Sorry, you need to enable JavaScript to visit this website.

സുശാന്തിന്റേയും ദിഷയുടേയും മരണം; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് ഒരാള്‍ അറസ്റ്റില്‍

മുംബൈ- നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റേയും മാനേജര്‍ ദിഷ സാലിയന്റേയും മരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച ദല്‍ഹി സ്വദേശി അറസ്റ്റില്‍. മുംബൈയില്‍ അഭിഭാഷകനാണെന്ന് അവകാശപ്പെടുന്ന വിഭോര്‍ ആനന്ദിനെയാണ് സൈബര്‍ ക്രൈം സെല്‍ കസ്റ്റഡിയിലെടുത്തത്.
കേസുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും കഥകളും പരത്തിയതിനാണ് നടപടിയെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട നിരവധി ഗൂഢാലോചനക്കഥകള്‍ പ്രസിദ്ധീകരിച്ചിരുന്നായി പോലീസ് വെളിപ്പെടുത്തി. മുംബൈയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ജൂണ്‍ എട്ടിന് മുംബൈ മലാഡിലെ കെട്ടിടത്തില്‍നിന്നു വീണു മരിച്ച നിലയിലാണ് സുശാന്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയന്റെ മൃതദേഹം കണ്ടെത്തിയത്. ദിഷയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് ഇയാള്‍ പ്രചരിപ്പിച്ചത്. നടന്‍ സൂരജ് പഞ്ചോളിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യയും ദിഷ കൊല്ലപ്പെട്ട അന്നു മലാഡില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായും ട്വീറ്റുകള്‍ പ്രചരിച്ചിരുന്നു. സുശാന്തിന്റെ മരണം കൊലപാതകമാണെന്നും കഴുത്തില്‍ ചങ്ങല കുരുക്കി സുശാന്തിനെ പ്രതിയോഗികള്‍ വകവരുത്തിയതാണെന്നും ഇയാള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു.  

 

 

Latest News