പാനിപത്- മനോനില തെറ്റിയെന്നാരോപിച്ച് ഭര്‍ത്താവ് ഒരു വര്‍ഷത്തിലേറെ കാലം ശുചിമുറിയില്‍ തടവിലിട്ട യുവതിയെ അധികൃതര്‍ രക്ഷപ്പെടുത്തി. ഹരിയാനയിലെ പാനിപത്തിലെ റിഷ്പൂരിലാണ് യുവതിയെ ശുചിമുറിക്കുള്ളില്‍ മുഷിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ദിവസങ്ങളോളമായി ഇവര്‍ ഭക്ഷം കഴിച്ചിരുന്നില്ലെന്നും റിപോര്‍ട്ടുണ്ട്. ഇവരെ കുറിച്ച് വിവരം ലഭിച്ച വനിതാ സംരക്ഷണ ഓഫീസറും സംഘവുമാണ് വീട്ടിലെത്തി പരിശോധിക്കുകയും യുവതിയെ കണ്ടെത്തുകയും ചെയ്തത്. ഒരു വര്‍ഷത്തിലേറെയായി ഇവരെ അടച്ചിട്ടിരുന്നതായാണ് പരാതി ലഭിച്ചത്. ഇവിടെ എത്തി പരിശോധിച്ചപ്പോള്‍ സത്യമാണെന്നു വ്യക്തമായി-വനിതാ സംരക്ഷണ ഓഫീസറായ രജനി ഗുപ്ത പറഞ്ഞു. യുവതിയുടെ മനോനില ശരിയല്ലെന്ന വാദം ഇവര്‍ തള്ളി. യുവതിക്ക് മാനസിക നില തെറ്റിയിരിക്കുകയാണെന്ന് പറയപ്പെടുന്നു. ഇതു ശരിയല്ല. അവരുമായി സംസാരിച്ചപ്പോള്‍ കുഴപ്പമില്ലെന്ന് വ്യക്തമായി. എന്നാല്‍ മനോനിലയ്ക്ക് സ്ഥിരതയുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും ഓഫീസര്‍ പറഞ്ഞു.
മനോനില തെറ്റിയതാണെന്നും ചികിത്സകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നും യുവതിയുടെ ഭര്‍ത്താവായ നരേഷ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികര്‍ അറിയിച്ചു.