ജിദ്ദ- കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രവാസി പ്രതിമാസ പെൻഷൻ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതായി പ്രസിഡന്റ് അഹമ്മദ് പാളയാട്ടും ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രയും പത്രസമ്മേളത്തിൽ അറിയിച്ചു. ജിദ്ദ കെ.എം.സി.സി നടത്തിവരുന്ന കാരുണ്യ ഹസ്തം കുടുംബ സുരക്ഷ പദ്ധതി വിജയകരമായ 11 വർഷം പൂർത്തിയാക്കി 12 മത്തെ വർഷത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിലാണ് ക്ഷേമപദ്ധതിയോടൊപ്പം പെൻഷൻ പദ്ധതിയും നടപ്പാക്കുന്നത്. 60 വയസ് കഴിഞ്ഞവർക്ക് പ്രതിമാസം ആയിരം രൂപ ലഭിക്കുംവിധമാണ് പെൻഷൻ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
കുടുംബ സുരക്ഷ പദ്ധതിയിൽ അംഗമാകുന്നവർ മരണമടഞ്ഞാൽ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ സഹായമായി ലഭിക്കും. ക്ഷേമ പദ്ധതിയിൽ അംഗമാകുന്നവർക്കാണ് പെൻഷൻ പദ്ധതിയുടെ ആനുകൂല്യവും ലഭിക്കുക. ക്ഷേമ പദ്ധതിയുടെ പ്രീമിയമായ 50 റിയാലിനു പുറമെ പത്ത് റിയാൽകൂടി അധികമായി നൽകിയാൽ പെൻഷൻ പദ്ധതിയിൽ അംഗമാവാം. ഈ വർഷം ക്ഷേമ പദ്ധതിയിൽ ചേരുന്നവർ മൂന്നു വർഷം തുടർച്ചയായി ക്ഷേമ പദ്ധതിയിലും പെൻഷൻ പദ്ധതിയിലും അംഗങ്ങളായിരുന്നാലായിരിക്കും പെൻഷന് അർഹരാവുക. 2015 മുതൽ ഏതെങ്കിലും 5 വർഷം സുരക്ഷ പദ്ധതിയുടെ ഭാഗമായി എക്‌സിറ്റിൽ പോയ 60 വയസ്സ് പൂർത്തിയായ പ്രവാസിക്കും പെൻഷൻ ആനുകൂല്യം ലഭിക്കും. അതിന് അവരും തുടർന്നും ക്ഷേമ പദ്ധതിയുടെ ഭാഗമാകേണ്ടിവരുമെന്ന്് അവർ പറഞ്ഞു.
കുടുംബനാഥൻ നഷ്ടപ്പെട്ട ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങൾക്ക് ജീവിത മാർഗമൊരുക്കാൻ ഗൾഫ് രാജ്യങ്ങളിൽ കെ.എം.സി.സി കമ്മിറ്റികൾ ഫലപ്രദമായി നടപ്പാക്കിയ സുരക്ഷ പദ്ധതി 20 വർഷം മുമ്പ് ജിദ്ദയിൽ നിന്നാണ് തുടക്കം കുറിച്ചത്. 11 വർഷത്തിനിടെ ഒരു ലക്ഷത്തിലേറെ പേർക്ക്് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷ പരിരക്ഷ ലഭിച്ചിട്ടുണ്ടെന്ന് നേതാക്കൾ പറഞ്ഞു. നാഷണൽ, സെൻട്രൽ, ജില്ല കമ്മിറ്റികളുടെ വിവിധ പദ്ധതികളിലായി കഴിഞ്ഞ കാലങ്ങളിൽ ജിദ്ദയിൽ മാത്രം 2 ലക്ഷം പ്രവാസികൾക്ക് കുടുംബ സുരക്ഷ പദ്ധതി പരിരക്ഷ ഉറപ്പാക്കിയിരുന്നു. നടപ്പു വർഷം വിവിധ പദ്ധതികളിൽ നിന്നായി 2 കോടിയിലേറെ രൂപ ജിദ്ദയിലെ പ്രവാസികൾക്ക് ആനുകൂല്യമായി ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽ മരണമടഞ്ഞവരുടെ 14 കുടുംബങ്ങളും ഉൾപ്പെടും. 5 വർഷം തുടർച്ചയായി പദ്ധതി അംഗമായ വ്യക്തി എക്‌സിറ്റിൽ പോകുമ്പോൾ നാട്ടിലേക്കുളള ടിക്കറ്റിന്റെ തുക കമ്മിറ്റി നൽകിവരുന്നുണ്ടെന്നും അവർ വെളിപ്പെടുത്തി.
ഒക്ടോബർ 16 ന് വെള്ളിയാഴ്ച ജിദ്ദയിൽ നടക്കുന്ന കാമ്പയിൻ ഉദ്ഘാടനത്തിൽ ഈയിടെ മരണപെട്ട 14 പേരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം അടക്കം ഒരു കോടി രൂപക്കുള്ള ചെക്കുകൾ വിതരണം ചെയ്യും. പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. 2020-21 ലെ പുതിയ വർഷ പദ്ധതിയുടെ പ്രീമിയം 50 റിയാലും പെൻഷൻ വിഹിതം 10 റിയാലുമാണ്.
കോവിഡ് കാരണം നാട്ടിൽ കുടുങ്ങി പോയ ആളുകൾക്ക് പദ്ധതിയിൽ അംഗത്വമെടുക്കാൻ കേരളത്തിൽ ജില്ലാ ആസ്ഥാനങ്ങളിൽ കൗണ്ടറുകൾ തുറക്കുകയും കോഡിനേറ്റർമാരെ ചുമതല പെടുത്തുകയും ചെയ്യും. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി, സൗദി നാഷണൽ കെഎംസിസി, ജിദ്ദയിലെ വിവിധ ജില്ലാ കമ്മിറ്റികൾ നടത്തുന്ന കുടുംബ സുരക്ഷാ പദ്ധതികളിൽ അംഗമാവുന്ന ജിദ്ദയിലെ ഒരു പ്രവാസിയുടെ കുടുംബത്തിന് 20 ലക്ഷം രൂപയാണ് മരണാനന്തര ആനുകൂല്യമായി 2021 മുതൽ ലഭിക്കുകയെന്ന് നേതാക്കൾ പറഞ്ഞു. നിസാം മമ്പാട്, വി.പി മുസ്തഫ എന്നിവർക്കു പുറമെ സെൻട്രൽ കമ്മിറ്റിയുടെ മറ്റു നേതാക്കളും പത്രസമ്മളനത്തിൽ സംബന്ധിച്ചു.