ഹാഥ്‌റസ് പ്രതിയുടെ വീട്ടില്‍ നിന്ന് രക്തക്കറ പുരണ്ട വസ്ത്രം ലഭിച്ചതായി സിബിഐ; പെയ്‌ന്റെന്ന് കുടുംബം

ഹാഥ്‌റസ്- ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരകായിക്ക കൊലപ്പെടുത്തിയ കേസിലെ പ്രതികളില്‍ ഒരാളായ ലവ കുശ സികാര്‍വറിന്റെ വീട്ടില്‍ നിന്ന് രക്ത നിറം പുരണ്ട വസ്ത്രം കണ്ടെടുത്തതായി കേസ് അന്വേഷിക്കുന്ന സിബിഐ സംഘം പറഞ്ഞു. പ്രതിയുടെ വീട്ടില്‍ സിബിഐ സംഘം രണ്ടര മണിക്കൂറോളം നീണ്ട തിരച്ചില്‍ നടത്തി. നാലുദിവസമായി സിബിഐ സംഘം സംഭവം നടന്ന ഗ്രാമത്തിലുണ്ട്. അതേസമയം രക്തക്കറ പുരണ്ട വസ്ത്രം കണ്ടെത്തിയെന്ന വാദം പ്രതിയുടെ ബന്ധുക്കള്‍ തള്ളി. പ്രതിയുടെ സഹോദരന്‍ ഒരു കമ്പനിയില്‍ പെയ്ന്റിങ് ജോലിക്കാരനാണെന്നും അവന്റെ ചായം പുരണ്ട വസ്ത്രമാണ് കണ്ടെടുത്തതെന്നും അത് രക്തക്കറയല്ലെന്നും കുടുംബം പറയുന്നു. റെയ്ഡിനിടെ ചുവപ്പു നിറം പുരണ്ട വസ്ത്രം കാണുകയും സിബിഐ സംഘം അതെടുക്കുകയുമായിരുന്നെന്ന് പ്രതി ലവ കുശന്റെ ഇളയ സഹോദരന്‍ ലളിത് സികര്‍വര്‍ ഒരു വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.

സിബിഐ സംഘം കഴിഞ്ഞ ദിവസം നാലു പ്രതികളുടേയും വീടുകള്‍ സന്ദര്‍ശിക്കുകയും ബന്ധുക്കളെ വിശദമായി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. നേരത്തെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുകയും പിതാവിന്റേയും സഹോദരന്റേയും മറ്റു ബന്ധുക്കളുടേയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 

സംഭവത്തില്‍ യുപി സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണം പൂര്‍ത്തിയായതായി പോലീസ് അവകാശപ്പെട്ടു. പത്തു ദിവസമാണ് സംഘത്തിന് അനുവദിച്ചിരുന്ന സമയം.
 

Latest News