Sorry, you need to enable JavaScript to visit this website.

ഹാഥ്റസ്: യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകനെതിരെ മറ്റൊരു രാജ്യദ്രോഹ കേസ് കൂടി

ഹാഥ്‌റസ്- ഉത്തര്‍ പ്രദേശിലെ ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സം ചെയ്ത് കൊന്ന സംഭവം റിപോര്‍ട്ട് ചെയ്യാനായി പോകുന്നതിനിടെ യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ദല്‍ഹി സെക്രട്ടറിയുമായി സിദ്ദീഖ് കാപ്പനും കൂടെയുണ്ടായിരുന്ന മൂന്ന് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കുമെതിരെ മറ്റൊരു രാജ്യദ്രോഹ കേസ് കൂടി ചുമത്തി. യുപി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും ജാതിയുടെ പേരില്‍ കലാപമുണ്ടാക്കാനും ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഹാഥ്‌റസിലെ ചാന്ദ്പ പോലീസ് സ്റ്റേഷനില്‍ ഒക്ടോബര്‍ നാലിനു രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദീഖിനേയും കൂടെയുണ്ടായിരുന്നു മൂന്നു പേരേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സിദ്ദീഖും കൂടെയുണ്ടായിരുന്ന കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ അംഗങ്ങളായ അതീഖുര്‍ റഹ്മാന്‍ (25), മസൂദ് അഹമദ് (26) ആലം (26) എന്നിവര്‍ക്കും കേസില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതായി യുപി പോലീസ് പറയുന്നു. നാലു പേരും ഇപ്പോള്‍ മഥുര ജയിലിലാണ്. ഇവര്‍ക്കു നാലു പേര്‍ക്കുമെതിരെ കോടതി വാറന്റ് ഇറക്കിയിരുന്നതായും ഹാഥ്‌റസ് എസ് പി വിനീത് ജയ്‌സ്വാള്‍ പറഞ്ഞു.

അതിനിടെ അതൂഖുര്‍ റഹ്മാനെതിരെ മുസഫര്‍നഗര്‍ പോലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയതിന് ആക്രമണ കേസിലുള്‍പ്പെടുത്തിയാണ് പുതിയ കേസെടുത്തിരിക്കുന്നത്. മുസഫര്‍നഗറിലെ കോട് വാലിയില്‍ 2019 ഡിസംബറില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ്. മുസഫര്‍നഗര്‍ സ്വദേശിയാണ് അതീഖ്.

ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദീഖ് കാപ്പനേയും മൂന്നു പേരേയും ഹാഥ്‌റസിലേക്കുള്ള യാത്രാ മധ്യേ യുപി പോലീസ് മഥുരയിലെ മാന്ത് ടോള്‍ പ്ലാസയില്‍ വച്ച് പിടികൂടിയത്. പിന്നീട് ഗൂഢാലോചന കേസിലുള്‍പ്പെടുത്തി യുഎപിഎ, രാജ്യദ്രോഹം എന്നീ കടുത്ത നിയമങ്ങള്‍ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
 

Latest News