ജീവിച്ചിരിക്കുന്നവരുടെ ഫ്‌ളക്‌സ് വേണ്ടെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ- ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ഫോട്ടോകളും ചിത്രങ്ങളും ബാനറുകളില്‍ ഉപയോഗിക്കുന്നത് തടയണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്നാട് സര്‍ക്കാരിന് നിര്‍ദേശം നല്‍കി.  ബാനറുകളും ഫ്ളക്സ് ബോര്‍ഡുകളും സൈന്‍ ബോര്‍ഡുളും സ്ഥാപിക്കാന്‍ അനുതി നല്‍കുകയാണെങ്കില്‍ അവയില്‍ ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ചിത്രം ഇല്ലെന്ന് ബന്ധപ്പെട്ട അധികാരികള്‍ ഉറപ്പു വരുത്തണമെന്നാണ് സംസ്ഥാന ചീഫ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടത്.
 
തന്റെ ഭൂമിക്കു മുന്നില്‍ സ്ഥാപിച്ച ബാനറുകളും ബോര്‍ഡുകളും നീക്കം ചെയ്യാന്‍ ചെന്നൈ കോര്‍പറോഷനോടും സിറ്റി കമ്മീഷണറോടും നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് റാണി അണ്ണാ നഗര്‍ സ്വദേശിനിയായ ബി തിരുലോചന കുമാരി സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എസ് വൈദ്യനാഥന്‍ ബാനറുകളിലെ ചിത്രങ്ങള്‍ വിലക്കിയത്.
തന്റെ വീടിനു സമീപം സ്ഥാപിച്ച പാര്‍ട്ടി പതാക നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും ഹരജിക്കാരി ചൂണ്ടിക്കാട്ടി. പാര്‍ട്ടി പതാക മാറ്റിയ അവിടെ വലിയ സൈന്‍ബോര്‍ഡും മറ്റൊരു പതാകയും നാട്ടിയെന്നും അവര്‍ പറഞ്ഞു.
 
പരാതിയുമായി പോലീസിനെ സമീപിച്ചപ്പോള്‍ തനിക്കെതിരെ കേസെടുപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തിരുലോചന ചൂണ്ടിക്കാട്ടി. ഇവരുടെ വീട്ടിനു മുമ്പില്‍ സ്ഥാപിച്ച് ബോര്‍ഡുകളും പതാകകളും നീക്കം ചെയ്യുമെന്ന് കോര്‍പറേഷനും പോലീസും കോടതിയില്‍ അറിയിച്ചു.
പൊതു സ്ഥലം സംരക്ഷിക്കുന്നതിനുള്ള 1959-ലെ നിയമത്തിലെ വകുപ്പുകള്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും കോടതി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ബാനറുകളിലും ബോര്‍ഡുകളിലും ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങള്‍ പാടില്ലെന്ന നിര്‍ദേശം ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപാലിറ്റി, കോര്‍പറേഷന്‍ തുടങ്ങി ബന്ധപ്പെട്ട എല്ലാ അധികാരികള്‍ക്കും സര്‍ക്കുലര്‍ ആയി അയക്കണമെന്നും കോടതി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
 
 

Latest News