Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് വീണ്ടും ചുരുങ്ങുമെന്ന് ഐഎംഎഫ്

ന്യൂദല്‍ഹി- ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 10.3% ചുരുങ്ങുമെന്ന് രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്) പ്രവചനം. 4.5% ചുരുങ്ങുമെന്നായിരുന്നു ജൂണിലെ പ്രവചനം. എന്നാല്‍ രാജ്യത്തുടനീളം ഏര്‍പ്പെടുത്തിയ ലോക്ഡൗണും കോവിഡിന്റെ ദ്രുതഗതിയിലുള്ള വ്യാപനവും കാരണം പ്രതീക്ഷിച്ചതിലും മോശമായിരിക്കും സാമ്പത്തിക രംഗത്തെ മുരടിപ്പെന്നും ഐഎംഎഫ് കണക്കുകള്‍ പറയുന്നു. വളര്‍ന്നു വരുന്ന വിപണികളിലും വികസ്വര സാമ്പത്തിക മേഖലകളിലും ഈ വര്‍ഷം വളര്‍ച്ച ചുരുങ്ങുമെന്ന് ഐഎംഎഫ് പുറത്തിറക്കിയ ദ്വിവാര്‍ഷിക വേള്‍ഡ് ഇക്കണൊമിക് ഔട്ട്‌ലുക്ക് റിപോര്‍ട്ട് പറയുന്നു. രണ്ടാം പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച പ്രതീക്ഷിച്ചതിലും ഉപരിയായി ചുരുങ്ങി. 2020ല്‍ 10.3% ചുരുങ്ങുന്ന സമ്പദ് വ്യവസ്ഥ 2021ല്‍ 8.8% വളര്‍ച്ചയോടെ തിരിച്ചുവരുമെന്നും റിപോര്‍ട്ട് പറയുന്നു.

ഉയര്‍ന്ന കടബാധ്യതയും കടമെടുക്കല്‍ ചെലവും താങ്ങേണ്ടി വരുന്ന വികസ്വര രാജ്യങ്ങള്‍ ചുരുങ്ങിയ വിഭവങ്ങളുമായാണ് നിലവിലെ പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്നതെന്ന് ഐഎംഎഫ് ചീഫ് ഇക്കണൊമിസ്റ്റ് ഗീതാ ഗോപിനാഥ് പറഞ്ഞു. ഈ രാജ്യങ്ങള്‍ ആരോഗ്യ ചെലവുകള്‍ക്ക് മുന്‍ഗണന നല്‍കുകയും ദരിദ്ര വിഭാഗങ്ങളിലേക്ക് ഫലം എത്തിക്കുകയും ചെയ്ത് പരമവധി കാര്യക്ഷമത ഉറപ്പാക്കണമെന്നും ഗീത പറഞ്ഞു.
 

Latest News