Sorry, you need to enable JavaScript to visit this website.

കടൽവെള്ളം ശുദ്ധീകരിക്കുന്ന സൗദി പ്ലാന്റുകളിൽനിന്ന് ശുഭവാർത്തകൾ

ശുദ്ധജലത്തിനു പുറമെ ധാതുക്കളും

കടൽവെള്ളം ശുദ്ധീകരിക്കുന്ന ലോകത്തെ ഏറ്റവും വലിയ പ്ലാന്റ് പ്രവർത്തിക്കുന്ന സൗദി അറേബ്യയിലെ ഗവേഷകർ പുതിയ ദൗത്യത്തിലാണ്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഡീസേലിനേറ്റഡ് ജലം ഉൽപാദിപ്പിക്കുന്ന രാജ്യത്ത് അതിലൂടെ അവശേഷിക്കുന്ന മാലിന്യം കൂടി ഉപയോഗപ്രദമാക്കാനുളള ശ്രമങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.     
വ്യാവസായികമായി ഉപയോഗപ്രദമായ ധാതുക്കളായ സോഡിയം ക്ലോറൈഡ് ഉപ്പ്, മഗ്‌നീഷ്യം, കാൽസ്യം എന്നിവ സമുദ്ര ജലത്തിൽ നിന്ന് ശുദ്ധജലത്തിനൊപ്പം വേർതിരിച്ചെടുക്കുന്നതിലാണ്  ഭാവി കാണുന്നത്. ഇതുവഴി കൂടുതൽ ഉപ്പുള്ള വെള്ളം  കടലിലേക്ക് തിരിച്ചൊഴുക്കുന്നത് ഒഴിവാക്കാനും സധിക്കും. 
കടലിൽനിന്നും അതിലെ നിധികളിൽനിന്നും ധാതുക്കൾ വേർതിരിച്ചെടുക്കുന്നതിലൂടെ  വലിയ പ്രയോജനം നേടാൻ കഴിയുമെന്ന്  സർക്കാരിനു കീഴിലുള്ള ഡീസേലിനേഷൻ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് തലവൻ അഹ്മദ് അൽഅമൂദി പറഞ്ഞു. സൗദി ഗവൺമെന്റിന്റെ സലൈൻ വാട്ടർ കൺവേർഷൻ കോർപറേഷന് (എസ്ഡബ്ല്യൂസിസി) നേതൃത്വം നൽകുന്നത് അഹമ്മദ് അമൂദിയാണ്. സമുദ്രജലം ശുദ്ധീകരിച്ച് രാജ്യത്തെ 69 ശതമാനം വെള്ളമുണ്ടാക്കുന്നത് കോർപറേഷനാണ്. 


സമുദ്ര ജലത്തിൽനിന്ന് ധാതുക്കളും മറ്റ് ഉൽപന്നങ്ങളും വേർതിരിച്ചെടുക്കുന്നതിനുള്ള നിരവധി  സാങ്കേതികവിദ്യ പേറ്റന്റുകൾ തങ്ങളുടെ ഗവേഷകർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 
സമുദ്രത്തിലെ ആവാസ വ്യവസ്ഥയെ ബാധിക്കുമെന്നതിനാൽ കടലിലേക്ക് തിരിച്ചൊഴുക്കുന്ന സാന്ദ്രീകൃത ഉപ്പുവെള്ളത്തിന്റെ അളവ് കുറയ്ക്കുക എന്നതു കൂടിയാണ് ഗവേഷണത്തിന്റെ ലക്ഷ്യം.
ലോകത്തെ 16,000 ത്തോളം ഡീസേലിനേഷൻ പ്ലാന്റുകൾ ഒരു ലിറ്റർ ശുദ്ധജലത്തിനു വേണ്ടി ശരാശരി 1.5 ലിറ്റർ ഉപ്പുവെള്ളം ഉൽപാദിപ്പിക്കുന്നുണ്ടെന്നും ഇത് കടലിലേക്ക് തിരിച്ചൊഴുക്കുകയാണെന്നും കഴിഞ്ഞ വർഷം ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെ നടത്തിയ ആഗോള പഠനത്തിൽ കണ്ടെത്തിയിരുന്നു. ബ്രൈൻ എന്ന പേരിലുള്ള ഉപ്പുവെള്ളത്തിന്റെ 22 ശതമാനം സൗദി അറേബ്യയിലാണ് ഉൽപാദിപ്പിക്കുന്നതെന്നും കണക്കാക്കിയിരുന്നു. 
ജുബൈലിലുള്ള ലോകത്തിലെ ഏറ്റവും വലിയ ഡീസേലിനേഷൻ നിലയം പ്രതിദിനം 1.4 ദശലക്ഷം ഘനമീറ്ററിലധികം ജലമാണ്  ശുദ്ധീകരിച്ചെടുക്കുന്നത്.  മാലിന്യ ഉപ്പുവെള്ളം സമദ്രത്തിലേക്ക് തിരിച്ചൊഴുക്കുകയും ചെയ്യുന്നു. 


അടുത്ത വർഷം മെയ് മാസത്തോടെ ഒരു പ്ലാന്റിൽനിന്ന് മഗ്‌നീഷ്യം വേർതിരിച്ചെടുക്കാനാകുമെന്നും മറ്റൊന്നിൽനിന്ന് പെട്രോകെമിക്കൽ വ്യവസായത്തിന് ആവശ്യമായ സോഡിയം ക്ലോറൈഡ് ഉണ്ടാക്കാനാകുമെന്നും എസ്ഡബ്ല്യൂസിസി പ്രതീക്ഷിക്കുന്നു.
ഡീസേലിനേഷൻ ചെലവേറിയതും വലിയ തോതിൽ ഊർജം ആവശ്യമായതുമാണെങ്കിലും 34 ദശലക്ഷം ജനസംഖ്യയുള്ള സൗദി അറേബ്യക്കു മുന്നിൽ മറ്റു മാർഗങ്ങളില്ല. ജലദൗർലഭ്യമുള്ള ഇതര ഗൾഫ് രാജ്യങ്ങളിലും ഇതു തന്നെയാണ് സ്ഥിതി.  


കഴിഞ്ഞയാഴ്ച എസ്ഡബ്ല്യൂസിസി പുതിയ ഏഴ് ഡീസേലിനേഷൻ പ്ലാന്റുകളുടെ നിർമാണം കൂടി പൂർത്തിയാക്കി. ഇതോടെ മൊത്തം പ്ലാന്റുകളുടെ എണ്ണം 33 ആയി. ഏതാനും പ്ലാന്റുകൾ സ്വകാര്യ മേഖലയിലും പ്രവർത്തിക്കുന്നുണ്ട്.
സൗദിയുടെ കിഴക്കൻ തീരത്ത് റെക്കോർഡ് സൃഷ്ടിച്ച അൽജുബൈൽ പ്ലാന്റിനു പുറമെ, കൂടുതൽ ആധുനിക  ഡീസേലിനേഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ  റാസ് അൽഖൈർ പ്ലാന്റും പ്രവർത്തിക്കുന്നു.  
ഈ പ്ലാന്റുകളിൽനിന്നാണ് കിഴക്കൻ തീര നഗരങ്ങളിലേക്കും മരുഭൂമയിൽ 400 കി.മീറ്ററോളം പൈപ്പിട്ട് തലസ്ഥാനമായ റിയാദിലെ 70 ലക്ഷം ജനങ്ങൾക്കും  ജലമെത്തിക്കുന്നത്. 

 

Latest News