Sorry, you need to enable JavaScript to visit this website.

പോളണ്ടില്‍ ലോകയുദ്ധ കാലത്തെ 5000 കിലോ ബോംബ് വെള്ളത്തിനടിയില്‍ പൊട്ടിത്തെറിച്ചു, അപായമില്ല

വാര്‍സോ- രണ്ടാം ലോക മഹായുദ്ധ കാലത്തെ അയ്യായിരം കിലോ സ്‌ഫോടക വസ്തു പോളണ്ടിലെ ബാള്‍ട്ടിക് കടലിനടുത്ത നീര്‍ച്ചാലില്‍ പൊട്ടിത്തെറിച്ചു. ഇതു നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും അപായമില്ല. അപകടകരമായ നിര്‍വീര്യമക്കല്‍ പ്രക്രിയയ്ക്കു മുന്നോടിയായി നൂറുകണക്കിന് ആളുകളെ സമീപത്തു നിന്ന് ഒഴിപ്പിച്ചിരുന്നു. ഭൂകമ്പ ബോംബ് എന്നറിയപ്പെടുന്ന ടോള്‍ ബോയ് എന്ന വന്‍ സ്‌ഫോടക വസ്തു 1945ല്‍ നാസി യുദ്ധക്കപ്പല്‍ തകര്‍ക്കാനായി റോയര്‍ എയര്‍ ഫോഴ്‌സ് വിക്ഷേപിച്ചതായിരുന്നു. കനാലില്‍ വെള്ളത്തിനടയില്‍ 39 അടി താഴ്ചയില്‍ ഇതു പൊട്ടാതെ കിടക്കുന്നതായി കഴിഞ്ഞ വര്‍ഷമാണ് കണ്ടെത്തിയത്. വടക്കു പടിഞ്ഞാറന്‍ പോളണ്ടിലെ പ്രധാന തുറമുഖ നഗരമായ സ്വിനോയ്‌സിക്കടുത്ത് വെള്ളത്തിനടിയില്‍ മൂക്കു കുത്തി കിടക്കുന്ന നിലയിലായിരുന്നു ഇത്. ആറു മീറ്റര്‍ നീളമുള്ള ഈ ബോംബില്‍ 2.4 ടണ്‍ സ്‌ഫോടക വസ്തുക്കളും 3.6 ടണ്‍ ടിഎന്‍ടിയുമാണ് ഉണ്ടായിരുന്നത്. 

നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഇതു നിര്‍വീര്യമാക്കാനുള്ള സാധ്യതകളെ നാവിക സേന നേരത്തെ തള്ളിയിരുന്നു. സമീപത്ത പാലം തകര്‍ന്നേക്കുമെന്ന ആശങ്കയെ തുടര്‍ന്നായിരുന്നു ഇത്. തുടര്‍ന്ന് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ഒരു ഉപകരണത്തെ ബോംബിനുള്ളിലേക്ക് കടത്തി വിട്ട് സ്‌ഫോടക വസ്തുവിനെ കത്തിച്ചു കളയാന്‍ തീരുമാനിച്ചു. എന്നാല്‍ ഇതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. ഈ ശ്രമത്തില്‍ പങ്കെടുത്ത ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് നാവിക സേന അറിയിച്ചു.
 

Latest News