Sorry, you need to enable JavaScript to visit this website.

പ്രവാചക ഖബറിടം സന്ദർശിക്കാൻ പ്രതിദിനം 1,880 പേർക്ക് അനുമതി

റൗദയിൽ നമസ്‌കാരം നിർവഹിക്കാൻ 1,650 പുരുഷന്മാർക്കും 900 വനിതകൾക്കും അവസരം

മദീന - പ്രവാചകൻ മുഹമ്മദ് നബി(സ)യുടെയും അനുചരന്മാരായ അബൂബക്കർ സിദ്ദീഖി(റ)ന്റെയും ഉമർ ബിൻ അൽഖത്താബി(റ)ന്റെയും ഖബറിടങ്ങൾ സന്ദർശിച്ച് മൂവർക്കും സലാം ചൊല്ലുന്നതിന് പ്രതിദിനം 11,880 പേർക്ക് വീതം അനുമതി നൽകുമെന്ന് മസ്ജിദുന്നബവികാര്യ വകുപ്പ് അറിയിച്ചു. സിയാറത്തിനും റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കാനും 'ഇഅ്തമർനാ' ആപ്പ് വഴിയാണ് പെർമിറ്റുകൾ അനുവദിക്കുക. സിയാറത്ത് നടത്തുന്ന പുരുഷന്മാർക്ക് ഒന്നാം നമ്പർ കവാടമായ ബാബുസ്സലാം ഗെയ്റ്റ് വഴിയാണ് പ്രവേശനം നൽകുക. റൗദ ശരീഫിൽ പ്രവേശിച്ച് നമസ്‌കാരം നിർവഹിക്കുന്നതിന് പുരുഷന്മാർക്ക് 38-ാം നമ്പർ കവാടമായ ബിലാൽ ഗെയ്റ്റ് വഴി പ്രവേശനം നൽകും. വനിതകൾക്ക് റൗദ ശരീഫിൽ പ്രവേശിക്കുന്നതിന് 24-ാം നമ്പർ കവാടമായ ബാബ് ഉസ്മാനാണ് നീക്കിവെച്ചിരിക്കുന്നത്. 
പുരുഷന്മാർക്ക് സിയാറത്തിനും റൗദയിൽ നമസ്‌കാരം നിർവഹിക്കുന്നതിനും നാലു സമയം നിശ്ചയിച്ചിട്ടുണ്ട്. പ്രഭാത നമസ്‌കാരം, ദുഹ്ർ നമസ്‌കാരം, അസർ നമസ്‌കാരം, മഗ്‌രിബ് നമസ്‌കാരം എന്നിവക്കു ശേഷമാണ് സിയാറത്ത് നടത്താനും റൗദയിൽ നമസ്‌കാരം നിർവഹിക്കാനും പുരുഷന്മാരെ അനുവദിക്കുക. സൂര്യോദയം മുതൽ ദുഹ്ർ നമസ്‌കാരത്തിനു മുമ്പു വരെയുള്ള സമയത്താണ് വനിതകൾക്ക് റൗദയിലേക്ക് പ്രവേശനം നൽകുക. പ്രതിദിനം 900 വനിതകൾക്കാണ് റൗദയിലേക്ക് പ്രവേശനം നൽകുക. 1,650 പുരുഷന്മാർക്കും റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കാൻ ശേഷിയുണ്ടാകും. പഴയ ഹറമിലും റൗദയിലും അഞ്ചു നിർബന്ധ നമസ്‌കാരങ്ങളും ജുമുഅ നമസ്‌കാരവും തുടർന്നും മസ്ജിദുന്നബവി ജീവനക്കാർക്കും മയ്യിത്തുകളെ അനുഗമിച്ച് എത്തുന്ന ബന്ധുക്കൾക്കും മാത്രമായി നീക്കിവെക്കുന്നത് തുടരും. ഇശാ നമസ്‌കാരത്തിനു ശേഷം അടക്കുന്ന മസ്ജിദുന്നബവി പ്രഭാത നമസ്‌കാരത്തിന് ഒരു മണിക്കൂർ മുമ്പ് വീണ്ടും തുറക്കുമെന്നും മസ്ജിദുന്നബവികാര്യ വകുപ്പ് അറിയിച്ചു. 
പടിപടിയായി ഉംറ തീർഥാടനവും സിയാറത്തും പുനരാരംഭിക്കാനുള്ള പദ്ധതിയുടെ ഭാഗമായ രണ്ടാം ഘട്ടം ആരംഭിക്കുന്ന നാളെ മുതൽ മസ്ജിദുന്നബവിയിലെ റൗദ ശരീഫിൽ വിശ്വാസികളെ സ്വീകരിക്കുന്നതിന് ഏർപ്പെടുത്തിയ ക്രമീകരണങ്ങളെയും സംവിധാനങ്ങളെയും കുറിച്ച് ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിൻതൻ ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസുമായി വിശകലനം ചെയ്തു. മുൻകരുതൽ നടപടികൾ ഊർജിതമാക്കുന്നതിനെയും ഉംറ തീർഥാടകർക്കും മദീന സിയാറത്ത് നടത്തുന്നവർക്കും സേവനങ്ങൾ നൽകുന്നതിനെയും കുറിച്ച് മദീനയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചക്കിടെ ഇരുവരും ചർച്ച ചെയ്തു. 
'ഇഅ്തമർനാ' ആപ്പ് വഴി സൗജന്യമായാണ് പെർമിറ്റുകൾ അനുവദിക്കുന്നതെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. തീർഥാടകരും സിയാറത്ത് നടത്തുന്നവരും യാത്രാ സൗകര്യം കൂടി ആഗ്രഹിക്കുന്ന പക്ഷം ഇതിനുള്ള ഫീസ് നൽകേണ്ടിവരും. ഇതല്ലാതെ മറ്റൊരുവിധ ഫീസുകളും ആപ്പ് വഴി ഈടാക്കുന്നില്ലെന്നും മന്ത്രാലയം പറഞ്ഞു.
