Sorry, you need to enable JavaScript to visit this website.

ശിവശങ്കറിന്റെ അറസ്റ്റ് 23 വരെ പാടില്ല- ഹൈക്കോടതി

കൊച്ചി- സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വീണ്ടും ചോദ്യം ചെയ്യലിന് ഇരു ഏജൻസികളും നോട്ടീസ് നൽകിയിരിക്കെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. അഡ്വ. എസ് രാജീവ് മുഖേനയാണ് ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. അന്വേഷണവുമായി ഏതു ഘട്ടത്തിലും സഹകരിക്കാൻ തയാറാണെന്ന് ശിവശങ്കർ ഹർജിയിൽ വ്യക്തമാക്കി. എൻഫോഴ്‌സ്‌മെൻറ് കുറ്റപത്രം സമർപ്പിച്ചതാണെന്നും മുൻകൂർ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശിവശങ്കർ ഇന്നലെ കൊച്ചിയിലെത്തിയാണ് അഡ്വ. രാജീവന് വക്കാലത്ത് നൽകിയത്. 
സ്വർണക്കടത്തിലെ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച കേസിൽ പ്രതിയല്ലാതിരുന്നിട്ടും പ്രാഥമിക കുറ്റപത്രത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് എൻഫോഴ്‌സമെൻറ് ഉന്നയിച്ചത്. ശിവശങ്കറും സ്വപ്‌നയും തമ്മിലുള്ള ബന്ധം പ്രതികൾ ഉപയോഗപ്പെടുത്തിയോ എന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം വേണമെന്നാണ് എൻഫോഴ്‌സമെൻറിൻറെ നിലപാട്. ഈ സാഹചര്യത്തിൽ ഇന്നലെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ എം ശിവശങ്കറിന് ഇഡി നോട്ടീസ് നൽകിയിരുന്നു. 2016 മുതലുള്ള എല്ലാ വിദേശയാത്രകളുടേയും രേഖകൾ ഹാജരാക്കാനും ശിവശങ്കറിനോട് എൻഫോഴ്സ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് പിന്നാലെ ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു. 
കസ്റ്റംസ് തുടർച്ചയായി 2 ദിവസം ചോദ്യം ചെയ്തതിന് പിന്നാലെയാണ് എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാൻ വിളിച്ചത്. മുമ്പ് 2 തവണ ശിവശങ്കറെ ഇഡി ചോദ്യം ചെയ്തിരുന്നു. എൻഐഎയും കസ്റ്റംസും ശേഖരിച്ച ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് ലഭിച്ച ശേഷം വീണ്ടും വിളിക്കാനായിരുന്നു എൻഫോഴ്‌സ്‌മെന്റ് ആലോചിച്ചിരുന്നത്. ഇതിനിടെയാണ് 2 ലക്ഷം യുഎസ് ഡോളർ കടത്തിയെന്ന സ്വപ്‌നയുടെ മൊഴി പുറത്ത് വന്നത്. ഇതിനായി നയതന്ത്ര പദ്ധതി ദുരുപയോഗം ചെയ്തു. ഇതിൽ ശിവശങ്കറിന് പങ്കുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്.
പ്രാഥമിക പരിശോധനയിൽ സ്വപ്‌നയും ശിവശങ്കറും 2 തവണ ഒരുമിച്ച് വിദേശ യാത്ര നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗിക യാത്രകൾക്ക് പോലും നയതന്ത്ര പാസ് പോർട്ട് ഉപയോഗിക്കാതെ സ്വകാര്യ പാസ്‌പോർട്ടാണ് ഉപയോഗിച്ചതെന്നും മനസിലായിട്ടുണ്ട്. ഇത്തരം യാത്രകളിൽ സർക്കാർ ഫണ്ടും ഉപയോഗിച്ചിട്ടില്ല. ഒരുമിച്ചുള്ള യാത്രകളിൽ സ്വപ്‌ന അമിതമായി വിദേശ പണം കൈവശം വച്ചിരുന്നോയെന്ന് കസ്റ്റംസ് ശിവശങ്കറിനോട് ചോദിച്ചിരുന്നു. തനിക്ക് അറിയില്ലെന്നായിരുന്നു മറുപടി. ഈ സാഹചര്യത്തിലാണ് 2016 മുതലുള്ള വിദേശയാത്രകളുടെ രേഖകൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടത്. 
കസ്റ്റംസ് ശിവശങ്കറിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ചോദ്യം ചെയ്യൽ മതിയെന്ന തീരുമാനത്തെത്തുടർന്ന് ഇത് മാറ്റിവച്ചിരുന്നു. ശിവശങ്കറെ പ്രതിചേർക്കാൻ കസ്റ്റംസ് നിയമോപദേശം തേടുകയും ചെയ്തിരുന്നു. ആവർത്തിച്ചുള്ള ചോദ്യം ചെയ്യലുകൾക്കൊടുവിൽ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ശിവശങ്കർ മുൻകൂർജാമ്യാപേക്ഷ നൽകാൻ തീരുമാനിച്ചത്. സി ബി ഐ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലും ശിവശങ്കറിനെതിരായ പരാമർശങ്ങളുണ്ടായിരുന്നു. 

Latest News