുംബസമേതം തുടരുന്നു.
 

Latest News