'ഇഅ്തമർനാ' ആപ്പ് വഴി അനുവദിക്കുന്ന പെർമിറ്റുകളുടെ എണ്ണം അഞ്ചായി ഉയർന്നിട്ടുണ്ട്. ഉംറ പെർമിറ്റിനു പുറമെ, വിശുദ്ധ ഹറമിൽ നമസ്‌കാരം നിർവഹിക്കുന്നതിനും മദീനയിൽ പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങൾ സന്ദർശിച്ച് സലാം ചൊല്ലുന്നതിനുമുള്ള പെർമിറ്റുകൾ ആപ്പ് വഴി നൽകുന്നുണ്ട്. ഇതിനു പുറമെ മദീന മസ്ജിദുന്നബവിയിൽ റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കുന്നതിന് പുരുഷന്മാർക്ക് പ്രത്യേകം പെർമിറ്റുകൾ അനുവദിക്കുന്നുണ്ട്. സമാനമായി റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കുന്നതിന് വനിതകൾക്കും പെർമിറ്റുകൾ അനുവദിക്കുന്നുണ്ട്. 
പടിപടിയായി ഉംറ തീർഥാടനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ പ്രഖ്യാപിച്ച രണ്ടാം ഘട്ടത്തിന് നാളെ തുടക്കമാകും. ഈ ഘട്ടത്തിൽ വിശുദ്ധ ഹറമിൽ നമസ്‌കാരം നിർവഹിക്കാനും മസ്ജിദുബവിയിൽ റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കാനും പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളിൽ സിയാറത്ത് നടത്തി സലാം ചൊല്ലാനും പെർമിറ്റുകൾ അനുവദിക്കും. 
മുൻകരുതൽ നടപടികൾ കണക്കിലെടുത്തുള്ള ഹറമിന്റെയും റൗദ ശരീഫിന്റെയും ശേഷിയുടെ 75 ശതമാനം പേർക്കു വീതമാണ് രണ്ടാം ഘട്ടത്തിൽ അനുമതി നൽകുക. ഇതുപ്രകാരം ദിവസത്തിൽ 15,000 പേർക്ക് ഉംറ നിർവഹിക്കാനും 40,000 പേർക്ക് നമസ്‌കാരങ്ങളിൽ പങ്കെടുക്കാനും അനുമതി നൽകും. റബീഉൽഅവ്വൽ 15 (നവംബർ 1) ന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിൽ സൗദി അറേബ്യക്കകത്തു നിന്നും വിദേശത്തു നിന്നുമുള്ള സൗദി പൗരന്മാർക്കും വിദേശികൾക്കും ഉംറയും സിയാറത്തും നിർവഹിക്കാനും ഇരു ഹറമുകളിലും നമസ്‌കാരങ്ങളിൽ പങ്കെടുക്കാനും അനുമതി നൽകും. ആരോഗ്യ മുൻകരുതൽ നടപടികൾ പ്രകാരമുള്ള വിശുദ്ധ ഹറമിന്റെയും മസ്ജിദുബവിയുടെയും 100 ശതമാനം ശേഷിയിൽ മൂന്നാം ഘട്ടത്തിൽ ഉംറ, സിയാറത്ത് അനുമതി നൽകും. ഇതുപ്രകാരം ദിവസത്തിൽ ഉംറ നിർവഹിക്കാൻ 20,000 തീർഥാടകർക്കും നമസ്‌കാരങ്ങളിൽ പങ്കെടുക്കാൻ 60,000 പേർക്കും അനുമതി നൽകും. 
കൊറോണ മഹാമാരി അവസാനിച്ചതായോ ഇതിന്റെ ഭീഷണി ഇല്ലാതായതായോ ഔദ്യോഗിക പ്രഖ്യാപനം വരുന്നതു വരെ മൂന്നാം ഘട്ട ക്രമീകരണം നിലവിലുണ്ടാകും. മൂന്നാം ഘട്ടത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് പടിപടിയായാണ് ഉംറ തീർഥാടകർക്കും സന്ദർശകർക്കും അനുമതി നൽകുക. കൊറോണ മഹാമാരിയുമായി ബന്ധപ്പെട്ട് ആരോഗ്യ അപകടങ്ങളില്ലെന്ന് ആരോഗ്യ മന്ത്രാലയം തീരുമാനിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഉംറ, സിയാറത്ത് അനുമതി നൽകുക. മഹാമാരി അപകടങ്ങൾ നീങ്ങിയതായി ബന്ധപ്പെട്ട വകുപ്പുകൾ തീരുമാനിക്കുന്നതോടെ നാലാം ഘട്ടത്തിൽ സൗദി അറേബ്യക്കകത്തു നിന്നും വിദേശത്തു നിന്നുമുള്ള സ്വദേശികൾക്കും വിദേശികൾക്കും വിശുദ്ധ ഹറമിന്റെയും മസ്ജിദുബവിയുടെയും ശേഷിയുടെ 100 ശതമാനം തോതിൽ സാധാരണ പോലെ ഉംറ, സിയാറത്ത് കർമങ്ങളും നമസ്‌കാരങ്ങളും നിർവഹിക്കാൻ അനുമതി നൽകും. 


 

Tags

Latest News