Sorry, you need to enable JavaScript to visit this website.

ഖത്തർ പ്രശ്‌നം നിസ്സാരം -ആദിൽ അൽജുബൈർ

റിയാദ് - ഖത്തർ പ്രശ്‌നം നിസ്സാരമാണെന്നും അതിലും വലിയ പ്രശ്‌നങ്ങൾ സൗദി അറേബ്യ നേരിടുന്നുണ്ടെന്നും സൗദി വിദേശ മന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് നടപടികളെടുക്കേണ്ടത് ഖത്തർ തന്നെയാണ്. ഭീകരതയും തീവ്രവാദവും ഭീകരർക്ക് അഭയം നൽകുന്നതും തങ്ങൾ അംഗീകരിക്കില്ല. അക്രമം പ്രോത്സാഹിപ്പിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്ന ഭാഷയും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകളും നിരാകരിക്കുന്നു. ഖത്തർ അഭയം നൽകുന്ന മതനേതാക്കൾ ചാവേറാക്രമണങ്ങളെ മാധ്യമങ്ങളിലൂടെ ന്യായീകരിക്കുന്നത് അംഗീകരിക്കുന്നതിന് കഴിയില്ല. 
ഖത്തറുമായുള്ള ബന്ധം തങ്ങൾ വിച്ഛേദിച്ചത് ഭീകരതക്കുള്ള ഫണ്ടിംഗ് ചെറുക്കുന്നതിന് അമേരിക്കയുമായി കരാർ ഒപ്പുവെക്കുന്നതിന് ഖത്തറിനെ പ്രേരിപ്പിച്ചു. ഖത്തർ ബാങ്കുകളിൽ പരിശോധന നടത്തുന്നതിന് അമേരിക്കൻ ട്രഷറി മന്ത്രാലയ അധികൃതർക്കും ഖത്തർ അനുമതി നൽകി. ഭീകര വിരുദ്ധ പോരാട്ടവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഖത്തർ ഭേദഗതികൾ വരുത്തി. ബഹിഷ്‌കരണത്തിനു മുമ്പ് ഈ ചുവടുവെപ്പുകൾ ഖത്തർ അധികൃതർ നിരാകരിക്കുകയായിരുന്നു. 
ഇറാൻ ആണവ പ്രശ്‌നത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിനെ സൗദി അറേബ്യ പിന്തുണക്കും. ആണവ കരാർ ഇറാൻ പാലിക്കുന്നില്ല എന്നതാണ് ട്രംപിന്റെ നിലപാട്. ഇറാൻ ആണവ കരാറിൽ എമ്പാടും വീഴ്ചകളുണ്ട്. ഭീകരതക്ക് പിന്തുണ നൽകുന്ന ഇറാന്റെ നിലപാട് ഒരിക്കലും അംഗീകരിക്കുന്നതിന് കഴിയില്ല. ഇതിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും. ഇറാനെതിരായ പുതിയ ശിക്ഷാ നടപടികളെ സൗദി അറേബ്യ സ്വാഗതം ചെയ്യും. നീചമായ പ്രവർത്തനങ്ങൾക്ക് പ്രത്യാഘാതങ്ങളുണ്ടാകുമെന്ന ശക്തമായ സന്ദേശം ഇറാന് നൽകുന്നതിന് ഈ ശിക്ഷാ നടപടികളെ അന്താരാഷ്ട്ര സമൂഹം പിന്തുണക്കണം. 
സൗദി അറേബ്യയും ഇറാഖും തമ്മിലുള്ള ബന്ധം ചരിത്രപരമാണ്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇറാഖിന്റെയും മേഖലയുടെയും സുരക്ഷാ ഭദ്രതയും സമാധാനവും ശക്തിപ്പെടുത്തുന്നതിും സൗദി-ഇറാഖ് ഏകോപന സമിതി രൂപീകരണം സഹായകമാകും. വംശീയ, വിഭാഗീയ സംഘർഷങ്ങളിൽ നിന്ന് അകന്ന് ഇറാഖ് വീണ്ടും അഭിവൃദ്ധി കൈവരിക്കണമെന്ന ആഗ്രഹമാണ് ഇറാഖുമായുള്ള അടുപ്പം ശക്തമാക്കുന്നതിനുള്ള സൗദി അറേബ്യയുടെ താൽപര്യം പ്രകടിപ്പിക്കുന്നത്. ഇറാഖിനു മേൽ സ്വാധീനം സ്ഥാപിക്കുന്നതിനാണ് ഇറാൻ ശ്രമിക്കുന്നത്. ഇത് ഇറാന്റെ വിപുലീകരണ പദ്ധതിയുടെ ഭാഗമാണെന്നും ആദിൽ അൽജുബൈർ പറഞ്ഞു.
 

Latest News