Sorry, you need to enable JavaScript to visit this website.

സജ്‌നയുടെ കണ്ണീരിന് കൈത്താങ്ങായി ജയസൂര്യയെത്തി

കൊച്ചി-കോവിഡ് കാലത്തെ ജീവിതമാര്‍ഗമായി തുടങ്ങിയ ബിരിയാണി വില്‍പ്പന ചിലര്‍ തടസപ്പെടുത്തുന്നു എന്നാരോപിച്ച് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ എത്തി പൊട്ടിക്കരഞ്ഞ ട്രാന്‍സ്ജന്‍ഡര്‍ സംരംഭക സജ്‌നയ്ക്ക് സഹായവുമായി നടന്‍ ജയസൂര്യ. സജ്‌നയ്ക്ക് ബിരിയാണി കട തുടങ്ങുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കുമെന്ന് നടന്‍ ജയസൂര്യ അറിയിച്ചു.കഴിഞ്ഞ ദിവസമായിരുന്നു താന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഫേസ്ബുക്ക് ലൈവിലൂടെ സജ്‌ന ഷാജി അവതരിപ്പിച്ചത്. പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു ബിരിയാണി വില്‍ക്കുവാന്‍ തന്നെ ചിലര്‍ അനുവദിക്കുന്നില്ലെന്ന് സജ്‌ന പറഞ്ഞത്. 'ആണും പെണ്ണും കെട്ടവരെന്ന് അധിക്ഷേപിക്കുന്നു. കഷ്ടപ്പെട്ട് പണിയെടുത്താണ് ജീവിക്കുന്നത്. എന്നാല്‍ അതിനും ചിലര്‍ സമ്മതിക്കുന്നില്ല' കണ്ണീരോടെ സജ്‌ന ഷാജി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത് ഇങ്ങനെ.
വില്‍പ്പനയ്ക്കായി 150 ബിരിയാണിയും 20 ഊണും ആയിരുന്നു എത്തിച്ചിരുന്നത്. എന്നാല്‍, അതില്‍ 20 ബിരിയാണി മാത്രമാണ് വിറ്റത്. സമീപത്തു തന്നെ ബിരിയാണി കച്ചവടം നടത്തുന്ന ചിലര്‍ തന്റെ ബിരിയാണി വില്‍പനയെ തടസപെടുത്തുകയാണെന്നും സജ്‌ന പറഞ്ഞിരുന്നു. ഇവരുടെ നിര്‍ദ്ദേശപ്രകാരം ഫുഡ് ഇന്‍സ്‌പെക്ടറെന്ന വ്യാജേന എത്തിയ ചിലര്‍ ബിരിയാണി വാങ്ങാന്‍ വരുന്നവര്‍ക്കു മുന്നില്‍ വെച്ച് തന്നെ അധിക്ഷേപിക്കുകയും ബിരിയാണി കച്ചവടം നടത്താന്‍ ലൈസന്‍സ് ഉണ്ടോ എന്നടക്കമുള്ള കാര്യങ്ങള്‍ ചോദിക്കുകയും ചെയ്തതായും സജ്‌ന പറഞ്ഞിരുന്നു.ഫുഡ് ആന്‍ഡ് സേഫ്റ്റിയില്‍ നിന്നടക്കം ലൈസന്‍സ് എടുത്തു കൊണ്ടായിരുന്നു സജ്‌ന ബിരിയാണി വില്‍പ്പന ആരംഭിച്ചത്. എന്നാല്‍, ചില ആളുകള്‍ ഇവരുടെ ഉപജീവനമാര്‍ഗം തടയുകയായിരുന്നു. പരാതിയുമായി പൊലീസ് സ്‌റ്റേഷനില്‍ സമീപിച്ചുവെങ്കിലും ബിരിയാണി വിറ്റുതരാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നായിരുന്നു പൊലീസിന്റെ മറുപടിയെന്നും സജ്‌ന പറയുന്നു.
അതേസമയം, സജ്‌നയ്ക്ക് പിന്തുണയുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ രംഗത്തെത്തി. സജ്‌നയെ ഫോണില്‍ വിളിച്ച ശൈലജ ടീച്ചര്‍ സജ്‌നയ്ക്ക് ആവശ്യമായ സഹായവും സുരക്ഷയും നല്‍കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. സജ്‌നയ്ക്ക് എതിരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ ആക്രമണത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടെന്നും സജ്‌നയെ ഫോണില്‍ വിളിച്ച് സംസാരിച്ചെന്നും ആരോഗ്യമന്ത്രി അറിയിച്ചു. സജ്‌നയ്ക്ക് ഇക്കാര്യത്തില്‍ പൊലീസ് സുരക്ഷ ഉറപ്പുവരുത്തും. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. സജ്‌നയ്ക്ക് അടിയന്തിര സാമ്പത്തികസഹായം നല്‍കുമെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ ശൈലജ ടീച്ചര്‍ അറിയിച്ചിരുന്നു.
 

Latest News