Sorry, you need to enable JavaScript to visit this website.

ഹൂത്തികൾ വിട്ടയച്ച സൈനികർക്ക് റിയാദിൽ വൻ സ്വീകരണം

റിയാദ്- ഹൂത്തി മിലീഷ്യകൾ വിട്ടയച്ച സൗദി സൈനികർക്ക് തലസ്ഥാന നഗരിയിലെ കിംഗ് സൽമാൻ വ്യോമതാവളത്തിൽ വീരോചിത സ്വീകരണം. ബന്ദി കൈമാറ്റ കരാറിന്റെ ഭാഗമായി ഹൂത്തികൾ വിട്ടയച്ച 15 സൗദി സൈനികരും നാലു സുഡാനി സൈനികരുമാണ് ഇന്നലെ വൈകീട്ടോടെ റിയാദിലെത്തിയത്. സൻആയിൽനിന്ന് നേരിട്ടാണ് ഇവർ വിമാന മാർഗം റിയാദിലെത്തിയത്. സൗദി സംയുക്ത സേനാ ആക്ടിംഗ് കമാണ്ടർ ജനറൽ മുത്‌ലഖ് അൽഅസൈമിഅ്, സൗദിയിലെ സുഡാൻ എംബസി മിലിട്ടറി അറ്റാഷെ ബ്രിഗേഡിയർ മജ്ദി അൽസമാനി, സഖ്യസേനാ കമാണ്ടന്റിലെ മുതിർന്ന ഉദ്യോഗസ്ഥർ, സഖ്യസേനയുടെ ഭാഗമായ സുഡാൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, സൈനികരുടെ ബന്ധുക്കൾ എന്നിവർ ചേർന്ന് തിരിച്ചെത്തിയവരെ സ്വീകരിച്ചു. 
മുഴുവൻ ബന്ദികളുടെയും മോചനത്തിന് സഖ്യസേനയിൽ ഉൾപ്പെട്ട രാജ്യങ്ങളിലെ രാഷ്ട്രീയ, സൈനിക നേതൃത്വങ്ങൾ കാണിക്കുന്ന പ്രത്യേക ശ്രദ്ധയുടെ ഫലമായാണ് സഖ്യസേനയിൽ പെട്ട ബന്ദികൾ തിരിച്ചെത്തിയതെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. മാനുഷിക തത്വങ്ങളുടെയും മൂല്യങ്ങളുടെയും ചട്ടക്കൂടിനുള്ളിലാണ് ബന്ദി പ്രശ്‌നം സഖ്യസേന കൈകാര്യം ചെയ്യുന്നത്. സ്റ്റോക്ക്‌ഹോം കരാറിന്റെ ഭാഗമായി ബന്ദി കൈമാറ്റത്തിന്റെ ആദ്യ ഘട്ടം യാഥാർഥ്യക്കുന്നതിൽ ഇന്റർനാഷനൽ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസും യെമനിലേക്കുള്ള പ്രത്യേക യു.എൻ ദൂതൻ മാർട്ടിൻ ഗ്രിഫിത്‌സും നടത്തിയ ശ്രമങ്ങളെ സഖ്യസേനാ കമാണ്ടന്റ് പ്രശംസിക്കുകയും വിലമതിക്കുകയും ചെയ്യന്നതായി കേണൽ തുർക്കി അൽമാലികി പറഞ്ഞു. 


