Sorry, you need to enable JavaScript to visit this website.

സ്വർണക്കടത്ത് പ്രതികൾക്ക് ദാവൂദ് സംഘവുമായി ബന്ധം, പുതിയ വെളിപ്പെടുത്തലുമായി എൻ.ഐ.എ

കൊച്ചി- നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിന് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി - കമ്പനിയുമായി ബന്ധമുള്ളതായി സംശയിക്കുന്നതായി എൻ.ഐ.എ. കേസിലെ 10 പ്രതികളുടെ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി പറയാനിരിക്കെ എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിലാണ് അന്വേഷണ സംഘം ഇക്കാര്യം ബോധിപ്പിച്ചത്. കേസിലെ പ്രതികളായ
കെ.ടി.റമീസ്, ഷറഫുദ്ദീൻ എന്നിവർ ടാൻസാനിയയയിലേക്ക് പോയതായി സ്ഥിരീകരിച്ചിട്ടുണ്ട്.  അവിടെ തോക്കുകൾ വിൽക്കുന്ന കടകൾ ഇരുവരും സന്ദർശിച്ചിരുന്നു. ടാൻസാനിയയിൽ ആയിരിക്കുമ്പോൾ റമീസ് വജ്ര വ്യാപാരത്തിനായി ലൈസൻസ് വാങ്ങാൻ ശ്രമിച്ചതായും  പിന്നീട് യു.എ.ഇയിലേക്ക് സ്വർണം കടത്തിയതായും എൻ.ഐ.എ ആരോപിച്ചു. ഈ സ്വർണം യു.എ.ഇയിൽ നിന്ന് കേരളത്തിലേക്കും കൊണ്ടുവന്നു. ടാൻസാനിയയിൽ ഷറാഫുദ്ദീൻ റൈഫിൾ കൈവശം വെച്ചിരിക്കുന്ന ഫോട്ടോയും എൻ.ഐ.എ വീണ്ടെടുത്തിട്ടുണ്ട്. ടാൻസാനിയയും ദുബായും ഡി-കമ്പനി സജീവമായിരിക്കുന്ന പ്രധാന സ്ഥലങ്ങളാണ്.  ടാൻസാനിയയിലെ ഡി-കമ്പനിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഫിറോസ് ഒയാസിസ് എന്ന ദക്ഷിണേന്ത്യക്കാരനാണ്. റമീസിന് ഡി കമ്പനിയുമായുള്ള ബന്ധമുണ്ടെന്ന് ഞങ്ങൾ സംശയിക്കുന്നതായും എൻ.ഐ.എ ബോധിപ്പിച്ചു. ഒരു വശത്ത് സ്വർണ കള്ളക്കടത്ത് നടക്കുമ്പോൾ തന്നെയാണ് 2019 നവംബറിൽ 13 റൈഫിളുകൾ കള്ളക്കടത്ത് നടത്തിയതെന്നും എൻ.ഐ.എ ചൂണ്ടിക്കാട്ടി. കൈവെട്ട് കേസിൽ വെറുതെ വിട്ട പ്രതി മുഹമ്മദലിക്ക് ഐ.എസുമായും സിമിയുമായും ബന്ധമുള്ളതായും എൻ.ഐ.എ അവകാശപ്പെട്ടു. സിറിയയിലെ ഐ.എസ് അംഗങ്ങളുടെ വിവരങ്ങളടങ്ങിയ പത്ര കട്ടിങ്ങും മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്ത സിമിയുമായി ബന്ധപ്പെട്ട ശിക്ഷിക്കപ്പെട്ട പ്രതികളുടെ ഫോട്ടോയുൾപ്പെടുന്ന പത്ര കട്ടിങ് മൊബൈൽ ഫോണിൽ നിന്നു കണ്ടെത്തിയതായി എൻ.ഐ.എ വ്യക്തമാക്കി.   കൂടാതെ, പ്രധാന പ്രതി സ്വപ്‌നയുടെ മൊബൈൽ ഫോണിൽ നിന്ന് സാക്കിർ നായിക്കിന്റെ ഫോട്ടോയും വിദേശ, ഇന്ത്യൻ ഉൾപ്പെടെയുള്ള കറൻസികളുടെ ബണ്ടിലുകളുടെ ഫോട്ടോകളും കണ്ടെത്തിയതായും ഇതുസംബന്ധിച്ച് അന്വേഷണം ആവശ്യമാണെന്നും എൻ.ഐ.എ പറയുന്നു. ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും.  സ്വപ്‌നയും സരിത്തും സമർപ്പിച്ച ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. അതിനിടെ, രണ്ട് ദിവസമായി എൻ.ഐ.എ കസ്റ്റഡിയിൽ കഴിയുന്ന പി.ടി.അബ്ദു, മുഹമ്മദ് അലി, കെ.ടി.ഷറഫുദ്ദീൻ, മുഹമ്മദ് ഷഫീക്ക്, ഹംജദ് അലി എന്നിവരെ കോടതിയിൽ ഹാജരാക്കി.
അറേബ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും ദാവൂദ് ഇബ്രാഹിം നടത്തിയ പ്രവർത്തനങ്ങളെകുറിച്ചി പരാമർശിക്കുന്ന ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിന്റെ വിശകലനം എൻ.ഐ.എ കോടതിയിൽ ഹാജരാക്കി. ദാവൂദ് ആഫ്രിക്കയിലും അറേബ്യൻ രാജ്യങ്ങളിലും നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചു പരാമർശിക്കുന്ന യു.എസിന്റെ വസ്തുതാ വിവരണ പട്ടികയുടെ പകർപ്പും കോടതിയിൽ ഹാജരാക്കി.
 

Latest News