സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമെന്ന് എന്‍ഐഎ

കൊച്ചി- സ്വര്‍ണക്കടത്ത് കേസിലെ അഞ്ചാം പ്രതി കെ ടി റമീസിനും 13ാം പ്രതി ശറഫുദ്ധീനും അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതായി എന്‍ഐഎ കോടതിയില്‍. ഒരു കള്ളക്കടത്ത് കേസില്‍ ആദ്യമായി ഭീകരവിരുദ്ധ നിയമം ചുമത്തിയ കേസാണിത്. എന്നാല്‍ മൂന്നു മാസം പിന്നിട്ടിട്ടും എന്‍ഐഎയ്ക്ക് സ്വര്‍ണക്കടത്തിലെ ഭീകര ബന്ധത്തിന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് പ്രതികള്‍ക്ക് ദാവൂദ് സംഘവുമായി ബന്ധമുള്ളതായി സൂചന ലഭിച്ചിട്ടുണ്ടെന്നും ഇത് അന്വേഷിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും കോടതിയില്‍ പറഞ്ഞത്. കേസിലെ 10 പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്താണ് എന്‍ഐഎ വാദം. കേസില്‍ ഇന്നും വാദം കേള്‍ക്കല്‍ തുടരും. സാമ്പത്തിക കുറ്റകൃത്യം ഉള്‍പ്പെട്ട കേസില്‍ ഭീകരവിരുദ്ധ നിയമമായ യുഎപിഎ ചാര്‍ത്തിയത് റദ്ദാക്കണമെന്ന് പ്രതികള്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

റമീസും ശറഫുദ്ധീനും പലതവണ താന്‍സാനിയ സന്ദര്‍ശിക്കുകയും ദാവൂദ് സംഘത്തിലെ ഫിറോസ് ഒയാസിസ് എന്നയാളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എന്‍ഐഎ പറയുന്നു. നേരത്തെ റമീസ് റൈഫിളുകള്‍ കടത്തിയതിന് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ അറസ്റ്റിലായിരുന്ന കാര്യവും അന്വേഷണ ഏജന്‍സി ചൂണ്ടിക്കാട്ടി. ഷൂട്ടിങ് അസോസിയേഷന്‍ അംഗമണെന്നു വ്യക്തമാക്കി ഈ സംഭവത്തില്‍ റമീസ് പിഴയടച്ചിരുന്നു. 

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട അധ്യാപകന്റെ കൈവെട്ടിയ കേസില്‍ പ്രതിചേര്‍ക്കപ്പെടുകയും പിന്നീട് നിരപരാധിയെന്നു കണ്ട് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത മുഹമ്മദലിയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുമെന്നും ഇദ്ധേഹത്തിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും എന്‍ഐഎ കോടതിയില്‍ പറഞ്ഞു.
 

Latest News