ഒഡിഷയില്‍ രണ്ടു യുവാക്കള്‍ 22 ദിവസം ബന്ധിയാക്കി പീഡിപ്പിച്ച 15കാരിയെ രക്ഷപ്പെടുത്തി

കട്ടക്- ഒഡീഷയിലെ കട്ടക്കില്‍ രണ്ടു പേര്‍ ചേര്‍ന്ന് 22 ദിവസത്തോളം ബന്ധിയാക്കുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്ത 15കാരിയെ പോലീസ് രക്ഷപ്പെടുത്തി. കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ രണ്ടാം പ്രതിക്കു വേണ്ടിയുള്ള തിരച്ചില്‍ നടന്നു വരികയാണെന്ന് കട്ടക്ക് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രതീക് സിങ് അറിയിച്ചു.

ജഗത്‌സിങ്പൂര്‍ ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടി അച്ഛന്റെ മര്‍ദനം സഹിക്കവയ്യാതെയാണ് മൂന്നാഴ്ച മുമ്പ് കട്ടക്കിലെ സഹോദരിയുടെ വീട്ടിലെത്തിയത്. എന്നാല്‍ പെണ്‍കുട്ടിയെ കൂടുതല്‍ ദിവസം വീട്ടില്‍ താമസിപ്പിക്കുന്നതിനോട് സഹോദരി ഭര്‍ത്താവിന് എതിര്‍പ്പായിരുന്നു. വീട്ടിലേക്കു തിരിച്ചു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. സെപ്തംബര്‍ 20ന് തിരിച്ചു പോകാനിറങ്ങിയ പെണ്‍കുട്ടി നഗരത്തില്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ പ്രതികളിലൊരാള്‍ തന്ത്രപൂര്‍വം സൗഹൃദം സ്ഥാപിച്ച് വീട്ടിലെത്തിക്കാമെന്ന വ്യാജേന സുഹൃത്തിന്റെ ഫാം ഹൗസിലെത്തിക്കുകയായിരുന്നു. സന്തോഷ് ബെഹറ എന്ന പ്രതിയാണ് പെണ്‍കുട്ടിയെ രാക എന്ന സുഹൃത്തിന്റെ ഫാം ഹൗസിലെത്തിച്ചത്. ഇവിടെ ബന്ധിയാക്കിയ പെണ്‍കുട്ടിയെ ഇരുവരും നിരന്തരം ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. വിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ കൊല്ലുമെന്നും വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. 

പ്രദേശത്തെ സെക്‌സ് റാക്കറ്റിനെ കുറിച്ച് രഹസ്യ വിവരം ലഭിച്ച പോലീസ് ഒക്ടോബര്‍ 12ന് നടത്തിയ റെയ്ഡിനിടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടി മാനസികമായും ശാരീരികമായും തളര്‍ന്നിരുന്നതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തേയും കട്ടക്കിലെ സഹോദരിയേയും പോലീസ് വിവരമറിയിച്ചു.
 

Latest News