ആറു വർഷം മുമ്പ് യെമൻ സംഘർഷം ആരംഭിച്ച ശേഷം നടക്കുന്ന ഏറ്റവും വലിയ ബന്ദി കൈമാറ്റത്തിനാണ് ഇന്നലെ തുടക്കമായത്. ബന്ദി കൈമാറ്റം ഇന്നും തുടരും. ഹൂത്തികളുടെയും യെമൻ ഗവൺമെന്റിന്റെയും നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽനിന്ന് നൂറു കണക്കിന് ബന്ദികളെ വഹിച്ചുള്ള വിമാനങ്ങൾ ഇന്നലെ പറന്നുയർന്നു. ഇരു വിഭാഗവും ആകെ 1,081 ബന്ദികളെയാണ് വിട്ടയക്കുന്നത്. കഴിഞ്ഞ മാസം സ്വിറ്റ്‌സർലന്റിൽ വെച്ചാണ് ബന്ദി കൈമാറ്റ കരാർ ഹൂത്തികളും യെമൻ ഗവൺമെന്റും ഒപ്പുവെച്ചത്. 
2018 ഡിസംബറിൽ നടത്തിയ സമാധാന ചർച്ചകൾക്കു ശേഷമുള്ള ഏറ്റവും വലിയ ബന്ദി കൈമാറ്റമാണിത്. യെമൻ ഗവൺമെന്റ് ബന്ദികളെ സൻആയിൽനിന്ന് വിമാന മാർഗം സൈഊനിലും ഹൂത്തി ബന്ദികളെ സൈഊനിൽനിന്ന് വിമാന മാർഗം സൻആയിലും എത്തിക്കുകയായിരുന്നു. ഇന്നലെ 480 ഹൂത്തി ബന്ദികളെയും യെമൻ ഗവൺമെന്റിനു കീഴിലെ 250 ബന്ദികളെയുമാണ് വിട്ടയച്ചത്. ഇന്ന് 200 ഹൂത്തികളെയും 251 ദക്ഷിണ യെമൻ ബന്ദികളെയും വിട്ടയക്കുമെന്ന് യെമൻ ഗവൺമെന്റ് വൃത്തങ്ങൾ പറഞ്ഞു. 15,000 ബന്ദികളെ വിട്ടയക്കാൻ ഇരു വിഭാഗവും 2018 ഡിസംബറിൽ സ്വീഡനിൽ വെച്ച് നടത്തിയ ചർച്ചകളിൽ ധാരണയിലെത്തിയിരുന്നു. എന്നാൽ ബന്ദി കൈമാറ്റ കരാർ ഒപ്പുവെച്ച ശേഷം പരിമിതമായ തോതിലുള്ള ബന്ദി കൈമാറ്റം മാത്രമാണ് നടന്നത്. 
മർദനങ്ങൾക്കു പീഡനങ്ങൾക്കും തങ്ങൾ വിധേയരായതായും വൈദ്യ പരിചരണങ്ങൾ നിഷേധിച്ചതായും മോചിതരായ ബന്ദികളിൽ ചിലർ പറഞ്ഞു. മാസങ്ങൾ ബന്ദികളായി കഴിഞ്ഞതായി ഇക്കൂട്ടത്തിൽ ചിലർ പറഞ്ഞു. വർഷങ്ങളായി ബന്ദികളായി കഴിയുന്നതായി മറ്റു ചിലരും പറഞ്ഞു. ഹൂത്തികൾ തങ്ങളെ മനുഷ്യകവചങ്ങളായി ഉപഗോചിച്ചതായും ബന്ദികൾ പറഞ്ഞു.
സൗദി അറേബ്യയും ഒമാനും നടത്തിയ ശ്രമങ്ങളുടെ ഫലമായി ഒരു വനിത അടക്കം രണ്ടു അമേരിക്കൻ ബന്ദികളെ ബുധനാഴ്ച ഹൂത്തികൾ വിട്ടയച്ചിരുന്നു. യെമനിൽ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിച്ചുവന്ന അമേരിക്കക്കാരിയെ മൂന്നു വർഷം മുമ്പും അമേരിക്കൻ വ്യവസായിയെ കഴിഞ്ഞ വർഷവുമാണ് ഹൂത്തികൾ ബന്ദികളാക്കിയത്. ഒമാൻ വിമാനത്തിൽ സൻആയിൽ നിന്ന് ഇവരെ മസ്‌കത്തിലെത്തിക്കുകയായിരുന്നു. 

Tags

Latest News