അരൂർ- ഗർഭിണിയായ യുവതി ഭർത്താവ് നോക്കി നിൽക്കെ സ്വകാര്യ ബസിന്റെ പിൻചക്രം കയറി മരിച്ചു. ലേക്‌ഷോർ ആശുപത്രിയിലെ നഴ്സ് കോഴിക്കോട് താമരശേരി മൈക്കാവ് പാറയ്ക്കൽ വീട്ടിൽ ഷെൽമി പൗലോസ് (33) ആണു മരിച്ചത്. ദേശീയപാതയിൽ ചന്തിരൂർ മേഴ്സി സ്കൂളിനു മുൻപിലായിരുന്നു അപകടം.
ജോലിക്കു പോകാനായി സ്വകാര്യ ബസിൽ കയറുമ്പോൾ ബസിന്റെ പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഷെൽമി റോഡരികിലേക്കു തെറിച്ചു വീണപ്പോൾ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. ഷെൽമിയെ യാത്രയാക്കാൻ വന്ന ഭർത്താവ് സിനോജ് റോഡിന്റെ എതിർവശത്തുണ്ടായിരുന്നു. എരമല്ലൂരിൽ നിന്ന് എറണാകുളത്തേക്കു പോകുകയായിരുന്നു ബസിനു പിന്നില്‍ ആന്ധ്രയിൽ നിന്നു ചെമ്മീൻ കയറ്റി വന്ന ലോറിയാണ് ഇടിച്ചത്.
ചന്തിരൂരിൽ വാടക വീട്ടിലായിരുന്നു താമസം. ആറ് വർഷം മുമ്പാണ് ലേക്‌ഷോർ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. മക്കൾ: സ്റ്റീവ്, സ്റ്റെഫിൻ.