Sorry, you need to enable JavaScript to visit this website.

നീതിയ്ക്ക് വേണ്ടി വീണ്ടും സീമ; ഇനിയുള്ള പോരാട്ടം ഹത്രാസിലെ  മകള്‍ക്ക് വേണ്ടി

ന്യൂദല്‍ഹി-ഹത്‌റാസിലെ പെണ്‍കുട്ടിയുടെ നീതിയ്ക്ക് വേണ്ടി പോരാടാന്‍ മുന്നിട്ടിറങ്ങി സീമ. നിര്‍ഭയയ്ക്കു വേണ്ടി നീണ്ട പോരാട്ടത്തിനിറങ്ങിയ അതേ ധീര വനിതയാണ് ഹത്രാസിലെ പെണ്‍കുട്ടിയ്ക്കു വേണ്ടിയും നിയമ പോരാട്ടത്തിനിറങ്ങുന്നത്. ഏഴു വര്‍ഷമാണ് കോടതി മുറിയില്‍ നിര്‍ഭയയ്ക്കായി അവര്‍ പോരാടിയത്. എല്ലാം വെല്ലുവിളികളും നേരിട്ട് തളരാതെ അവര്‍ നിര്‍ഭയയ്ക്ക് വേണ്ടി സംസാരിച്ചു. പ്രതികളെ തൂക്കിലേറ്റുന്നത് വരെ ഒരിഞ്ച് പോലും അവര്‍ പിന്മാറിയില്ല.ഹത്‌റാസിലെ മകള്‍ക്കു വേണ്ടിയും വാദിക്കുന്നത് സീമ കുശ്വാഹയാണ്. ഇന്നലെ അലഹബാദ് ഹൈക്കോടതിയിലെ പ്രത്യേക ലക്‌നൗ ബെഞ്ചിനു മുന്നില്‍ ഹത്രസിലെ കുടുംബത്തിനു വേണ്ടി സീമ വാദിച്ചു തുടങ്ങി. കേസ് യുപിക്ക് പുറത്തേക്ക് മാറ്റണമെന്നും സിബിഐ റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കണമെന്നും സീമ കോടതിയില്‍ ആവശ്യപ്പെട്ടു. അതിനൊപ്പം പെണ്‍കുട്ടിയുടെ കുടുംബത്തിന് ശക്തമായ സുരക്ഷ ഉറപ്പാക്കണമെന്നും കോടതിയെ അറിയിച്ചു.
കഴിഞ്ഞ മാസം പതിനാലാം തീയതിയായിരുന്നു ഹത്‌റാസില്‍ പെണ്‍കുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കിയത്. രണ്ടാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയിലെ സഫദര്‍ജംഗ് ആശുപത്രിയില്‍ പെണ്‍കുട്ടി മരണപ്പെട്ടു. പെണ്‍കുട്ടിയെ മൃതദേഹം തിടുക്കപ്പെട്ട് ദഹിപ്പിച്ച പൊലീസിന്റെ നടപടി ഉള്‍പ്പെടെ നിരവധി പ്രതിഷേധത്തിന് കാരണമായിരുന്നു. കേസില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. പെണ്‍കുട്ടിയുടെ ആന്തരിക അവയവങ്ങളുടെ ശാസ്ത്രീയ അന്വേഷണം അടക്കം സിബിഐ വീണ്ടും നടത്തും. പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി വാദിക്കാന്‍ സീമ കശ്വാഹയും മുന്നിട്ടിറങ്ങി. ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലെ ഉര്‍ഗപുരില്‍ ബാലാദിന്‍ കുശ്വാഹിന്റെയും റാംകുആര്‍നി കുശ്വാഹയുടെയും മകളായി 1982 ജനുവരി പത്തിനാണ് സീമ സമൃദ്ധി കുശ്വാഹയുടെ ജനനം. കാന്‍പുര്‍ സര്‍വകലാശാലയില്‍ നിന്ന് 2005 എല്‍എല്‍ബി ബിരുദം കരസ്ഥമാക്കി. ഉത്തര്‍പ്രദേശിലെ രാജര്‍ഷി ടന്‍ഡന്‍ വിദൂര സര്‍വകലാശാലയില്‍ നിന്ന് മാധ്യമപ്രവര്‍ത്തനത്തിലും ബിരുദം നേടിയിട്ടുണ്ട്. 2014 മുതല്‍ സുപ്രീം കോടതി അഭിഭാഷകയാണ്.
 

Latest News